Faith And Reason - 2024

വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പയുടെ മാതാപിതാക്കളുടെ നാമകരണ നടപടികൾക്കു ആരംഭം

സ്വന്തം ലേഖകന്‍ 26-10-2019 - Saturday

ക്രാക്കോവ്: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ മാതാപിതാക്കളായ കരോൾ വോയ്റ്റീവയുടെയും, എമിലിയയുടെയും നാമകരണ നടപടികൾ ആരംഭിക്കാൻ പോളിഷ് മെത്രാൻ സമിതിയുടെ തീരുമാനം. ഇതോടുകൂടി ക്രാക്കോവ് അതിരൂപത തലത്തിൽ നിന്നും നാമകരണ നടപടികൾ ആരംഭിക്കാനായി ഔഃദ്യോഗിക അനുവാദം വത്തിക്കാനോട് ചോദിക്കും. കരോൾ വോയ്റ്റീവ പോളിഷ് ആർമിയിലെ ഒരു ഉദ്യോഗസ്ഥനും, എമിലിയ ഒരു അധ്യാപികയുമായിരുന്നു. ഇരുവരും 1906, ഫെബ്രുവരി മാസം പത്താം തീയതിയാണ് വിവാഹിതരാകുന്നത്. മൂന്നു കുട്ടികൾക്കാണ് ഇരുവരും ജന്മം നൽകിയത്.

എഡ്മണ്ട്, വോൾഗ എന്നീ രണ്ടു പേരായിരുന്നു ജോൺ പോൾ മാർപാപ്പയുടെ സഹോദരങ്ങൾ. വോൾഗ ജനിച്ച് കുറച്ചു നാളുകൾക്കുള്ളിൽ തന്നെ മരണമടഞ്ഞു. അടിയുറച്ച കത്തോലിക്ക വിശ്വാസത്തില്‍ ജീവിതം നയിച്ച വ്യക്തികളായിരിന്നു വോയ്റ്റീവ കുടുംബം. ആ സമയത്ത് പ്രബലമായിരുന്ന യഹൂദ വിരുദ്ധതയെ ശക്തമായി തന്നെ ഇവരുടെ കുടുംബം എതിർത്തിരുന്നു. മാർപാപ്പയുടെ കുടുംബം അന്നത്തെ ആത്മീയ - ഭൗതിക വളർച്ചയെ വലിയതോതിൽ സ്വാധീനിച്ചെന്ന് പോളിഷ് മെത്രാൻ സമിതി പറഞ്ഞു. ജോൺ പോൾ മാർപാപ്പയ്ക്ക് ഒൻപത് വയസാകുന്നതിനു മുന്‍പ് തന്നെ മാതാവ് എമിലിയ മരണപ്പെട്ടു.

പിന്നീട് പന്ത്രണ്ട് വർഷം തന്റെ മരണം വരെ രണ്ട് ആൺമക്കളെയും നോക്കിയത് പിതാവായ കരോൾ ആയിരുന്നു. ആഴമേറിയ ദൈവവിശ്വാസിയും, കഠിനാധ്വാനിയുമായിരുന്ന കരോൾ വോയ്റ്റീവയുടെ ജീവിതമാണ് ജോൺ പോൾ മാർപാപ്പയെ വിശുദ്ധിയുടെ വഴിയേ നടത്തിയതെന്ന്‍ ചരിത്രം ചൂണ്ടിക്കാട്ടുന്നു. രാത്രിയിൽ മുട്ടിന്മേൽ നിന്ന് തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കാണുമായിരുന്നുവെന്ന് പലതവണ ജോൺ പോൾ മാർപാപ്പ വെളിപ്പെടുത്തിയിട്ടുണ്ട്. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥന മാർപാപ്പയെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ പിതാവായിരുന്നു. ജീവിതാവസാനം വരെ പ്രസ്തുത പ്രാർത്ഥന മാർപാപ്പ ചൊല്ലുമായിരുന്നുവെന്ന് വിവിധ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.


Related Articles »