Youth Zone - 2024
അനാഥ ബാല്യങ്ങളുടെ കണ്ണീരൊപ്പുവാന്‍ 'പാപ്പയുടെ ഹാര്‍ലി'ക്കു ലഭിച്ചത് 42,000 പൗണ്ട്
സ്വന്തം ലേഖകന്‍ 22-10-2019 - Tuesday
വത്തിക്കാന്‍ സിറ്റി: ഉഗാണ്ടയിലെ അനാഥ ബാല്യങ്ങളുടെ കണ്ണീരൊപ്പുവാന്‍ ‘ഹോളി ഡേവിഡ്സണ്‍’ എന്ന വിശേഷണത്തോടെ അന്താരാഷ്ട്ര ഓക്ഷന്‍ സ്ഥാപനമായ ബോണ്‍ഹാംസ് ലേലത്തിനുവെച്ച 'ഫ്രാന്‍സിസ് പാപ്പയുടെ ഹാര്‍ലി ഡേവിഡ്സണ്‍' ബൈക്ക് സ്റ്റാന്‍ഡ്ഫോര്‍ഡില്‍ നടന്ന ലേലത്തില്‍ 42,000 പൗണ്ട് നേടി. ഉഗാണ്ടയിലെ അനാഥരായ കുട്ടികള്‍ക്ക് സ്കൂളും അനാഥാലയവും നിര്‍മ്മിക്കുന്നതിനു വേണ്ടിയാണ് പാപ്പയ്ക്ക് സമ്മാനമായി ലഭിച്ച ഈ ആഡംബര ബൈക്ക് ലേലത്തില്‍ വെച്ചത്. മുള്‍കിരീടത്തിന്റെ ചിത്രവും, സ്വര്‍ണ്ണം പൂശിയ കുരിശും ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പുമാണ് ബൈക്കിന്റെ പ്രത്യേകതകള്‍.
ഇക്കഴിഞ്ഞ ജൂലൈ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടന്ന ചടങ്ങില്‍വെച്ചാണ് ഹാര്‍ലി ഡേവിഡ്സന്റെ ഏറ്റവും പുതിയ മോഡലായ 1570CC മെക്സിക്കന്‍ അമേരിക്കന്‍ ശൈലിയിലുള്ള പിയര്‍സെന്റ് വൈറ്റ് ബൈക്ക് ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനമായി ലഭിച്ചത്. ഓസ്ട്രിയയിലെ ജീസസ് ബൈക്കേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകനായ ഡോ. തോമസ് ഡ്രാക്സ്ലറിന്റെ നിര്‍ദ്ദേശപ്രകാരം ഹാര്‍ലി ഡേവിഡ്സന്‍ ഡീലര്‍ വൊര്‍സ്ബര്‍ഗ് വില്ലേജ്, ജീസസ് ബൈക്കേഴ്സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിന്നീട് ഇത് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിക്ക് കൈമാറുകയായിരുന്നു.
‘വൈറ്റ് യുണീക്’ എന്നും അറിയപ്പെടുന്ന ഈ ബൈക്ക് ഏതാണ്ട് 50,000 മുതല്‍ 1,00,000 പൗണ്ട് വരെ നേടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിനും മുന്‍പും ഫ്രാന്‍സിസ് പാപ്പ തനിക്ക് സമ്മാനമായി ലഭിച്ച വാഹനങ്ങളും ഇതര വസ്തുക്കളും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലേലം ചെയ്തിട്ടുണ്ട്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പക്ക് സമ്മാനമായി ലഭിച്ച മറ്റൊരു ബൈക്ക് 2,08,399 പൗണ്ടിനാണ് ലേലത്തില്‍ പോയത്. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് പാപ്പക്ക് ലോകോത്തര സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി സമ്മാനിച്ച ലംബോര്‍ഗിനി ഹുറാകാന്‍ കാര്‍ ലേലം ചെയ്ത തുകയും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായിട്ടാണ് ചിലവഴിച്ചത്.