News - 2026
പീയൂസ് പന്ത്രണ്ടാമന് പാപ്പായുടെ 150-ാം ജന്മവാർഷികം; റോമിൽ ഇന്നു അനുസ്മരണം
പ്രവാചകശബ്ദം 02-03-2026 - Monday
വത്തിക്കാന്‍ സിറ്റി: പീയൂസ് പന്ത്രണ്ടാമന് പാപ്പായുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, റോമിൽ ഇന്നു മാർച്ച് 2ന് അനുസ്മരണ പരിപാടി നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) വൈകുന്നേരം 5 മണിക്ക് റോമിലെ, വല്ലിചെല്ല പരിശുദ്ധമറിയത്തിന്റെ നാമത്തിലുള്ള ഇടവക ദേവാലയത്തിൽവെച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പീയൂസ് പാപ്പായുടെ ജീവിതത്തെ കേന്ദ്രമാക്കി വിവിധ വിഷയങ്ങളിൽ, പ്രബന്ധങ്ങൾ അവതരിപ്പിക്കും. പ്രാദേശിക സമയം വൈകുന്നേരം ഏഴുമണിക്ക് വിശുദ്ധ ബലിയും അർപ്പിക്കും. 1876 മാർച്ച് 2നാണ് പാപ്പയുടെ ജനനം.
മനുഷ്യവ്യക്തിയുടെ അവകാശങ്ങളും ഔന്നിത്യവും അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, കുടുംബത്തിന്റെ കേന്ദ്രസ്ഥാനം ഉറപ്പിക്കുക, തൊഴിലിന്റെ മഹാത്മ്യം അംഗീകരിക്കുകയും തൊഴിലാളികള്‍ക്കു് നീതിപൂര്‍വ്വകമായ വേതനം നല്‍കുകയും ചെയ്യുക, നീതിയുക്തമായ നൈയാമിക വ്യവസ്ഥിതിയിലൂടെ വ്യക്തികള്‍ക്ക് സുരക്ഷിത്വം ഉറപ്പാക്കുക, വ്യക്തികളുടെ സേവനാര്‍ത്ഥമുള്ള രാഷ്ട്രീയസംവിധാനം രൂപികരിക്കുക എന്നിവ പന്ത്രണ്ടാം പീയൂസ് പാപ്പ തന്റെ ഭരണകാലയളവില്‍ മുൻപോട്ടുവച്ച, ആവശ്യങ്ങളായിരുന്നു.
1939 മാർച്ച് 2 മുതൽ 1958 ഒക്ടോബർ 9 വരെ മരണം വരെ തിരുസഭയെ നയിച്ച പാപ്പയാണ് പന്ത്രണ്ടാം പീയൂസ് പാപ്പ. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 19 വർഷമാണ് തിരുസഭയെ നയിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഭയെ നയിക്കുവാനുള്ള നിര്‍ണ്ണായകമായ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചു. സംഘർഷം തടയുന്നതിനും ഇരകളെ സഹായിക്കുന്നതിനും നയതന്ത്രപരമായി പ്രവർത്തിച്ച പാപ്പയാണ് പന്ത്രണ്ടാം പീയൂസ് പാപ്പ. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, നിരവധി കോൺവെന്റുകൾ, ആശ്രമങ്ങൾ, ക്രൈസ്തവ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍ എല്ലാം യഹൂദര്‍ക്കും പീഡിപ്പിക്കപ്പെട്ടവർക്കും അഭയം നൽകിയിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















