Faith And Reason
വിശുദ്ധ കുര്‍ബാനയുടെ ഏറ്റവും മനോഹര ദൃശ്യാവിഷ്ക്കാരം: ‘ദി വെയ്ല്‍ റിമൂവ്ഡ്’ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍ 20-12-2019 - Friday
ലോവ: വിശുദ്ധ ലിഖിതങ്ങളിലൂടെയും തിരുസഭ പ്രബോധനങ്ങളിലൂടെയും വെളിവാക്കപ്പെട്ടതും, വിശുദ്ധരും ദൈവശാസ്ത്രജ്ഞരും ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തിയതുമായ വിശുദ്ധ കുര്‍ബാനയിലെ സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും കൂടിച്ചേരലിനെ കുറിച്ച് പറയുന്ന ‘ദി വെയ്ല്‍ റിമൂവ്ഡ്’ എന്ന ഷോര്‍ട്ട് ഫിലിം ഇന്‍റര്‍നെറ്റില്‍ തരംഗമാകുന്നു. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേളയില്‍ നടക്കുന്ന രൂപാന്തരീകരണവും ദിവ്യകാരുണ്യ നാഥനായ യേശുവിനെ പ്രകീര്‍ത്തിക്കുന്നതിനും ആരാധിക്കുന്നതിനുമായി സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിക്കുന്നതുമാണ് ഈ ഹൃസ്വചിത്രത്തിന്റെ പ്രമേയം. ‘കത്തോലിക് വുമണ്‍ നൌ’ എന്ന കത്തോലിക്കാ റേഡിയോയിലെ അവതാരികയായ ക്രിസ് മാഗ്രുഡറും, സഹഅവതാരികയായ ജൂലി നെല്‍സണുമാണ് ഷോര്‍ട്ട് ഫിലിമിനു ചുക്കാന്‍ പിടിച്ചിരിക്കുന്നത്.
തങ്ങളുടെ ഒരു പരിപാടിയുടെ ഭാഗമായുള്ള അന്വേഷണത്തിലാണ് ഇവര്‍ വിശുദ്ധ കുര്‍ബാനയില്‍ സ്വര്‍ഗ്ഗവും ഭൂമിയും ഒരുമിക്കുന്നതിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പിന്നീട് വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കവേ ദിവ്യകാരുണ്യം വാഴ്ത്തുന്ന സമയത്ത് ഒരു ഷോര്‍ട്ട് ഫിലിം ചെയ്യുവാന്‍ ദൈവം പ്രചോദനം നല്‍കുകയായിരിന്നുവെന്ന് ക്രിസ് പറയുന്നു. വിശുദ്ധ കുര്‍ബാനയോടുള്ള ജനങ്ങളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കുകയും, ദിവ്യബലിയില്‍ നിന്നും അകന്നു കഴിയുന്നവരെ കുര്‍ബാനയില്‍ പങ്കെടുപ്പിക്കുകയുമാണ് ഈ ഹൃസ്വചിത്രത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ‘ദി വെയ്ല്‍ റിമൂവ്ഡ്’ന്റെ വെബ്സൈറ്റില്‍ പറയുന്നു.
വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്ന യേശുവിന്റെ കുരിശിലെ ത്യാഗത്തെ ഓര്‍മ്മപ്പെടുത്തിയും ഓസ്തിയും വീഞ്ഞും വാഴ്ത്തുന്ന സമയത്ത് കുര്‍ബാനയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു വിശുദ്ധരും, മാലാഖമാരും, ആത്മാക്കളും യേശുവിനെ ആരാധിക്കുകയും ചെയ്യുന്ന മനോഹര ദൃശ്യങ്ങളും അനേകര്‍ക്കു പുതിയ പ്രചോദനമായി മാറിയിരിക്കുകയാണ്. ഏതാനും വാചകങ്ങള്‍ മാത്രമാണ് ഈ ദൃശ്യാവിഷ്ക്കാരത്തില്‍ ഉള്ളതെങ്കിലും ചിത്രം കാണുന്നവര്‍ക്ക് ഭാഷ ഒരു പ്രശ്നമാവില്ലെന്നും, മനസ്സിലാക്കുവാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും വെബ്സൈറ്റിലുണ്ട്.
അധികം താമസിയാതെ തന്നെ ഒന്‍പതു ഭാഷകളില്‍ ചിത്രം പുറത്തിറക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. അതേസമയം ലക്ഷകണക്കിന് ആളുകളാണ് യൂട്യൂബിലെ വിവിധ ചാനലുകളിലൂടെയും ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള നവമാധ്യമങ്ങളിലൂടെയും ഈ ഹൃസ്വ വീഡിയോ കണ്ടിരിക്കുന്നത്.
Posted by Pravachaka Sabdam on