News - 2024
ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ. ഷീന്റെ നാമകരണം വൈകും
സ്വന്തം ലേഖകന്‍ 04-12-2019 - Wednesday
പ്യോറിയ: നാമകരണവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമേരിക്കന്‍ മെത്രാന്‍ സമിതിയിലെ ചില മെത്രാന്മാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുയര്‍ത്തുന്ന ചടങ്ങ് മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നും വൈകും. ഷീന്‍ മെത്രാപ്പോലീത്തയുടെ സ്വന്തം രൂപതയായ പ്യോറിയ രൂപത തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫുള്‍ട്ടന്‍ ജെ. ഷീനിനെ വാഴ്ത്തപ്പെട്ട പ്രഖ്യാപനം മാറ്റി വെച്ചിരിക്കുന്നുവെന്ന അറിയിപ്പ് വത്തിക്കാനില്‍ നിന്നും ലഭിച്ച വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്ന്‍ പ്യോറിയ രൂപതാധ്യക്ഷന്‍ ഡാനിയല്‍ ജെങ്കി സി.എസ്.സി ഡിസംബര്‍ 3-ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
തീരുമാനത്തില്‍ തനിക്ക് വളരെയേറെ ദുഃഖമുണ്ടെന്നും, ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നത് കാണുവാന്‍ കാത്തിരുന്ന വിശ്വാസികളെ തീരുമാനം നിരാശയിലാഴ്ത്തുമെന്നതിനെ കുറിച്ചോര്‍ത്ത് തനിക്ക് ആശങ്കയുണ്ടെന്നു അദ്ദേഹം പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന യുഎസ് മെത്രാന്‍ സമിതിയിലെ ചില മെത്രാന്‍മാരുടെ അപേക്ഷ മാനിച്ചാണ് ഈ തീരുമാനമെന്നും മറ്റുള്ള പ്രചരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാമകരണ നടപടികളുടെ ഭാഗമായി ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ജീവിതം സംബന്ധിച്ചതെല്ലാം വിശദമായി പരിശോധിച്ചതാണെന്നും, ക്രിസ്തീയ മൂല്യങ്ങളുടേയും, നേതൃഗുണത്തിന്റേയും ഒരുത്തമ മാതൃകയായിരുന്നു ഫുള്‍ട്ടന്‍ ജെ. ഷീനെന്നും പ്യോറിയ രൂപതയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദൈവദാസന്‍ ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും, മൂന്നാഴ്ചകള്‍ക്ക് മുന്‍പ് വരെ അദ്ദേഹത്തിന്റെ മാധ്യസ്ഥതയില്‍ അത്ഭുതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് അധികം താമസിയാതെ തന്നെ ഫുള്‍ട്ടന്‍ ജെ ഷീന്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയും പ്യോറിയ രൂപത പ്രസ്താവനയില്‍ പങ്കുവെച്ചു. ഒരു നൂറ്റാണ്ട് മുന്‍പ് ഫുള്‍ട്ടന്‍ ജെ.ഷീന്‍ മെത്രാപ്പോലീത്തയുടെ തിരുപ്പട്ട സ്വീകരണത്തിന് വേദിയായ 'മേരി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍' കത്തീഡ്രലില്‍ ഡിസംബര്‍ 21 നായിരുന്നു വാഴ്ത്തപ്പെട്ട പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്.