Arts

കാത്തിരിപ്പിന് വിരാമം: ഷെക്കെയ്ന ടെലിവിഷൻ ഇന്നുമുതൽ പൂർണ്ണ സംപ്രേക്ഷണത്തിലേക്ക്

സ്വന്തം ലേഖകൻ 07-10-2019 - Monday

തൃശൂർ: മലയാള ദൃശ്യ മാധ്യമ രംഗത്ത് പുതിയ ചരിത്രം രചിക്കാൻ ശ്രദ്ധേയമായ പരിപാടികളും വാർത്താധിഷ്ഠിത പ്രോ6ഗ്രാമുകളുമായി ഷെക്കെയ്ന ടെലിവിഷൻ ഇന്നുമുതൽ പൂർണ്ണ സംപ്രേക്ഷണത്തിലേക്ക്. ജപമാല രാജ്ഞിയുടെ തിരുനാൾ ദിനത്തിലാണ് ചാനൽ സമ്പൂർണ്ണ സംപ്രേക്ഷണത്തിലേക്ക് കടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ന് വൈകീട്ട് 6.30നാണ് ചാനൽ സമ്പൂർണ്ണ സംപ്രേഷണത്തിലേക്ക് കടക്കുക. ഏഴുമണിക്ക് ആഗോള ദേശീയ പ്രാദേശിക വാർത്തകൾ ഉൾക്കൊള്ളിച്ചു കൊണ്ട് വാർത്ത ബുള്ളറ്റിൻ 'ഷെക്കെയ്ന പ്രൈം', ഉന്നത ജോലിയും പദവിയും ഉപേക്ഷിച്ചു വൈദിക സമർപ്പിത ജീവിതത്തെ പുണർന്ന വ്യക്തികളുടെ ജീവിതാനുഭവം 'യെസ് ലോർഡ്', ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹ്യ വിഷയങ്ങൾ ക്രിയാത്മകമായി അവലോകനം ചെയ്യുന്ന 'ബിഗ് ബുക്ക്', ആഗോള കത്തോലിക്ക സഭയുടെ ചലനങ്ങൾ പൂർണ്ണമായും ഒപ്പിയെടുക്കുന്ന 'ചർച്ച് ടുഡേ', മുൻ കാലങ്ങളിൽ നടന്ന സംഭവങ്ങൾ പുനരാവിഷ്ക്കരിച്ചു കൊണ്ടുളള 'അന്നീ നാളിൽ' തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ ഇന്ന് ചാനലിൽ സംപ്രേക്ഷണം ചെയ്യും. ഇതിനെല്ലാം പുറമെ ഓരോ മണിക്കൂറിലെയും പ്രധാന വാർത്തകൾ ഉടനടി ജനങ്ങളിലേക്ക് എത്തിക്കുവാൻ 'ഷെക്കെയ്ന ബ്രെക്ക്' ഓരോ മണിക്കൂറും ഇടവിട്ട് സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

പരീക്ഷ സംപ്രേക്ഷണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വാർത്ത ബുള്ളറ്റിനുകൾ മാത്രമായിരുന്നു ചാനലിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിന്നത്. മുന്നോട്ടുള്ള ദിവസങ്ങളിൽ ചർച്ച് ബീറ്റ്‌സ്, റേമ, വിവ ജെസു, യുആർ ചൂസൻ, മറിയം കാലത്തിന്റെ അടയാളം, 100% ജീസസ്, ബിയോണ്ട് ദി ന്യൂസ്, രക്ഷകന്റെ മിഷൻ, ഇന്ത്യ ഫസ്റ്റ്, വേൾഡ് ക്ളോക്ക്, കർത്താവിന്റെ വചനം, വിശുദ്ധിയുടെ ആനന്ദം, വത്തിക്കാൻ ഡയറി, സത്യാന്വേഷി, റൂഹ എലോഹിം, ലിദിയ, ദയാസാഗർ, വാച്ച് ആൻഡ് പ്രേ, ഇന്ത്യ ഫസ്റ്റ് തുടങ്ങിയ വ്യത്യസ്തവും ആകർഷകവുമായ പരിപാടികൾ ജനങ്ങളിലേക്ക് എത്തും.

ഇതോടൊപ്പം ഒക്ടോബർ 13നു നടക്കുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ വത്തിക്കാനിൽ നിന്നുള്ള തത്സമയ സംപ്രേക്ഷണവും ഷെക്കെയ്ന ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

കേരള വിഷൻ കേബിൾ നെറ്റ്‌വർക്കിൽ 512 നമ്പറിലാണ് ചാനൽ ലഭിക്കുക. വരും മാസങ്ങളിൽ വിവിധ ഡിറ്റിഎച്ച് ഓപ്പറേറ്റർമാരും ചാനൽ ലഭ്യമാക്കും. പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ സന്തോഷ് കരുമത്രയുടെ നേതൃത്വത്തിൽ ആരംഭിച്ച ചാനൽ തൃശൂരിലെ പട്ടിക്കാട് ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.


Related Articles »