Faith And Reason - 2024

2019 ബൈബിള്‍ ചരിത്ര സത്യമെന്ന് ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷം

സ്വന്തം ലേഖകന്‍ 02-01-2020 - Thursday

ജെറുസലേം: ബൈബിള്‍ ചരിത്ര സത്യമാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ച വര്‍ഷമായി 2019. ബൈബിള്‍ സത്യമാണെന്ന് തെളിയിക്കുവാന്‍ ഉതകുന്ന പുരാവസ്തുപരമായ നിരവധി സുപ്രധാന തെളിവുകളാണ് കഴിഞ്ഞ വര്‍ഷം കണ്ടെത്തിയത്. ബൈബിള്‍ ആര്‍ക്കിയോളജി റിപ്പോര്‍ട്ട് തയ്യാറാക്കിയ ബൈബിളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന ഏറ്റവും പ്രധാനപ്പെട്ട പത്തു പുരാവസ്തുപരമായ കണ്ടെത്തലുകളുടെ പട്ടിക പുറത്തുവന്നു. 2019-ന്റെ തുടക്കത്തില്‍ ജെറുസലേമിലെ ദാവീദിന്റെ നഗരത്തില്‍ നിന്നും കണ്ടെത്തിയ പഴയ യഹൂദ സാമ്രാജ്യത്തിലെ രണ്ടായിരത്തിഅറുനൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള നാഥാന്‍-മെലേക്കിന്റെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രയാണ് പട്ടികയില്‍ ഒന്നാമത്. ‘രാജദാസന്‍’, ‘നാഥാന്‍-മെലക്ക്’ എന്നീപദങ്ങള്‍ ബൈബിളില്‍ കാണാവുന്നതാണ്.

പഴയനിയമത്തിലെ രാജാക്കന്‍മാരുടെ (2 രാജാക്കന്‍മാര്‍ 23:11) പുസ്തകത്തിലും നഥാന്‍-മെലേക്കിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. മുദ്രയില്‍ പറഞ്ഞിരിക്കുന്ന നഥാന്‍ മെലേക്കും ബൈബിളില്‍ പറഞ്ഞിരിക്കുന്ന ആളും ഒരേ വ്യക്തി തന്നെയാണെന്നു ശിലാലിഖിതങ്ങളില്‍ വിദഗ്ദനായ ക്രിസ്റ്റഫര്‍ റോള്‍സ്റ്റണിന്റെ കണ്ടെത്തല്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ വെസ്റ്റ്‌ ബാങ്കിലെ സിലോവയില്‍ നിന്നും ഡോ. സ്കോട്ട് സ്ട്രിപ്ലിംഗിന്റെ നേതൃത്വത്തിലുള്ള പുരാവാസ്തു ഗവേഷക സംഘം കണ്ടെത്തിയ ഒരു കൊമ്പാണ് പട്ടികയില്‍ രണ്ടാമത്. ഗവേഷകരുടെ നിഗമനമനുസരിച്ച് പഴയനിയമത്തിലെ രാജാക്കന്‍മാരുടെ പുസ്തകത്തില്‍ പറയുന്ന വിശുദ്ധ കൂടാരത്തിലെ ബലിപീഠത്തിലെ നാലുകോണുകളില്‍ ഒന്നായിരുന്നു ഈ കൊമ്പ്.

“ഈ വാര്‍ത്തയറിഞ്ഞ ഉടനെ കര്‍ത്താവിന്റെ കൂടാരത്തില്‍ ബലിപീഠത്തിന്റെ വളര്‍കോണുകളെ പിടിച്ചു. അവന്‍ അബ്സലോമിന്റെ പക്ഷം ചേര്‍ന്നിരുന്നില്ലെങ്കിലും അദോനീയായുടെ പക്ഷം ചേര്‍ന്നവനാണ്” (1 രാജാക്കന്‍മാര്‍ 2:28) എന്നാണ് ഇതിനെക്കുറിച്ച് ബൈബിളില്‍ പറയുന്നത്. പട്ടികയില്‍ പറഞ്ഞിരിക്കുന്ന 10 കണ്ടെത്തലുകളില്‍ 9 എണ്ണവും നടന്നിരിക്കുന്നത് ഇസ്രായേലിലാണ്. ആധുനിക ജോര്‍ദ്ദാനില്‍ അട്ടാറോത്തില്‍ നിന്നും കണ്ടെത്തിയ ഒരു കല്ലുകൊണ്ടുള്ള യാഗപീഠമാണ് ഇസ്രായേലിനു പുറത്തുള്ള ഏക കണ്ടെത്തല്‍. സോളമന്റെ മകനായ റെഹോബോമിന്റെ കാലഘട്ടത്തിലെ ഒരു മതിലിന്റെ ഭാഗവും പട്ടികയില്‍ ഉള്‍പ്പെടുന്നു.

ബൈബിളിലെ ദിനവൃത്താന്തത്തില്‍ (2 ദിനവൃത്താന്തം 11:5-10) ഈ മതിലിനെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. യഹൂദ സാമ്രാജ്യത്തെ സംബന്ധിച്ച ശക്തമായ തെളിവാണിത്. ഒന്നിന് പിറകേയുള്ള ഓരോ കണ്ടെത്തലുകളും ബൈബിളിനെക്കുറിച്ചുള്ള നമ്മുടെ അറിവ് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പട്ടികയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രയാന്‍ വിന്‍ഡില്‍ പറയുന്നു. ഓരോ കണ്ടെത്തലുകളും ബൈബിള്‍ ചരിത്രപരമായി സത്യമുള്ള ഗ്രന്ഥമാണെന്നതിന്റെ തെളിവുകളാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘങ്ങള്‍.


Related Articles »