1347-ല്‍ സിയന്നായില്‍ ജയിംസ് ബെനിന്‍കാസാ-ലാപാക്ക് ദമ്പതികളുടെ 6 മക്കളിലൊരുവളായാണ് വിശുദ്ധ കാതറീന്‍ ജനിച്ചത്. അവളുടെ പിതാവായിരുന്ന ജയിംസ് ബെനിന്‍കാസാ, തന്റെ ജീവിതമാതൃകകൊണ്ട് തന്റെ കുട്ടികള്‍ക്ക് നന്മയുടെ ഒരു ഉറച്ച അടിത്തറ നല്‍കുകയും, ദൈവഭക്തിയുടെ പാഠങ്ങള്‍ തന്റെ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു. മാതാവായിരുന്ന ലാപാക്ക് തന്റെ മറ്റ് മക്കളില്‍ നിന്നും വിശുദ്ധയോട് ഒരു പ്രത്യേക സ്നേഹം വെച്ചുപുലര്‍ത്തിയിരുന്നു. ദൈവത്തെ പറ്റി അവള്‍ കൂടുതലായി അറിയുവാന്‍ തുടങ്ങിയതു മുതല്‍ ദൈവം വിശുദ്ധക്ക് അസാധാരണമായ വരദാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയുണ്ടായി. ചെറുപ്പം മുതല്‍ക്കേ തന്നെ വിശുദ്ധക്ക് ഏകാന്ത ജീവിതത്തെ ഇഷ്ടപ്പെട്ടിരിന്നു.
ചെറുപ്പത്തില്‍ തന്നെ സ്വകാര്യ പ്രതിജ്ഞയിലൂടെ അവള്‍ തന്റെ കന്യകാത്വം ദൈവത്തിനായി സമര്‍പ്പിച്ചു. അവളുടെ പ്രായത്തിലുള്ള മറ്റ് കുട്ടികളില്‍ കാണാത്തവിധത്തിലുള്ള നന്മയും, ഭക്തിയും അവളില്‍ പ്രകടമായിരിന്നു. കാതറിന് 12 വയസ്സായപ്പോള്‍ തന്നെ അവളെ വിവാഹം കഴിപ്പിക്കുവാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. തനിക്ക് ഒറ്റക്ക് ജീവിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് അവള്‍ പറഞ്ഞെങ്കിലും അവളുടെ മാതാപിതാക്കള്‍ അത് ചെവികൊണ്ടില്ല.
ഏകാന്തജീവിതത്തെ പറ്റിയുള്ള ചിന്തയില്‍ നിന്നും, ഭക്തിയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി അവളുടെ മാതാപിതാക്കള്‍ ഏറെ ശ്രമം നടത്തി. അതേ തുടര്‍ന്നു അതുവരെ അവള്‍ താമസിച്ചു വന്നിരുന്ന ചെറിയ മുറിയില്‍ നിന്നും അവളെ മാറ്റുകയും, കഠിനമായ ജോലികള്‍ അവളെ ചെയ്യിപ്പിക്കാനും തുടങ്ങി. കഠിനമായ ജോലികളും, തന്റെ സഹോദരിമാരുടെ കളിയാക്കലുകളും, അപമാനങ്ങളും വിശുദ്ധ വളരെയേറെ സമചിത്തതയോടെ നേരിട്ടു.
ഒരിക്കല്‍ തന്റെ സഹോദരിമാരുടേയും, കൂട്ടുകാരികളുടേയും നിര്‍ബന്ധത്തിനു വഴങ്ങി വിശുദ്ധ പരിഷ്കൃതമായ വസ്ത്രം ധരിച്ചു. എന്നാല്‍ പിന്നീട് വിശുദ്ധ അതില്‍ പശ്ചാത്തപിക്കുകയും തന്റെ ജീവിതകാലം മുഴുവനും ആ പശ്ചാത്താപത്താപം നിറഞ്ഞ മനസ്സില്‍ ജീവിക്കുകയും ചെയ്തു. തന്റെ മൂത്ത സഹോദരിയായ ബെനവന്തൂരയുടെ മരണത്തോടെ വിശുദ്ധയുടെ പിതാവ് അവളുടെ ഭക്തിപരമായ ജീവിതത്തെ പിന്തുണക്കുവാന്‍ തുടങ്ങി. അവള്‍ പാവങ്ങളെ സഹായിക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, തടവ് പുള്ളികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വേവിച്ച വെറും ഇലകളായിരുന്നു വിശുദ്ധയുടെ ഭക്ഷണം. അവളുടെ വസ്ത്രമാകട്ടെ വെറും പരുക്കന്‍ രോമക്കുപ്പായവും, കിടക്കയാകട്ടെ വെറും തറയും.
