Faith And Reason - 2024
ഫിലിപ്പി 4:6 : ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യം
സ്വന്തം ലേഖകന്‍ 09-12-2019 - Monday
ഒക്‌ലഹോമ: ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ബൈബിള്‍ വാക്യമായി തെരെഞ്ഞെടുക്കപ്പെട്ടത് വിശുദ്ധ പൌലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്കു എഴുതിയ ലേഖനത്തിലെ നാലാം അധ്യായം, ആറാം വാക്യം. "ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍" എന്ന വചനമാണ് ലോകമെമ്പാടും ഏറ്റവുമധികം വായിക്കപ്പെട്ടതും, പങ്കുവെക്കപ്പെട്ടതും, ബുക്ക്മാര്‍ക്ക് ചെയ്യപ്പെട്ടതെന്നും സൗജന്യ ബൈബിള്‍ ആപ്ലിക്കേഷനായ യൂവേര്‍ഷന്‍പറയുന്നു. “ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതു കൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും” (ഏശയ്യ 41:10) എന്ന വചനമായിരിന്നു കഴിഞ്ഞ വര്‍ഷത്തെ ജനപ്രീതിയാര്‍ജിച്ച വചനം.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ യൂവേര്‍ഷന്‍ ആപ്പിന്റെ പുതിയ പതിപ്പിന് വലിയ കുതിച്ചു ചാട്ടമാണ് ഈ വര്‍ഷമുണ്ടായിരിക്കുന്നത്. ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 30% വര്‍ദ്ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. 2019-ല്‍ 35.6 ബില്യണ്‍ ബൈബിള്‍ അധ്യായങ്ങള്‍ വായിക്കപ്പെടുകയും, 5.6 ബില്യണ്‍ അധ്യായങ്ങള്‍ ശ്രവിക്കപ്പെടുകയും, 200 കോടിയോളം അധ്യായങ്ങള്‍ അടയാളപ്പെടുത്തപ്പെടുകയും, 47.8 കോടി അധ്യായങ്ങള്‍ പങ്കുവെക്കപ്പെടുകയും, ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്തതായി യൂവേര്‍ഷന്‍ അറിയിച്ചു. ഈ വര്‍ഷം മാത്രം അമേരിക്കക്ക് പുറത്തുനിന്നും 5 കോടിയോളം പുതിയ ഉപയോക്താക്കളെയാണ് ആപ്ലിക്കേഷന് ലഭിച്ചിരിക്കുന്നത്. അള്‍ജീരിയ, ചാഡ്, പോളണ്ട്, ബംഗ്ലാദേശ്, മൊറോക്കോ എന്നീ രാജ്യങ്ങളിലാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ലാഹോമയിലെ എഡ്മണ്ടിലെ ലൈഫ് ചര്‍ച്ച് പാസ്റ്റര്‍ ബോബി ഗ്രൂനെവാള്‍ഡിന്റെ ആശയമായിരുന്നു യൂവേര്‍ഷന്‍ ബൈബിള്‍ ആപ്. ബൈബിള്‍ വായിക്കുവാനും, ശ്രവിക്കുവാനും വചനവിചിന്തനം നടത്തുവാനും ഈ ആപ്പിലൂടെ കഴിയും. ഐഫോണ്‍ ആപ്പ് സ്റ്റോറിലൂടെ ലോകത്തെ ആദ്യത്തെ ബൈബിള്‍ ആപ്ലിക്കേഷന്‍ എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ ഈ ആപ്പില്‍ 1343 ഭാഷകളിലായി 2,013 എഴുതപ്പെട്ട ബൈബിള്‍ വേര്‍ഷനുകളും, 417 ഭാഷകളിലായി 527 ഓഡിയോ വേര്‍ഷനുകളും ഇപ്പോള്‍ ലഭ്യമാണ്. 2033-ഓടെ ലോകത്തെ 95 ശതമാനം ജനസംഖ്യയുടേയും സ്വന്തം ഭാഷയിലുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ തര്‍ജ്ജമ തയ്യാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യൂവേര്‍ഷന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.