Daily Saints. - April 2024

April 16: വിശുദ്ധ ബെര്‍ണാഡെറ്റെ

സ്വന്തം ലേഖകന്‍ 16-04-2024 - Tuesday

സൗബിറൗസ് എന്ന ദരിദ്രനായ ഒരു മില്ലുടമയുടെ മൂത്ത മകളായിരുന്നു മേരി ബെര്‍ണാര്‍ഡെ (ബെര്‍ണാഡെറ്റെ). ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു!

വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച് ഒരു യുവതി. ആ സ്ത്രീ, ബെര്‍ണാഡെറ്റെയോട് ഏറെ നേരം സംസാരിച്ചു. കൂടാതെ വിസ്മൃതിയിലായ ഒരു ജലധാര വിശുദ്ധയെ കാണിക്കുകയും, അവളുടെ കൂടെ ഏറെ നേരം പ്രാര്‍ത്ഥിക്കുകയും, അനുതപിക്കുകയും ചെയ്തു. ക്രമേണ ആ മഹതി ‘ജന്മപാപരഹിതമായ വിശുദ്ധ ഗര്‍ഭവതിയായവള്‍’ എന്ന തലക്കെട്ടോടുകൂടി താന്‍ കന്യകാ മറിയമാണെന്ന സത്യം അവളോടു വെളിപ്പെടുത്തി.

1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെ ഈ ദര്‍ശനം തുടര്‍ന്നു. 18 പ്രാവശ്യത്തോളമാണ് പരിശുദ്ധ അമ്മ അവള്‍ക്ക് ദര്‍ശനം നല്കിയത്. ഈ സംഭവങ്ങളില്‍ ചിലത് സംഭവിക്കുമ്പോള്‍ അവള്‍ക്കു പുറമേ നിരവധി ആളുകള്‍ അവിടെ സന്നിഹിതരായിരുന്നു. പക്ഷെ അവരാരും മാതാവിനെ കാണുകയോ, മാതാവിന്റെ സംസാരം കേള്‍ക്കുകയോ ചെയ്തില്ല, അവിടെ യാതൊരു ക്രമഭംഗമോ, അമിതമായ വികാര പ്രകടനങ്ങളോ ഉണ്ടായിരുന്നില്ല.

ആ ജില്ലയില്‍ വ്യാജ ദാര്‍ശനികന്‍മാര്‍ ഏറെയുള്ള കാലഘട്ടമായിരിന്നു അത്. അതിനാല്‍ തന്നെ സഭാഅധികാരികള്‍ വിശുദ്ധയുടെ അനുഭവങ്ങളെ അത്ര ഗൗരവത്തോടുകൂടി കണ്ടിരുന്നില്ല. കുറച്ച് കാലങ്ങളോളം ചിലയാളുകള്‍ അവളെ സംശയദൃഷ്ടിയോട് കൂടി വീക്ഷിക്കുകയും, അവിശ്വസിക്കുകയും ചെയ്തു. മറ്റ് ചിലരാകട്ടെ ഏറെ ആകാംക്ഷയോടെ അവളെ ശ്രദ്ധിക്കുകയും ചെയ്തു;

1866-ല്‍ അവള്‍ നെവേര്‍സിലുള്ള ‘സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനീസഭയില്‍ ചേര്‍ന്നു. അപ്പോഴേക്കും വിശുദ്ധ ആസ്തമായുടെ പിടിയിലായികഴിഞ്ഞിരുന്നു. “ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ട് പോകുന്നു” എന്ന്‍ അവള്‍ എപ്പോഴും പറയുമായിരുന്നു. “അതെന്താണ്?” എന്ന ചോദ്യത്തിന് " എപ്പോഴും രോഗിയായിരിക്കുക” എന്നതായിരുന്നു വിശുദ്ധയുടെ മറുപടി. അപ്രകാരം സ്വയം ത്യാഗത്തിന്റേതായ ജീവിതം നയിച്ചു പോന്ന വിശുദ്ധ തന്റെ 35-മത്തെ വയസ്സില്‍ മരണപ്പെട്ടു.

ലൂര്‍ദിലെ അത്ഭുദങ്ങളില്‍ ഒന്നും വിശുദ്ധ ബെര്‍ണാഡെറ്റെ പങ്കാളിയായിരുന്നില്ല; അവളുടെ ദര്‍ശനങ്ങളുടെ ഫലമായിട്ടല്ലായിരുന്നു അവള്‍ക്ക്‌ വിശുദ്ധ പദവി ലഭിച്ചത്. മറിച്ച് വിനീതമായ ലാളിത്യവും, ജിവിതകാലം മുഴുവനും പുലര്‍ത്തിയിരുന്ന മതപരമായ വിശ്വസ്തതയും മൂലമാണ് അവള്‍ വിശുദ്ധയാക്കപ്പെട്ടതെന്ന്‍ ചരിത്രകാരന്മാര്‍ പറയുന്നു.

ഗേവ് ആ ഗുഹയില്‍ വെച്ചുണ്ടായ രോഗശാന്തികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു തുടങ്ങി. കൂടുതല്‍ പ്രചരിക്കുന്തോറും കൂടുതല്‍ ജനങ്ങള്‍ ആ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ കടന്നു വരാന്‍ തുടങ്ങി. ഇതിനിടെ ലൂര്‍ദ്ദിലെ മാതാവിന്റെ മാധ്യസ്ഥതയില്‍ നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ മൂലം 'കന്യകാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് (Apparition of the Immaculate Virgin Mary)' ഓര്‍മ്മതിരുനാള്‍ സ്ഥാപിക്കുവാന്‍ തിരുസഭയെ പ്രേരിപ്പിച്ചു.

അധികം താമസിയാതെ അവിടെ ഒരു ചെറിയ ദേവാലയം ഉയര്‍ന്നു. അന്ന് മുതല്‍ ആയിരകണക്കിന് തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവാനും, പലവിധ നിയോഗങ്ങള്‍ക്കുമായി അവിടം സന്ദര്‍ശിക്കുവാന്‍ തുടങ്ങി.

ഇതര വിശുദ്ധര്‍

1. ബെര്‍ണഡെറ്റ് സുബിറു

2. സരഗോസായിലെ സെസീലിയന്‍

3. സരഗോസായിലെ കായൂസും ക്രെമെന്‍സിയൂസും

4. കല്ലിസ്റ്റസും കരിസീയൂസും

5. ഇറ്റലിയിലെ എസ്തെയിലെ കൊണ്ടാര്‍ഡോ

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »