India - 2024
ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും
സ്വന്തം ലേഖകന്‍ 21-01-2020 - Tuesday
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തയായ ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി ഇന്നു പ്രഖ്യാപിക്കും. സാർവത്രിക കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നാമകരണനടപടികളുടെ ആദ്യഘട്ടമായ ദൈവദാസ പദവി പ്രഖ്യാപനമാണ് ഇന്ന് അഞ്ചുമണിക്ക് എറണാകുളം സെന്റ് ഫ്രാന്സിസ് അസീസി കത്തീഡ്രലിൽ നടക്കുക. പൊന്തിഫിക്കൽ കൃതജ്ഞതാ സമൂഹദിവ്യബലിക്ക് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തിരുക്കർമ്മങ്ങളുടെ ആമുഖത്തിനുശേഷം വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം നാമകരണ നടപടികൾക്ക് നൽകിയ അനുമതിപത്രം (നിഹില് ഒബ്സ്താത്) ലത്തീനിൽ അതിരൂപതാ ചാൻസിലർ ഫാ.എബിജിൻ അറക്കൽ വായിക്കും. തുടര്‍ന്നു ആർച്ച് ബിഷപ്പ് ഡോ.കളത്തിപ്പറമ്പിൽ കാനോനികമായി ആർച്ച് ബിഷപ്പ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ്പ് ഡോ.അട്ടിപ്പേറ്റിയുടെ അൻപതാം ചരമവാർഷിക ദിനത്തിലാണ് ദൈവദാസ പദവിയിലേക്ക് അദ്ദേഹത്തെ ഉയർത്തുന്നത്.
1894 ജൂണ്‍ 25-ാം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രിസ് ഇടവകയില്‍ അട്ടിപ്പേറ്റി തറവാട്ടില്‍ മാത്യുവിന്‍റേയും റോസയുടെയും അഞ്ചു മക്കളില്‍ രണ്ടാമനായിട്ടാണ് ജോസഫ് അട്ടിപ്പേറ്റി പിതാവ് ജനിച്ചത്. ഓച്ചന്തുരുത്ത് സ്കൂള്‍മുറ്റം സെന്‍റ് മേരീസ് സ്കൂളില്‍ പ്രാഥമീക വിദ്യാഭ്യാസം നടത്തിയ ജോസഫ് പിന്നീട് എറണാകുളത്തെ സെന്‍റ് ആല്‍ബര്‍ട്ട്സ് ഹൈസ്ക്കൂളിലും തൃശ്ശിനാപ്പിള്ളിയില്‍ സെന്‍റ് ജോസഫ്സ് കോളേജിലും പഠിച്ചു.
കോളേജ് വിദ്യാഭ്യാസത്തിനുശേഷമാണ് അദ്ദേഹം വരാപ്പുഴ അതിരൂപത സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരിയിലെ ആദ്യ വര്‍ഷങ്ങള്‍ക്കുശേഷം ഉടനെ തന്നെ മേജര്‍ സെമിനാരി പഠനം റോമില്‍ നടത്തുവാന്‍ ബ്രദര്‍ ജോസഫിന് ഭാഗ്യം ലഭിച്ചു. റോമില്‍ നിന്നും തത്വശാസ്ത്രത്തില്‍ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തില്‍ ബി.ഡി.യും കരസ്ഥമാക്കിയശേഷം കര്‍ദ്ദിനാള്‍ മോസ്റ്റ് റവ. ഡോ. പോംഫിലി 1926 ഡിസംബര്‍ 18-ാം തീയതി വൈദികപട്ടം സ്വീകരിച്ചു. 1932 നവംബര്‍ 29-ാം തീയതി വരാപ്പുഴ അതിരൂപതയുടെ കോ-അജ്യൂത്തോര്‍ ആര്‍ച്ച്ബിഷപ്പായി വെരി റവ. ഫാദര്‍ ജോസഫ് അട്ടിപ്പേറ്റി നിയമിതനായപ്പോള്‍ അത് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ സഭയിലെ തന്നെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തായായിട്ടുള്ള നിയമനമായിരുന്നു.
1933 ജൂണ്‍ 11-ാം തീയതി ജോസഫ് അട്ടിപ്പേറ്റി പിതാവിനെ വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായി റോമില്‍ വച്ച് പതിനൊന്നാം പീയൂസ് പാപ്പായാണ് മറ്റ് നാല് മെത്രാന്മാരോടൊപ്പം അഭിഷേകം ചെയ്തത്. 1934 ഡിസംബര്‍ 21-ാം തീയതി വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് സ്ഥാനം ഏറ്റെടുത്തു. കോട്ടപ്പുറം രൂപത ഉള്‍പ്പെട്ടിരുന്ന അന്നത്തെവരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദര്‍ശിച്ചുകൊണ്ട് അചിന്തനീയമായ രീതിയില്‍ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ണ്ണായക ഇടപെടല്‍ നടത്തി.
പിതാവ് മുന്‍കൈയെടുത്ത് തന്‍റെ സുഹൃത്ബന്ധത്തിന്‍റെ സ്വാധീനം ഉപയോഗിച്ചതിലൂടെയാണ് ഇന്നത്തെ എറണാകുളം ഷണ്‍മുഖം റോഡ് ഒരു യാഥാര്‍ത്ഥ്യമായി തീര്‍ന്നത്. എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജ്, കളമശ്ശേരിയിലെ സെന്‍റ് പോള്‍സ് കോളേജ്, ലിറ്റില്‍ ഫ്ളവര്‍ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളും, ലൂര്‍ദ് ആശുപത്രിയും സ്ഥാപിതമായത് ജോസഫ് അട്ടിപ്പേറ്റി പിതാവിന്‍റെ കാലത്താണ്. തിരക്കേറിയ തന്‍റെ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും മണിക്കൂറുകള്‍ കുര്‍ബാനയ്ക്കും, ദിവ്യകാരുണ്യ ആരാധനയ്ക്കും, ധ്യാനത്തിനും, വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കും, ജപമാല ചൊല്ലുന്നതിനും വേണ്ടി പിതാവ് ചിലവഴിച്ചിരുന്നു.
1970 ജനുവരിയില്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ കോണ്‍ഫറന്‍സ് എറണാകുളത്തു നടന്നപ്പോള്‍ പിതാക്കന്മാര്‍ക്ക് വരാപ്പുഴ അതിരൂപതയില്‍ ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. 1970 ജനുവരി 21-ാം തീയതി അദ്ദേഹം ദിവംഗതനായി. നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി ഫാ. ആന്‍ഡ്രൂസ് അലക്സാണ്ടര്‍ ഓഎഫ്‌എമ്മാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.