Faith And Reason - 2024
പുതുവര്‍ഷത്തില്‍ ബൈബിള്‍ ഹൃദിസ്ഥമാക്കുവാന്‍ പൊടിക്കൈകളുമായി ‘ബൈബിള്‍ മെമ്മറി മാന്‍’
സ്വന്തം ലേഖകന്‍ 04-01-2020 - Saturday
കാലിഫോര്‍ണിയ: പുതുവര്‍ഷത്തില്‍ കൂടുതലായി ബൈബിള്‍ വായിക്കുമെന്ന് പ്രതിജ്ഞ എടുത്തിട്ടുള്ളവര്‍ക്ക് തങ്ങള്‍ വായിച്ച വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ പൊടിക്കൈകളുമായി ‘ബൈബിള്‍ മെമ്മറി മാന്‍’. ബൈബിളിലെ ഇരുപതോളം പുസ്തകങ്ങള്‍ മനപാഠമാക്കിയിട്ടുള്ള കാലിഫോര്‍ണിയ റെഡിംഗിലെ ശാഷ്ത ബൈബിള്‍ കോളേജ് പ്രൊഫസറായ ടോം മേയറാണ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഈ പൊടിക്കൈകള്‍ പങ്കുവെച്ചത്. നമ്മുടെ ജീവിതത്തില്‍ മെച്ചപ്പെടുത്തുവാന്‍ നാം ആഗ്രഹിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട ബൈബിള്‍ ഭാഗം തിരഞ്ഞെടുത്ത് വായിക്കുവാനാണ് മെയെര്‍ പറയുന്നത്. ദൈവവചനം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ അവയെ ഓര്‍മ്മയില്‍ ഉറപ്പിക്കുവാനുള്ള മൂന്നു ലളിതമായ പൊടിക്കൈകളും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വായന, കേള്‍വി, എഴുത്ത് എന്നിവയാണ് മെയെറിന്റെ പൊടിക്കൈകള്‍. ഒരേ വാക്യം തന്നെ പലപ്രാവശ്യം വായിക്കുക എന്നതാണ് മെയെറുടെ ആദ്യ പൊടിക്കൈ. സി.ഡി പ്ലെയറോ, ഏതെങ്കിലും ആപ്ലിക്കേഷനോ, റെക്കോര്‍ഡിംഗ് ഉപകരണമോ ഉപയോഗിച്ച് ഒരേ വാക്യം തന്നെ പല പ്രാവശ്യം കേള്‍ക്കുക എന്നതാണ് അദ്ദേഹം നിര്‍ദ്ദേശിച്ച രണ്ടാമത്തെ പൊടിക്കൈ. മൂന്നാമതായി അദ്ദേഹം പറയുന്നത് ബൈബിള്‍ വാക്യങ്ങള്‍ എഴുതി പഠിക്കുവാനാണ്. ഒരു വരിയില്‍ എട്ടു വാക്കുകളില്‍ കൂടുതല്‍ ആകാതെ പല വരികളിലായി എഴുതി മനപാഠമാക്കുകയാണ് വേണ്ടത്. ഹൃദിസ്ഥമാക്കിയ കാര്യങ്ങളെക്കുറിച്ച് തുടരെ തുടരെ ചിന്തിക്കുവാനും മെയെര്‍ നിര്‍ദ്ദേശിച്ചു.
പഠിച്ചവ ഉപയോഗിച്ചില്ലെങ്കില്‍ അത് മറന്നു പോകുമെന്ന് മുന്നറിയിപ്പും അദ്ദേഹം നല്‍കി. കണ്ണുകളേക്കാള്‍ കൂടുതല്‍ കാതുകള്‍ക്കാണ് ബൈബിള്‍ ഗുണകരമെന്ന്‍ മെയെര്‍ പറയുന്നു. ലോകത്തെ പ്രമുഖ ക്രിസ്ത്യന്‍ നേതാക്കളും, സംഘടനകളും പുതുവര്‍ഷം ബൈബിള്‍ വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബൈബിളിനെ ആശ്രയിക്കുന്നവര്‍ക്ക് മേയര്‍ നിര്‍ദ്ദേശിച്ച പൊടിക്കൈകള്‍ സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെയെര്‍ അതിഥി പ്രഭാഷകനായിട്ടുള്ള കെന്റക്കിയിലെ ക്രിയേഷന്‍ മ്യൂസിയത്തിന്റെ തലവനായ കെന്‍ ഹാമാണ് “ബൈബിള്‍ മെമ്മറി മാന്‍” എന്ന അപരനാമം അദ്ദേഹത്തിന് നല്‍കിയത്. “എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം” (1തെസലോനിക്ക 5:18) എന്നതാണ് മേയറുടെ പ്രിയപ്പെട്ട ബൈബിള്‍ വാക്യം.