News - 2025
ടെന്നീസ് ഇതിഹാസ താരം കാർലോസ് അൽകാരസ് വൈദികനില്‍ നിന്നു ആശീര്‍വാദം സ്വീകരിക്കുന്ന വീഡിയോ വൈറല്‍
പ്രവാചകശബ്ദം 25-08-2025 - Monday
ന്യൂയോർക്ക്: 2025 യുഎസ് ഓപ്പണ്‍ ടെന്നീസ് മത്സരങ്ങള്‍ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ ടെന്നീസ് ഇതിഹാസ താരം കാർലോസ് അൽകാരസ് കത്തോലിക്ക വൈദികനില്‍ നിന്നു ആശീര്‍വാദം സ്വീകരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പ്രൊഫഷണൽ ടെന്നീസിൽ ലോക രണ്ടാം നമ്പര്‍ താരമായ കാർലോസ്, വൈദികനില്‍ നിന്നു ആശീര്‍വാദം സ്വീകരിക്കുന്ന വീഡിയോ ന്യൂയോർക്ക് നഗരത്തിലെ സെന്റ് പാട്രിക്സ് കത്തീഡ്രല്‍ ദേവാലയമാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഓഗസ്റ്റ് 23 ശനിയാഴ്ച സെന്റ് പാട്രിക്സ് കത്തീഡ്രൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിലെ ഒരു ബോൾറൂമിൽ കറുത്ത വൈദിക വേഷം ധരിച്ച ഒരു വൈദികന്‍ അൽകാരസിനെ അനുഗ്രഹിച്ചു പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണുള്ളത്. കത്തോലിക്ക വൈദികന്‍ അൽകാരസിന് വിശുദ്ധ കുരിശിന്റെ അടയാളത്താല്‍ ആശീര്‍വാദം നല്‍കുന്നതും വിശുദ്ധജലം തളിക്കുമ്പോള്‍ ശിരസ് നമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ശാന്തമായ സംഭാഷണത്തിൽ ഏർപ്പെട്ടതിന് ശേഷമാണ് താരം പിന്‍വാങ്ങിയത്.
2023-ലെ വിംബിൾഡണിലും 2024-ലെ ഫ്രഞ്ച് ഓപ്പണിലും ടൂർണമെൻ്റ് വിജയങ്ങളോടെ, മൂന്ന് മേഖലകളിലും ഒരു ഗ്രാൻഡ് സ്ലാം ടൂർണമെൻ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ കാർലോസ് തന്റെ അടിയുറച്ച കത്തോലിക്ക വിശ്വാസം പല തവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് കാർലോസ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തെ തുടർന്ന് ലോക പ്രശസ്തമായ മെക്സിക്കൻ മരിയൻ തീർത്ഥാടന കേന്ദ്രമായ ഗ്വാഡലൂപ്പ സന്ദർശിക്കുകയും നവംബർ അവസാനം ഈ സന്ദർശനത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