1365-ല്‍ തന്റെ 18-മത്തെ വയസ്സില്‍ കാതറിന്‍ വിശുദ്ധ ഡൊമിനിക്കിന്റെ മൂന്നാം സഭയില്‍ ചേര്‍ന്നുകൊണ്ട് സന്യാസ വസ്ത്രം സ്വീകരിച്ചു. കന്യകാമഠത്തിലെ തന്റെ ഇടുങ്ങിയ മുറി വിശുദ്ധയുടെ സ്വര്‍ഗ്ഗമായി തീര്‍ന്നു. മൂന്ന്‍ വര്‍ഷത്തോളം ദൈവത്തോടും തന്റെ കുമ്പസാരകനോടുമൊഴികെ ആരുമായും അവള്‍ സംസാരിച്ചിരുന്നില്ല. ഇതിനിടെ സാത്താന്റെ നിരവധി പരീക്ഷണങ്ങളും പ്രലോഭനങ്ങളും അവള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം വിശുദ്ധ തന്റെ രക്ഷകന്റെ സഹായത്തോടെ നേരിട്ടു. പാവങ്ങളോടുള്ള വിശുദ്ധയുടെ കാരുണ്യത്തിനു നിരവധി അത്ഭുതങ്ങള്‍ വഴി ദൈവം അവള്‍ക്ക് പ്രതിഫലം നല്‍കി. ചിലപ്പോള്‍ അവളുടെ കയ്യിലുള്ള ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഇരട്ടിപ്പിച്ചു കൊണ്ടും മറ്റ് ചിലപ്പോള്‍ പാവങ്ങള്‍ക്കായുള്ള ചോളം, എണ്ണ തുടങ്ങിയ അവശ്യസാധനങ്ങള്‍ ചുമക്കുവാനുള്ള കഴിവ് അവള്‍ക്ക് നല്‍കികൊണ്ടും ദൈവം ഇടപെട്ടു.
ഇതിനിടെ കുഷ്ഠരോഗം ബാധിച്ച ടോക്കാ എന്ന് പേരായ ഒരു പാവപ്പെട്ട സ്ത്രീയെ വിശുദ്ധ വസ്ത്രം ധരിപ്പിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തതിനാല്‍ മജിസ്ട്രേറ്റ് വിശുദ്ധയെ നഗരത്തില്‍ നിന്നും പുറത്താക്കുവാന്‍ ഉത്തരവിട്ടു. ഇത് വിശുദ്ധയില്‍ യാതൊരു മാറ്റവും വരുത്തിയില്ലയെന്ന്‍ മാത്രമല്ല വിശുദ്ധ തന്റെ കാരുണ്യപ്രവര്‍ത്തികള്‍ അഭംഗുരം അവള്‍ തുടര്‍ന്നു. മറ്റൊരവസരത്തില്‍ വിശുദ്ധ ഒരു കാന്‍സര്‍ രോഗിയുടെ വൃണം വൃത്തിയാക്കുകയും, നീണ്ടകാലത്തോളം അവരെ ശുശ്രൂഷിക്കുകയും ചെയ്തു.
വിശുദ്ധയുടെ അസാധാരണമായ കാരുണ്യം നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാന്‍ കാരണമായി. പിയൂസ് രണ്ടാമന്‍ പാപ്പാ വിശുദ്ധ കാതറിനെ പറ്റി പറഞ്ഞത് ഇങ്ങനെയാണ്, ''വിശുദ്ധയെ സമീപിക്കുന്ന ആരും തന്നെ മാനസാന്തരപ്പെടാതെ പോയിട്ടില്ല''. ഒരിക്കല്‍ നാന്നെസ് എന്ന് പേരായ കുഴപ്പക്കാരനായിരുന്ന ഒരു പുരുഷനെ വിശുദ്ധയുടെ പക്കല്‍ കൊണ്ട് വന്നു. ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ പറ്റി അവനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും അത് ഫലമണിഞ്ഞില്ല. അവള്‍ പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഉടന്‍ തന്നെ ആ മനുഷ്യനില്‍ പരിപൂര്‍ണ്ണമായ ഒരു മാറ്റം സംഭവിച്ചു.
