News - 2025
ദൈനംദിന ജീവിതത്തിനും നിത്യജീവിതത്തിനുമുള്ള കവാടം യേശു മാത്രം: ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യര്‍ 20-04-2016 - Wednesday
യേശുവല്ലാതെ മറ്റൊരു മോചനമാർഗം ഇല്ലെന്നും യേശുവിന്റെ വഴിയിലൂടെ മാത്രം സഞ്ചരിക്കുവാനും, സാന്താ മാർത്തയിലെ ദിവ്യബലി മദ്ധ്യേ ഫ്രാൻസിസ് മാർപാപ്പ ഉദ്ബോദിപ്പിച്ചു.
"നിത്യജീവിതത്തിലേക്കുള്ള ഒരേയൊരു വാതിൽ യേശുവാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലേക്കുള്ള വാതിലും യേശു തന്നെയാണ്. നമ്മുടെ ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങൾ യേശുവിന്റെ പേരിലല്ലെങ്കിൽ പിന്നെയത് സാത്താന്റെ പേരിലായിരിക്കും. ദൈവത്തെ കൂട്ടുചേർത്തെടുക്കാത്ത തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ നാശത്തിലേക്ക് നയിക്കും."
സുവിശേഷത്തിലെ നല്ല ഇടയന്റെ ഭാഗം പരാമർശിച്ചു കൊണ്ട് പിതാവ് പറഞ്ഞു.. "ആട്ടിൻകൂട്ടിലേക്ക് വാതിലിലൂടെയല്ലാതെ മറ്റു വഴികളിലൂടെ പ്രവേശിക്കുന്നവർ കള്ളന്മാരാണ്. ദൈനംദിന ജീവിതത്തിനും നിത്യജീവിതത്തിനുമുള്ള കവാടം യേശു മാത്രമാണ്. ജീവിതപാതയിൽ, നമ്മുടെ ദിനംതോറുമുള്ള ജീവിതത്തിൽ, യേശുവാകുന്ന ആട്ടിടയനെ പിന്തുടർന്നാൽ മാത്രം മതിയാകും, നമ്മുടെ ജീവിതം നേർവഴിക്കു തിരിയാൻ! യേശുവിനെ പിന്തുടരുന്നവർക്ക് ഒരിക്കലും വഴി തെറ്റുകയില്ല!
ഭാവി പ്രവചനക്കാരെയും മറ്റും വിശ്വസിച്ച് ജീവിതം രൂപപ്പെടുത്താൻ ശ്രമിക്കുന്നവർ, യേശുവിന്റെ വാതിൽ ഉപേക്ഷിച്ച് മറ്റു വഴികൾ തേടി പോകുന്നവരാണ്. ആട്ടിൻകുട്ടിലേക്ക് നേർവഴിക്ക് പ്രവേശിക്കാതെ മറ്റു വഴികൾ തേടിപ്പോകുന്ന കള്ളന്മാരെ പോലെയാണവർ."
രക്ഷകന്റെ വേഷം ധരിച്ചു വരുന്ന വ്യാജന്മാരെ പറ്റി യേശു മുന്നറിയിപ്പു നൽകിയത് പിതാവ് ഓർമ്മിപ്പിച്ചു.
"അടുകൾ ഇടയന്റെ ശബ്ദം തിരിച്ചറിയുന്നു. വ്യാജന്മാരിൽ നിന്നും യേശുവിന്റെ ശബ്ദം തിരിച്ചറിയാൻ യേശുവിന്റെ മലമുകളിലെ പ്രസംഗം ശ്രവിച്ചാൽ മതിയാകും. അതിൽ നിന്നും വിഭിന്നമായ വഴി കാണിച്ചു തരാൻ ശ്രമിക്കുന്നവർ വ്യാജന്മാരാണ്.
യേശുവിന്റെ ശബ്ദം തിരിച്ചറിയാനുള്ള മറ്റൊരു മാർഗ്ഗം കരുണയുടെ സ്വരമാണ്, പിതാവ് പറഞ്ഞു. "യേശുവിന്റെ ശബ്ദം കരുണാമയമാണ്".
യേശുവിന്റെ ശബ്ദം തിരിച്ചറിയാനുള്ള മൂന്നാമത്തെ മാർഗ്ഗം പ്രാർത്ഥനയെ പറ്റിയുള്ള ഉപദേശമാണ്. "യേശു നമ്മെ പിതാവിനോട് പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നു."
പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് പിതാവ് പറഞ്ഞു: "എല്ലാവർക്കും യേശുവിന്റെ ശബ്ദം തിരിച്ചറിയാനുള്ള ദൈവാനുഗ്രഹം ലഭിക്കാന്‍ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം."
