Faith And Reason

കോബ് ബ്രയന്റെ വിയോഗത്തിന്റെ ഞെട്ടലില്‍ ലോകം: വിടവാങ്ങിയത് അടിയുറച്ച ക്രൈസ്തവ വിശ്വാസി

സ്വന്തം ലേഖകന്‍ 27-01-2020 - Monday

ലോസ് ആഞ്ചലസ്: അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ഇതിഹാസവും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന കോബ് ബ്രയന്റെയും മകളുടെയും അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ ലോകം. ബ്രയന്റും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ തെക്കന്‍ കാലിഫോര്‍ണിയയിലെ കലാബസ് ഹില്‍സില്‍ തീപിടിച്ചു പൊട്ടിത്തെറിക്കുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടു. ലോകത്തെ എക്കാലത്തേയും മികച്ച ബാസ്കറ്റ് ബോള്‍ കളിക്കാരില്‍ ഒരാള്‍ എന്ന സ്പോര്‍ട്ട്സ് മേഖലയിലെ വിശേഷണത്തിനപ്പുറം നല്ല കുടുംബനാഥനും ഉറച്ച ദൈവവിശ്വാസിയുമായിരുന്നു നാലു കുട്ടികളുടെ പിതാവായ ബ്രയന്റ്.

കാലിഫോര്‍ണിയ ഇടവകയിലെ ഓറഞ്ച് കൗണ്ടി ദേവാലയത്തില്‍ ബ്രയന്റും പത്നിയും പതിവായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരുന്നു. ഹെലികോപ്ടര്‍ യാത്രക്ക് തൊട്ടുമുന്‍പും അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചിരിന്നതായി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ജീവിതത്തിലെയും കുടുംബജീവിതത്തിലെയും വെല്ലുവിളികളെ നേരിടുവാന്‍ കത്തോലിക്കാ വിശ്വാസം തന്നെ ഒരുപാടു സഹായിച്ചിട്ടുണ്ടെന്നാണ് 2015-ല്‍ ബ്രയന്റ് പറഞ്ഞിട്ടുള്ളത്. 2003-ല്‍ കുറ്റാരോപണത്തെ തുടര്‍ന്നു തടവിലായ സാഹചര്യത്തില്‍ തനിക്ക് ധൈര്യം നല്‍കിയത് ഒരു കത്തോലിക്കാ വൈദികനാണെന്ന കാര്യം ബ്രയാന്റ് വെളിപ്പെടുത്തിയിരുന്നു.

2011-ല്‍ ബ്രയന്റിന്റെ ഭാര്യയായ വനേസ വിവാഹമോചനത്തിന് കേസ് കൊടുത്തപ്പോഴും, തന്നെ പിടിച്ചുനിര്‍ത്തിയത് തന്റെ ദൈവ വിശ്വാസമാണെന്ന് ബ്രയന്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വനേസ വിവാഹ മോചനത്തിനുള്ള കേസ് പിന്‍വലിക്കുകയുണ്ടായി. ‘ഖേദകരമായ ഒരു തീരുമാനത്തിന് ശേഷം ദൈവവിശ്വാസത്തിലേക്ക് തിരിയുവാനും, ദൈവത്തിന്റെ കാരുണ്യം സ്വീകരിച്ചുകൊണ്ടു ഒരു നല്ല മനുഷ്യനാകുവാന്‍ തീരുമാനിച്ചതുമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രചോദനപരമായ സവിശേഷത’ എന്നു ഗായിക ക്രിസ്റ്റീന ബാല്ലെസ്റ്റെറോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

‘കോബെ ആന്‍ഡ്‌ വനേസ ഫാമിലി ഫൗണ്ടേഷന്‍’ വഴി പാവപ്പെട്ടവര്‍ക്കായി നിരവധി കാരുണ്യ പ്രവര്‍ത്തികളും ബ്രയാന്റ് ചെയ്തുവന്നിരുന്നു. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത ജോസ് ഗോമെസ് ബ്രയന്റിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രയന്റിന്റേയും മകളുടെയും അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ലോസ് ആഞ്ചലസ് ലേക്കേഴ്സിന്റെ ഷൂട്ടിംഗ് ഗാര്‍ഡ് പൊസിഷനില്‍ കളിച്ചിരുന്ന ബ്രയാന്റ് അഞ്ച് എന്‍.ബി.എ ചാമ്പ്യന്‍ഷിപ്പുകളും, ഒരു ലീഗ് എം.വി.പി അവാര്‍ഡ്, രണ്ടു സ്കോറിംഗ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »