News
ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവിയ്ക്കു വത്തിക്കാന്റെ അംഗീകാരം
പ്രവാചകശബ്ദം 10-02-2026 - Tuesday
ഇല്ലിനോയിസ്: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് വത്തിക്കാന്റെ അംഗീകാരം. ഇക്കാര്യം വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചതായി ഇല്ലിനോയിസിലെ പിയോറിയ രൂപതയിലെ ബിഷപ്പ് ലൂയിസ് ടൈൽക്ക ഇന്നലെ വെളിപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിൽ സഭയിലും ലോകത്തും സുവിശേഷവൽക്കരണത്തിന്റെ ഏറ്റവും വലിയ ശബ്ദങ്ങളിൽ ഒരാളായിരുന്നു ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീനെന്നും നാമകരണ നടപടി ക്രമങ്ങളിലെ അടുത്ത ഘട്ടം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.
ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച സഹകരണത്തിനും പ്രാർത്ഥനകൾക്കും പരിശുദ്ധ സിംഹാസനത്തിനും, സഹോദര ബിഷപ്പുമാർക്കും, വൈദികർക്കും, അല്‍മായര്‍ക്കും ബിഷപ്പ് ലൂയിസ് ടിൽക നന്ദി പറഞ്ഞു. പരിശുദ്ധ അമ്മയോടും ദിവ്യബലിയോടുമുള്ള ആഴമായ ഭക്തിയിൽ വേരൂന്നിയ, ഒരു പുരോഹിതനെന്ന നിലയിൽ സഭയെ സേവിച്ചുള്ള ഫുള്‍ട്ടന്‍ ജെ ഷീനിന്റെ ആജീവനാന്ത പ്രതിബദ്ധതയെ വളരെക്കാലമായി നന്ദിയോടെ ഓര്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
1895-ല്‍ അമേരിക്കയിലെ ഇല്ലിനോയിസില്‍ ജനിച്ച ഷീന്‍ തന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. 1951-ല്‍ ന്യൂയോര്‍ക്കിലെ സഹായക മെത്രാനായി നിയമിതനായി. 1966-ല്‍ റോച്ചെസ്റ്റര്‍ രൂപതയുടെ മെത്രാനായി. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ച്ച് ബിഷപ്പ് പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1979-ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ വെച്ചാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. വിശുദ്ധമായ ജീവിതം കൊണ്ടും സുവിശേഷ തീക്ഷ്ണത കൊണ്ടും അനേകായിരങ്ങളെ പ്രകാശത്തിലേക്ക് നയിച്ച ഫുള്‍ട്ടന്‍ ജെ. ഷീന്‍റെ നാമകരണ നടപടികള്‍ക്ക് 2002-ല്‍ ആരംഭമായി.
2010-ല്‍ ജീവന്റെ അടയാളങ്ങളൊന്നും കാണിക്കാതെ മരിച്ച നിലയില്‍ കണ്ടെത്തിയ ജെയിംസ് എങ്ങ്സ്ട്രോം എന്ന കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്നതാണ് ഷീനിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ കാരണമായ അത്ഭുതം. ഫുള്‍ട്ടന്‍ ജെ ഷീനിന്റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാര്‍ത്ഥിച്ചതോടെയാണ് വൈദ്യശാസ്ത്രം മരിച്ചതായി പ്രഖ്യാപിച്ച കുട്ടി ജീവിതത്തിലേക്ക് തിരികെ വന്നതെന്ന് മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടിവി വ്യക്തിത്വത്തിനുള്ള ‘എമ്മി’ അവാര്‍ഡ് രണ്ടു പ്രാവശ്യം ഷീന്‍ മെത്രാപ്പോലീത്തക്ക് ലഭിച്ചിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?




















