Faith And Reason - 2024
ആഗോള സഭയിൽ ബൈബിൾ ഞായര്‍ ജനുവരി 26ന്
സ്വന്തം ലേഖകന്‍ 12-01-2020 - Sunday
വത്തിക്കാന്‍ സിറ്റി: ദൈവവചനം കൂടുതല്‍ പഠിക്കുവാനും വിചിന്തനം ചെയ്യുവാനും പങ്കുവെയ്ക്കാനുമായി ജനുവരി 26 ആഗോള സഭയിൽ ബൈബിൾ ഞായറായി ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചു. പ്രസ്തുത ദിവസം വിശുദ്ധ ഗ്രന്ഥം ഊർജ്ജസ്വലമായി പഠനം നടത്താൻ വേണ്ടി രൂപതകളും ഇടവകകളും വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും, നടപ്പിലാക്കുകയും വേണം. ബഹുഭൂരിപക്ഷം കത്തോലിക്കർക്കും ബൈബിൾ ആഴത്തിൽ അറിയാത്തതിനാൽ ദൈവവചനത്തിന് പ്രാധാന്യം നൽകാൻ ശ്രമിക്കേണ്ടതുണ്ടെന്ന് നവസുവിശേഷവത്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് റിനോ ഫിഷിചെല്ല വത്തിക്കാൻ ന്യൂസിനോട് പാപ്പയുടെ പ്രഖ്യാപനം വന്നതിനു ശേഷം പറഞ്ഞിരുന്നു.
വിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ മാത്രമാണ് പലരും ബൈബിൾ ശ്രവിക്കുന്നതെന്നും ഫിഷിചെല്ല ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകം ബൈബിളാണെങ്കിലും, അത് ആളുകൾ കൈകളിൽ എടുക്കാത്തതിനാൽ ഒരുപക്ഷേ ഏറ്റവും പൊടി പിടിച്ചു കിടക്കുന്ന ഗ്രന്ഥവും ബൈബിൾ തന്നെയായിരിക്കുമെന്നും ഫിഷിചെല്ല പറഞ്ഞു. ദൈവവചനം പഠിക്കാൻ ഒരു ദിവസം തന്റെ അപ്പസ്തോലിക ഡിക്രിയിൽ പ്രഖ്യാപിക്കുക വഴി, ബൈബിൾ എല്ലാദിവസവും നമ്മുടെ കൈകളിൽ എടുക്കാനും, അങ്ങനെ ബൈബിൾ നമ്മുടെ പ്രാർത്ഥനയായി മാറാനും, വിശുദ്ധ ഗ്രന്ഥത്തിലെ ഉപദേശങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനും ഫ്രാൻസിസ് മാർപാപ്പ നമ്മെ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈബിൾ പണ്ഡിതനായിരുന്ന വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ മുപ്പതാം തീയതി, ഫ്രാൻസിസ് പാപ്പ അപ്പസ്തോലിക ഡിക്രിയിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ജനുവരി 26നു ബൈബിള്‍ ഞായര്‍ ആചരിക്കുവാന്‍ നിര്‍ദ്ദേശമുള്ളത്. വിശുദ്ധ ഗ്രന്ഥവുമായി ഒരു അടുത്ത ബന്ധം സ്ഥാപിച്ചെടുക്കണമെന്നും, ഇല്ലെങ്കിൽ നമ്മുടെ ഹൃദയങ്ങൾ തണുത്തു മരവിച്ച് പോകുമെന്നും, കണ്ണുകൾ അടഞ്ഞു പോകുമെന്നും ബൈബിൾ പഠനത്തിന്റെ ആത്മീയ ആവശ്യകത വിവരിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ ഡിക്രിയിൽ എഴുതിയിരുന്നു. കൂദാശകളും, വിശുദ്ധ ഗ്രന്ഥവും വേർതിരിക്കാനാത്തവയാണെന്നും പാപ്പ കൂട്ടിച്ചേർത്തു. ഹൃദയത്തിൽ നിന്നായിരിക്കണം വൈദികർ ഞായറാഴ്ച ദിവ്യബലി മദ്ധ്യേ പ്രസംഗിക്കേണ്ടതെന്നും പാപ്പ ഉപദേശം നൽകി.