News - 2024
ബെംഗളൂരുവില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി നശിപ്പിച്ചു: പരിഹാര പ്രാര്‍ത്ഥനയ്ക്കു ആര്‍ച്ച് ബിഷപ്പ്
സ്വന്തം ലേഖകന്‍ 22-01-2020 - Wednesday
ബെംഗളൂരു: ഉദ്യാന നഗരമായ ബംഗളൂരുവില്‍ കത്തോലിക്കാ ദേവാലയത്തിനു നേരെ ശക്തമായ ആക്രമണം. ബെംഗളൂരു അതിരൂപതയ്ക്കു കീഴിലുള്ള കെംഗേരി സെന്റ് ഫ്രാന്‍സിസ് അസീസ്സി ദേവാലയത്തിനു നേരേയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണമുണ്ടായത്. ദേവാലയത്തിനുള്ളില്‍ അതിക്രമിച്ചു കടന്ന അക്രമി സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി നശിപ്പിച്ചു. കുസ്തോതിയില്‍ സൂക്ഷിച്ചിരിന്ന തിരുവോസ്തി വലിച്ചെറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്. അള്‍ത്താരയിലെ തിരുവസ്ത്രങ്ങളും തിരുസ്വരൂപങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ആക്രമിയെ കുറിച്ച് കാര്യമായ സൂചനകള്‍ ലഭ്യമായിട്ടില്ല. അതേസമയം പിന്‍ഭാഗത്തെ വാതിലിലൂടെ ഒരാള്‍ ദേവാലയത്തിനുള്ളിലേക്ക് കടക്കുന്നതായുള്ള ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ദേവാലയ ആക്രമണത്തെ ബംഗളൂരു അതിരൂപത അപലപിച്ചു. യേശുവിന്റെ തിരുശരീരത്തെ അപമാനിച്ചത് അത്യന്തം വേദനാജനകമാണെന്നും തിരുവോസ്തിയെ അവഹേളിച്ചതിനു പ്രായശ്ചിത്തമായി 24ന് പരിഹാര പ്രാര്‍ത്ഥനാദിനം ആചരിക്കുവാനും നിര്‍ദ്ദേശിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ പറഞ്ഞു. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും സന്യാസഭവനങ്ങളിലും 12 മണിക്കൂര്‍ ആരാധന നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇടവക വികാരി ഫാ. സതീഷിന്റെ പരാതിപ്രകാരം സ്ഥലത്തെത്തിയ കെംഗേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ യു.വി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. അതേസമയം മോഷണം നടന്നിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക