Youth Zone - 2024

ഫിലിപ്പീന്‍സിലെ ജപമാലയത്നത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അമൂല്യ സമ്മാനം

സ്വന്തം ലേഖകന്‍ 16-10-2019 - Wednesday

മനില, ഫിലിപ്പീന്‍സ്: ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഐക്യവും, സമാധാനവും പുലരുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അന്താരാഷ്ട്ര കത്തോലിക്ക സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌ വീണ്ടും രംഗത്ത്. വര്‍ഷംതോറും സംഘടിപ്പിച്ചു വരുന്ന 'ഐക്യത്തിനും സമാധാനത്തിനുമായി ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍' എന്ന ജപമാല പ്രചാരണ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷത്തെ ജപമാലയത്നത്തില്‍ പങ്കെടുക്കുന്ന ഫിലിപ്പീനോ കുട്ടികള്‍ക്ക് നല്‍കുന്ന സമ്മാനം ശ്രദ്ധേയമാണ്. ഫ്രാന്‍സിസ് പാപ്പ വെഞ്ചരിച്ച ജപമാലകളാണ് കുട്ടികള്‍ക്ക് സമ്മാനിക്കുക.

ഒക്ടോബര്‍ 25-ന് മകാടി നഗരത്തിലെ ഡോണ്‍ബോസ്കോ ടെക്നിക്കല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ജപമാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കായിരിക്കും പാപ്പയാല്‍ വെഞ്ചരിക്കപ്പെട്ട ജപമാലകള്‍ ലഭിക്കുകയെന്ന്‍ എ.സി.എന്‍ ഫിലിപ്പീന്‍സ് നാഷ്ണല്‍ ഡയറക്ടറായ ജോനാഥന്‍ ലൂസിയാനോ പറഞ്ഞു. ഫിലിപ്പീന്‍സിലെ അപ്പസ്തോലിക പ്രതിനിധിയായ ആര്‍ച്ച് ബിഷപ്പ് ഗബ്രിയേല കാസിയാ ഡോണ്‍ബോസ്കോയിലെ ടെക്നിക്കല്‍ സ്കൂളിലെ ജപമാല നയിക്കുകയെന്നും പരിശുദ്ധ പിതാവ് വെഞ്ചരിച്ച 200-300 വരെ ജപമാലകളാണ് വിതരണം ചെയ്യുന്നതെന്നും ജോനാഥന്‍ അറിയിച്ചു.

ഫിലിപ്പീന്‍സിലെ നാല്‍പ്പതോളം രൂപതകളിലെ സ്കൂളുകളും ഇടവകകളും “ജപമാല ചൊല്ലുന്ന പത്തുലക്ഷം കുട്ടികള്‍” പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മറ്റുള്ള സ്കൂളുകള്‍ ഒക്ടോബര്‍ 18ന് രാവിലെ 9 മണിക്കാണ് ജപമാലകള്‍ സംഘടിപ്പിക്കുന്നതെങ്കിലും, കാസിയോ മെത്രാപ്പോലീത്ത ലഭ്യമല്ലാത്തതിനാലാണ് ഡോണ്‍ബോസ്കോ സ്കൂളിലെ പരിപാടി 25-ലേക്ക് മാറ്റിയത്. കത്തോലിക്കാ വിശ്വാസ പാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ജപമാലയോടുള്ള കുടുംബങ്ങളുടേയും, കുട്ടികളുടേയും ഭക്തി വര്‍ദ്ധിപ്പിക്കുന്നതിന് ഈ പരിപാടി കാരണമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

കുട്ടികള്‍ ദിവസവും ജപമാല സ്കൂളില്‍ കൊണ്ടുവരുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധാരണ പ്രേഷിതമാസമായ ഒക്ടോബറില്‍ ലോകമെങ്ങുമുള്ള പ്രേഷിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനത്തോടുള്ള പ്രതികരണം കൂടിയാണ് ഫിലിപ്പീന്‍സിലെ ഈ വര്‍ഷത്തെ ജപമാല പരിപാടിയെന്നും എ.സി.എന്‍ ഫിലിപ്പീന്‍സ് അറിയിച്ചിട്ടുണ്ട്. എസിഎന്‍ ജപമാല പ്രചാരണ പരമ്പരയിലെ പതിനാലാമത് പരിപാടിയാണ് വരുന്ന ഒക്ടോബര്‍ 18ന് നടക്കുക.


Related Articles »