Faith And Reason - 2024

പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 03-12-2019 - Tuesday

വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളമെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥന മധ്യേയാണ് പാപ്പ ക്രിസ്തുമസ് അനുബന്ധ ചിന്ത പങ്കുവെച്ചത്. ദൈവത്തിന്‍റെ വഴികള്‍ നമുക്കു കാണിച്ചുതരുന്നതിന് ശാന്തിദൂതനായി എത്തുന്ന യേശുവിന്‍റെ വരവിനെ സ്വാഗതം ചെയ്യാനുള്ള സവിശേഷ സമയമാണ് ആഗമനകാലമെന്നു പാപ്പ സന്ദേശത്തില്‍ പറഞ്ഞു.

തന്‍റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു ഇന്നത്തെ സുവിശേഷത്തില്‍ നമ്മെ അനുശാസിക്കുന്നു: “നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” (മത്തായി 24:42). ഇവിടെ ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്‍റെ വിവക്ഷ ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, പ്രത്യുത, സ്വതന്ത്രവും നേര്‍ ദിശോന്മുഖവുമായ, അതായത് ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ, ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. ആഗതനാകുന്ന യേശുവിനായുള്ള കാത്തിരിപ്പ് ജാഗരൂകരായിരിക്കാനുള്ള പരിശ്രമത്തിന്‍റെ ഏറ്റവും ശക്തമായ അവസ്ഥയിലെത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

തന്റെ സന്ദേശത്തില്‍ ഇറാഖിലെ ജനങ്ങളുടെ അവസ്ഥയിലുള്ള ദുഃഖവും പാപ്പ പ്രകടിപ്പിച്ചു. കഴിഞ്ഞ ദിനങ്ങളില്‍ അവിടെ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് കടുത്ത രീതിയിലുള്ള പ്രതികരണമാണ് ഉണ്ടായത്. ഈ പ്രതികരണങ്ങള്‍ക്ക് അനേകര്‍ ഇരകളായെന്നും ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു. പ്രകടനത്തിടെ മരണമടഞ്ഞവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സമാധാനത്തിനും ഐക്യത്തിനും വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട് ഇറാഖി സമൂഹത്തിന് പിന്തുണ അറിയിക്കുന്നതായും പാപ്പ പറഞ്ഞു.


Related Articles »