Life In Christ - 2024
'കേരള ഡാമിയന്‍' മോണ്‍. കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്
\ 08-12-2019 - Sunday
കൊച്ചി: അമലോത്ഭവ മാതാവിന്റെ അസീസി സന്യാസിനി സമൂഹത്തിന്റെയും (എഎസ്എംഐ) ഗ്രീന്‍ ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെയും സ്ഥാപകനും എറണാകുളം- അങ്കമാലി അതിരൂപത വൈദികനുമായിരുന്ന മോണ്‍. ജോസഫ് കണ്ടത്തില്‍ ദൈവദാസ പദവിയിലേക്ക്. കുഷ്ഠരോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ചതിലൂടെ 'കേരള ഡാമിയന്‍' എന്നറിയപ്പെടുന്ന മോണ്‍. കണ്ടത്തിലിന്റെ നാമകരണ നടപടികള്‍ക്കു സീറോ മലബാര്‍ മെത്രാന്‍ സിനഡിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ റോമിലെ തിരുസംഘം ഒക്ടോബര്‍ 24ന് അനുമതി നല്‍കി.
1904 ഒക്ടോബര്‍ 27നു വൈക്കത്തിനടുത്തു ചെന്പുകണ്ടത്തില്‍ വര്‍ക്കി തോമസ്ക്ലാരമ്മ ദന്പതികളുടെ മൂന്നാമത്തെ മകനായി മാതൃഭവനമായ ഇടയാഴം തോട്ടുങ്കല്‍ തറവാട്ടിലാണു ജനനം. 1933 ഡിസംബര്‍ 17നു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്തയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചേര്‍ത്തല മുട്ടം പള്ളിയില്‍ സഹവികാരിയായിട്ടായിരുന്നു ആദ്യനിയമനം. വീടുകള്‍ സന്ദര്‍ശിക്കുന്‌പോള്‍ കണ്ടുമുട്ടിയ കുഷ്ഠരോഗികളുടെ ദയനീയസ്ഥിതിയും ചേര്‍ത്തല മേഖലയിലെ അന്നത്തെ ദാരിദ്ര്യവും അജ്ഞതയും തൊഴിലില്ലായ്മയുമൊക്കെ അച്ചനെ വേദനിപ്പിച്ചു.
1942 ല്‍ ചേര്‍ത്തലയില്‍ കുഷ്ഠരോഗാശുപത്രി സ്ഥാപിച്ചു. 1949 ഏപ്രില്‍ രണ്ടിനാണ് എഎസ്എംഐ സന്യാസിനി സമൂഹത്തിനു തുടക്കമിട്ടത്. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി കുഷ്ഠരോഗാശുപത്രികള്‍, ആതുരാലായങ്ങള്‍, നഴ്‌സിംഗ് സ്‌കൂളുകള്‍, വിദ്യാലയങ്ങള്‍, അന്ധബധിര വിദ്യാലയങ്ങള്‍, അനാഥാലയങ്ങള്‍, അഗതിവൃദ്ധ മന്ദിരങ്ങള്‍ എന്നിവയ്ക്കും അച്ചന്‍ ആരംഭം കുറിച്ചു. അവഗണിക്കപ്പെട്ടവര്‍ക്കിടയിലെ സേവനങ്ങള്‍ മാനിച്ചു 1969ല്‍ വത്തിക്കാന്‍ അദ്ദേഹത്തിനു മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു. 1991 ഡിസംബര്‍ 12നു ദിവംഗതനായ മോണ്‍. കണ്ടത്തിലിന്റെ കബറിടം ചേര്‍ത്തല മതിലകം എസ്എച്ച് ചാപ്പലിലാണ്.
1986ല്‍ പൊന്തിഫിക്കല്‍ പദവിയിലേക്കുയര്‍ത്തപ്പെട്ട എഎസ്എംഐ സന്യാസിനി സമൂഹത്തില്‍ ഇന്നു 900 ഓളം സന്യാസിനികള്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കെനിയ, ടാന്‍സാനിയ, മഡഗാസ്‌കര്‍, പാപ്പുവ ന്യൂഗിനിയ, ഇറ്റലി, ജര്‍മനി എന്നീ രാജ്യങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്നുണ്ട്. നാമകരണത്തിനായുള്ള അതിരൂപതാതല നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് എഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ സെലസ്റ്റിന്‍ ഫ്രാന്‍സിസ് അറിയിച്ചു.