പശ്ചാത്താപം നിറഞ്ഞ കണ്ണുനീര്‍ അതിന് സാക്ഷ്യമായിരുന്നു. തുടര്‍ന്നു അവന്‍ തന്റെ ശത്രുക്കളുമായി അനുരജ്ഞനം ചെയ്യുകയും അനുതാപപരമായ ജീവിതം നയിക്കുവാന്‍ ആരംഭിക്കുകയും ചെയ്തു. തനിക്ക് വരുത്തിയ ഈ മാറ്റത്തിന് പ്രതിഫലമായി ആ നഗരത്തില്‍ അയാള്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഒരു ഭവനം വിശുദ്ധക്ക് സമ്മാനമായി നല്‍കി. പിന്നീട് വിശുദ്ധ അത് പാപ്പായുടെ അനുമതിയോടെ ഒരു സന്യാസിനീ ഭവനമാക്കി മാറ്റി.
1374-ല്‍ ഒരു പകര്‍ച്ചവ്യാധി അവള്‍ താമസിച്ചിരിന്ന നഗരത്തെയാകെ പിടികൂടിയപ്പോള്‍ വിശുദ്ധ കാതറീന്‍ രോഗബാധിതരായവരെ സേവിക്കുവാന്‍ തന്നെ തന്നെ സമര്‍പ്പിക്കുകയും നിരവധി പേരെ സുഖപ്പെടുത്തുകയും ചെയ്തു. വിശുദ്ധയെ കാണുവാനും, വിശുദ്ധ പറയുന്നത് കേള്‍ക്കുവാനും രാജ്യത്തെ ദൂര സ്ഥലങ്ങളില്‍ നിന്നും പോലും നിരവധി ആളുകള്‍ എത്തി തുടങ്ങി.
നിരവധി ആളുകള്‍ക്ക് വിശുദ്ധ കാതറിന്‍ ശാരീരികമായ ആരോഗ്യവും, ആത്മീയ സൗഖ്യവും നല്‍കി. വിശുദ്ധ മാനസാന്തരപ്പെടുത്തിയ ആളുകളെ ഒരു നല്ല ജീവിതത്തിലേക്ക് കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ അവരെ കുമ്പസാരിപ്പിക്കുന്നതിനായി ഗ്രിഗറി പതിനൊന്നാമന്‍ പാപ്പാ കാപുവായിലെ വിശുദ്ധ റെയ്മണ്ടിനേയും, മറ്റ് രണ്ട് ഡൊമിനിക്കന്‍ സന്യാസിമാരേയും സിയന്നായില്‍ നിയമിക്കുകയുണ്ടായി.
1375-ല്‍ വിശുദ്ധ പിസായിലായിരിക്കുമ്പോള്‍ ഫ്ലോറെന്‍സിലേയും, പെറൂജിയായിലേയും, ടസ്കാനിയായിലെ നല്ലൊരു ഭാഗം ജനങ്ങളും ഒരു സഖ്യമുണ്ടാക്കുകയും സഭക്കെതിരായി തിരിയുകയും ചെയ്തു. ഈ വാര്‍ത്ത വിശുദ്ധയുടെ ചെവിയിലുമെത്തി. ഗൂയെല്‍ഫ്സ്, ഗിബെല്ലിനസ് എന്നീ രണ്ട് വിരുദ്ധ കക്ഷികള്‍ ഫ്ലോറെന്‍സിനെ വിഭജിക്കുകയും പാപ്പാക്കെതിരായി ഐക്യത്തോടെ അണിചേരുകയും ചെയ്തു.
നിരവധി പ്രദേശങ്ങള്‍ അവര്‍ പിടിച്ചടക്കി. അവരുമായുള്ള മാധ്യസ്ഥ ചര്‍ച്ചക്ക് മജിസ്ട്രേറ്റുമാരും, പാപ്പായും വിശുദ്ധ കാതറിനെയാണ് പരിഗണിച്ചത്. അതിന്‍ പ്രകാരം വിശുദ്ധ കാതറിന്‍ അവിഗ്നോണിലേക്ക് വന്നു. അവര്‍ക്കിടയില്‍ നിലനിന്നിരിന്ന ഭിന്നിപ്പുകള്‍ ഇല്ലാതാക്കുവാന്‍ വിശുദ്ധയ്ക്ക് കഴിഞ്ഞു. വിശുദ്ധയോട് ശത്രുത വെച്ച് പുലര്‍ത്തിയിരുന്ന നിരവധി വേദപാരംഗതന്മാര്‍ വിശുദ്ധയുടെ ആത്മീയ അറിവിന്റെ വെളിച്ചത്തിനു മുന്‍പില്‍ അമ്പരന്നു പോയിട്ടുണ്ട്.
ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പ, വിശുദ്ധയോട് ഫ്ലോറെന്‍സിലെ കുഴപ്പങ്ങള്‍ അവസാനിപ്പിച്ചു തരുവാന്‍ ആവശ്യപ്പെട്ടു, അതനുസരിച്ച് ഫ്ലോറെന്‍സിലെത്തിയ വിശുദ്ധ നിരവധി അപകട ഘട്ടങ്ങള്‍ തരണം ചെയ്ത് ആ കുഴപ്പക്കാരായ ജനതയെ ശാന്തരാക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും അവരെ പാപ്പായുടെ അധികാരപരിധിയില്‍ കൊണ്ട് വരികയും ചെയ്തു. ഈ അനുരജ്ഞനം 1378-ലാണ് സംഭവിച്ചത്.
ഗ്രിഗറി പതിനൊന്നാമന്‍ പാപ്പായുടെ മരണത്തിനു ശേഷം പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ഉര്‍ബന്‍ ആറാമന്‍ പാപ്പാ എല്ലാവര്‍ക്കും സ്വീകാര്യനല്ലായിരുന്നു. അദ്ദേഹത്തിന്റെ പരുക്കന്‍ രീതികള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്ന കര്‍ദ്ദിനാള്‍മാരില്‍ ചിലര്‍ ആ തിരഞ്ഞടുപ്പ് അസാധുവാക്കി കൊണ്ട് ക്ലെമന്റ് ഏഴാമനെ പാപ്പായായി തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചു. ഇതില്‍ ദുഖിതയായ വിശുദ്ധ നിയമപ്രകാരമുള്ള പാപ്പായായ ഉര്‍ബന്‍ ആറാമന് വേണ്ടി നിരവധി കത്തുകള്‍ വിവിധ രാജാക്കന്‍മാര്‍ക്കും, കര്‍ദ്ദിനാള്‍മാര്‍ക്കും എഴുതുകയുണ്ടായി.
നല്ലൊരു ജീവിതമാതൃക നല്‍കിയതിനു പുറമേ സംവാദരൂപത്തിലുള്ള ആറോളം പ്രബന്ധങ്ങള്‍ വിശുദ്ധ നമുക്കായി അവശേഷിപ്പിച്ചിട്ടുണ്ട്. അവള്‍ എഴുതിയിട്ടുള്ള ഏതാണ്ട് 364-ഓളം കത്തുകളില്‍ നിന്നും വിശുദ്ധ ഒരു അസാധാരണ പ്രതിഭയായിരുന്നുവെന്ന കാര്യം നമുക്ക് മനസ്സിലാക്കാവുന്നതാണ്. 1380 ഏപ്രില്‍ 29ന് തന്റെ 33-മത്തെ വയസ്സില്‍ റോമില്‍ വെച്ച് വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു. മിനര്‍വായിലെ കത്രീഡലിലാണ് വിശുദ്ധയെ അടക്കം ചെയ്തത്.
അവിടത്തെ ഒരു അള്‍ത്താരയില്‍ ഇപ്പോഴും വിശുദ്ധയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നു. സിയന്നായിലെ ഡൊമിനിക്കന്‍ ദേവാലയത്തിലാണ് വിശുദ്ധയുടെ തലയോട്ടി സൂക്ഷിച്ചിരിക്കുന്നത്. 1461-ല്‍ പിയൂസ് രണ്ടാമന്‍ പാപ്പായാണ് കാതറീനെ വിശുദ്ധയായി പ്രഖ്യാപിച്ചത്.
ഇതര വിശുദ്ധര്‍
1. നുമീഡിയായിലെ അഗാപിയൂസും സെക്കുന്തിനൂസും എമിലിയാനും ടെര്‍ള്ളായും
അന്‍റോണിയായും
2. ഹയിനോള്‍ട്ടിലെ അവാ
3. സ്പെയിനില്‍ ഡാനിയല്‍, ജെറോണ
4. അയര്‍ലന്‍റിലെ ഡിച്ചു
'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക