Youth Zone - 2024
യുവജനങ്ങള്‍ക്ക് വർഷങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹ പരിശീലനവുമായി സ്പാനിഷ് കത്തോലിക്ക സഭ
സ്വന്തം ലേഖകന്‍ 13-01-2020 - Monday
മാഡ്രിഡ്: വിവാഹമോചന നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്പെയിനിലെ യുവതീയുവാക്കൾക്ക് ഇനി മുതൽ വിവാഹത്തിന് മുന്നോടിയായി രണ്ടു മുതൽ മൂന്നു വർഷം വരെ നീണ്ടുനിൽക്കുന്ന പരിശീലനം നൽകുവാന്‍ രാജ്യത്തെ കത്തോലിക്ക സഭാനേതൃത്വത്തിന്റെ തീരുമാനം. അടുത്തിടെ വരെ വിവാഹിതരാകുന്നവർക്ക് 20 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന വിവാഹ പരിശീലനം നടത്തിയാൽ മതിയെന്ന നിര്‍ദ്ദേശമാണ് ഇതോടെ തിരുത്തിയെഴുതുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 'ഓൺ ദി പാത്ത്' എന്ന പേരിലുള്ള പരിശീലനം സ്പെയിനിലെ മെത്രാൻ സമിതി പ്രഖ്യാപിച്ചത്. ദമ്പതികൾ തമ്മിലുള്ള സമ്പർക്കം, വിശ്വസ്തത, ലൈംഗീകത തുടങ്ങിയ പന്ത്രണ്ടു വിഷയങ്ങളെ ആസ്പദമാക്കിയാണ് പരിശീലനം നൽകുക.
പുതിയ രീതി അവലംബിച്ചു കൊണ്ടുള്ള പരിശീലനം വിവാഹ വിളിക്ക് തയാറെടുക്കാൻ യുവതി യുവാക്കൾക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അശ്ലീല സാഹിത്യത്തിന്റെയും വീഡിയോകളുടെയും ദൂഷ്യ ഫലങ്ങളും പരിശീലനത്തിൽ വിശദീകരിക്കും. ദമ്പതികൾ തമ്മിലുള്ള സമ്പർക്കങ്ങളിൽ നിന്നും കൂടുതൽ അടിസ്ഥാനപരമായ പരിശീലനം ആവശ്യമാണെന്നാണ് തനിക്ക് മനസ്സിലാക്കാൻ സാധിച്ചതെന്ന് കുടുംബങ്ങൾക്കും ജീവന്റെ സംരക്ഷണത്തിനുമായുള്ള മെത്രാൻ സമിതിയുടെ സബ്കമ്മിറ്റി തലവൻ മോൺസിഞ്ഞോർ മാരിയോ ഇസേറ്റ പറഞ്ഞു.
ഒരു വൈദികനാകാൻ ഏഴുവർഷം പരിശീലനം നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ കടുംബ ജീവിതം നയിക്കാൻ 20 മണിക്കൂർ മാത്രം പരിശീലനം നടത്തിയാൽ മതിയോയെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. 2017ൽ നൂറിൽ 57.2 വിവാഹങ്ങളും സ്പെയിനിൽ വിവാഹമോചനത്തിൽ കലാശിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് പുതിയ നടപടി. വിവാഹ മോചനങ്ങൾ എളുപ്പമാക്കി സോഷ്യലിസ്റ്റ് ഗവൺമെന്റ് നടപ്പിലാക്കിയ നയങ്ങളാണ് വിവാഹമോചന നിരക്ക് വർദ്ധിക്കാൻ കാരണമായതെന്ന് നിരീക്ഷിക്കപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക