News
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് പതിറ്റാണ്ട്
പ്രവാചകശബ്ദം 02-04-2025 - Wednesday
വത്തിക്കാന്‍ സിറ്റി: 1978 മുതല്‍ 2005 വരെ ആഗോള കത്തോലിക്ക സഭയെ ഇരുപത്തിയേഴ് വര്‍ഷത്തോളം നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഇരുപതു വര്‍ഷം. 2005 ഏപ്രിൽ 2 ഞായറാഴ്ച രാത്രി 9:37 ന് ദൈവകാരുണ്യത്തിൻ്റെ തിരുനാളിനു ഒരുക്കമായുള്ള ഒന്നാം വേസ്പരാ പ്രാർത്ഥന നടക്കുമ്പോൾ “ഞാൻ എന്റെ പിതാവിന്റെ വീട്ടിലേക്ക് പോകട്ടെ” എന്ന വാക്കുകളുമായാണ് ജോണ്‍ പാപ്പ സ്വർഗ്ഗത്തിലേക്കു യാത്രയായത്. അന്ന് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ മൂന്ന് ദശലക്ഷത്തിലധികം തീർഥാടകർ റോമിൽ എത്തി. ഇന്നും പാപ്പ അനേകരുടെ ഹൃദയങ്ങളില്‍ ജീവിക്കുകയാണെന്ന് ജോൺ പോൾ രണ്ടാമന്‍ ഒപ്പം നാല് പതിറ്റാണ്ടോളം ചെലവഴിച്ച അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന കർദ്ദിനാൾ സ്റ്റാനിസ്ലാവ് ഡിസിവിസ് പറയുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സില്‍ ആദ്യ കുർബാനയും പതിനെട്ടാമത്തെ വയസ്സില്‍ സ്ഥൈര്യലേപനവും സ്വീകരിച്ചു.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ നാസികൾ സർവ്വകലാശാല അടച്ചപ്പോൾ, ജർമ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട് സോൾവെയ് കെമിക്കൽ കമ്പനിയിലും (1940-1944) ജോലി ചെയ്തു. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ ആഡം സ്റ്റെഫാൻ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്നു പഠനം ആരംഭിച്ചു.
1946 നവംബർ 1നു യുദ്ധത്തിന് ശേഷം കാർകോവിൽ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത് വരെ കാരൾ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടർന്നു. ഇതിനിടെ കർദ്ദിനാൾ സപിയെഹ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടുന്നതിനായി കരോള്‍ ജോസഫിനെ 1948-ൽ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് വിശുദ്ധന്‍ തന്റെ പ്രബന്ധം എഴുതിയത്.
റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ൽ ഫാ. കരോള്‍ പോളണ്ടിലേക്ക് തിരിച്ച് വരികയും കാർകോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേല്‍ക്കുകയും ചെയ്തു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാൻ പള്ളിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പൽ വൈദികനായി സേവനമനുഷ്ടിച്ചു.
പിന്നീട് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനങ്ങളിൽ മുഴുകി. 1953-ൽ മാക്സ് ഷെല്ലെർ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകൾ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹം കാർകോവിലെ സെമിനാരിയിൽ ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി തീർന്നു.
1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫാ. കരോളിനെ കാർകോവിലെ സഹായ മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബർ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാർകോവിലെ വാവെൽ ഭദ്രാസനപ്പള്ളിയിൽ നിയമിച്ചു. 1964 ജനുവരി 13ന് പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ കാർകോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കർദ്ദിനാൾ ആയി ഉയർത്തി. ഇതിനിടെ വിശുദ്ധന്‍ രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിർമ്മാണത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു.
തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുൻപുണ്ടായ മെത്രാന്മാരുടെ അഞ്ചു സൂനഹദോസുകളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. 1978 ഒക്ടോബർ 26ന് കർദ്ദിനാൾ കരോള്‍ വോയ്റ്റിലയെ മാർപാപ്പയായി തിരഞ്ഞെടുത്തു. ഒക്ടോബർ 22ന് ജോണ്‍ പോള്‍ രണ്ടാമന്‍ എന്ന പേരില്‍ അദ്ദേഹം ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു. ഇറ്റലിക്കു പുറത്തുനിന്നു 455 വർഷത്തിനു ശേഷം നിയമിതനായ ആദ്യ മാർപാപ്പ എന്ന ഖ്യാതിയോടെയായിരിന്നു തെരഞ്ഞെടുക്കപ്പെടല്‍.
മാർപാപ്പയായുള്ള 27 വർഷത്തിൽ 1,338 വ്യക്തികളെ വാഴ്ത്തപ്പെട്ടവരായും 482 പേരെ വിശുദ്ധരായും പാപ്പ പ്രഖ്യാപിച്ചു. കൊൽക്കത്തയിലെ വി. മദർ തെരേസ ജോൺ പോൾ രണ്ടാമന്റെ പാപ്പയുടെ സുഹൃത്തും സമകാലികയും ആയിരുന്നു. 1990 ൽ ജോൺ പോൾ രണ്ടാമൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച പിയർ ജോർജിയോ ഫ്രസതി, മാർപ്പാപ്പയുടെ മറ്റൊരു സുഹൃത്തായിരുന്നു. ഫാത്തിമ ദർശനങ്ങളിലെ മൂന്നാമത്തെ കുട്ടി സി. ലൂസിയുമായി അടുത്ത ചങ്ങാത്തം ജോൺ പോൾ രണ്ടാമനുണ്ടായിരുന്നു.
ദൈവകാരുണ്യത്തിൻ്റെ അപ്പസ്തോലയായ വിശുദ്ധ ഫൗസറ്റീനാ പാപ്പയുടെ പ്രിയപ്പെട്ട മറ്റൊരു വിശുദ്ധ ആയിരുന്നു. ദൈവകരുണയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാൻ മഹാനായ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ ശ്രമങ്ങൾ പ്രസിദ്ധമാണ് .രണ്ടാമായിരമാണ്ടിൽ സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കുർബാന മധ്യേ ജോൺ പോൾ രണ്ടാമൻ പാപ്പ ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായർ ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു.
1981 മെയ് 13 ന് വത്തിക്കാനിലെ വി. പത്രോസിൻ്റെ ചത്വരത്തില്‍ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്കു നേരെ വധശ്രമമുണ്ടായി. “അന്ന് എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളിലും, എനിക്ക് (ദൈവ മാതാവിൻ്റെ ) അസാധാരണമായ മാതൃ സംരക്ഷണവും പരിചരണവും അനുഭവപ്പെട്ടു, അത് മാരകമായ ബുള്ളറ്റിനേക്കാൾ ശക്തമായി മാറി.” - ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ താൻ നേരിട്ട കൊലപാതകശ്രമത്തെക്കുറിച്ചു പറഞ്ഞ വാക്കുകളാണിവ . 1983 ൽ റെബിബിയ ജയിലിൽ വെച്ച് ആക്രമണകാരിയായ അലി അഗ്‌കയെ പാപ്പ സന്ദർശിച്ചപ്പോൾ അസാധാരണമായ സ്നേഹത്തിൻ്റെയും ക്ഷമയുടെയും പുതിയ സുവിശേഷം പിറവി എടുക്കുകയായിരുന്നു. 2005 ഏപ്രിൽ 2 ലക്ഷകണക്കിന് ആളുകളെ സത്യ വിശ്വാസത്തിലേക്ക് ആനയിച്ച ചാരിതാര്‍ത്ഥ്യത്തോടെ പാപ്പ ദൈവസന്നിധിയിലേക്ക് മടങ്ങി.
