Youth Zone - 2024
ബൈബിളിലെ ജ്ഞാനികളുടെ സ്മരണയില്‍ സ്റ്റാര്‍ സിംഗേഴ്സ് ക്യാംപെയിനു നാളെ ആരംഭം
സ്വന്തം ലേഖകന്‍ 27-12-2019 - Friday
ഓസ്നാബ്രുക്ക്: “അനുഗ്രഹം കൊണ്ടുവരിക, അനുഗ്രഹമാകുക, ലെബനോനിലും ലോകമെങ്ങും സമാധാനമുണ്ടായിരിക്കട്ടെ” എന്ന മുദ്രാവാക്യവുമായി ലെബനോനെ അടയാള രാജ്യമായി തിരഞ്ഞെടുത്തു കൊണ്ട് 2020-ലെ സ്റ്റാര്‍ സിംഗേഴ്സ് (സ്ട്രെന്‍സിങ്ങര്‍) ക്യാംപെയിന് നാളെ ഡിസംബര്‍ 28ന് തുടക്കമാകും. വടക്കു പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഓസ്നാബ്രുക്കിലാണ് സ്റ്റാര്‍ സിംഗേഴ്സ് ക്യാംപെയിന്‍ ആരംഭിക്കുന്നത്. ഉണ്ണിയേശുവിനെ കാണുന്നതിനും കാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും മൂന്ന്‍ ജ്ഞാനികള്‍ നക്ഷത്രത്തെ പിന്തുടര്‍ന്നുവെന്ന ബൈബിള്‍ ഭാഗത്തെ പിന്തുടര്‍ന്നുകൊണ്ട് ജ്ഞാനികളുടെ വേഷവും, സുവര്‍ണ്ണ നക്ഷത്രങ്ങളും കരോള്‍ ഗാനങ്ങളുമായി കഷ്ടതയനുഭാവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ ധനസമാഹരണ പരിപാടിയാണ് ‘സ്റ്റാര്‍ സിംഗേഴ്സ്’ (സ്ട്രെന്‍സിങ്ങര്‍). കുട്ടികള്‍ക്ക് വേണ്ടി കുട്ടികള്‍ നടത്തുന്ന ഏറ്റവും വലിയ ധനസമാഹരണമാണിത്.
ദനഹ തിരുനാള്‍ വരെ സ്റ്റാര്‍ സിംഗേഴ്സ് ജര്‍മ്മനിയിലെ ഓരോ ഭവനവും സന്ദര്‍ശിക്കുകയും, വാതിക്കല്‍ സി+എം+ബി എന്നെഴുതിക്കൊണ്ട് കുടുംബത്തെ ആശീര്‍വദിക്കുകയും ചെയ്യും. ‘ക്രിസ്റ്റസ് മാന്‍ഷിയോനെം ബെനഡിക്കാറ്റ്’ (യേശു ഈ വീടിനെ അനുഗ്രഹിച്ചാലും) എന്നതിന്റെ ചുരുക്കെഴുത്താണ് സി+എം+ബി. ലോകമെങ്ങുമായി കഷ്ടതയനുഭവിക്കുന്ന തങ്ങളുടെ സമപ്രായക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഭാവനകള്‍ സ്വീകരിച്ചതിനു ശേഷം അടുത്ത വീട്ടിലേക്ക് പോകുകയാണ് ചെയ്യുന്നത്. 62-മത് സ്റ്റാര്‍ സിംഗര്‍ (ആക്ടിയോണ്‍ ഡ്രെയിക്കോണിഗ്സ്സിങ്ങെന്‍) ക്യാംപെയിനാണ് ഇക്കൊല്ലത്തേത്. ജര്‍മ്മനിയിലെ 27 രൂപതകളിലെ പതിനായിരത്തോളം ഇടവകളില്‍ നിന്നുള്ള മൂന്ന്‍ ലക്ഷത്തിലധികം കുട്ടികള്‍ ഇക്കൊല്ലത്തെ ക്യാംപെയിനില്‍ പങ്കാളികളാവും. 1984-മുതല്‍ എല്ലാവര്‍ഷവും ‘താര ഗായകര്‍’ ബെര്‍ലിനിലെ ജര്‍മ്മന്‍ ചാന്‍സിലറുടെ ഔദ്യോഗിക കാര്യാലയമായ ഫെഡറല്‍ ചാന്‍സെല്ലറി സന്ദര്‍ശിക്കുന്ന പതിവുണ്ട്. ഇക്കൊല്ലം 108 സ്റ്റാര്‍ സിംഗേഴ്സാണ് പോകുന്നത്.
ജര്‍മ്മന്‍ ഹോളി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ജനുവരി 7-ന് ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ദനഹാതിരുനാള്‍ ദിനമായ ജനുവരി 6-ന് ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മേയിറും തന്റെ ഭവനത്തില്‍ വെച്ച് സ്റ്റാര്‍ സിംഗേഴ്സിന് സ്വീകരണം നല്‍കുമെന്ന്‍ അറിയിച്ചിട്ടുണ്ട്. ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്ലോവാക്യ, റൊമാനിയ, ഹംഗറി, ഇറ്റലി (ആള്‍ട്ടോ അഡിഗെ) എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ സിംഗര്‍ പ്രതിനിധികള്‍ പുതുവത്സര ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പക്കൊപ്പം വിശുദ്ധ കുര്‍ബാനയിലും സംബന്ധിക്കും.