Daily Saints. - April 2024

April 28: വിശുദ്ധ പീറ്റര്‍ ചാനെല്‍

സ്വന്തം ലേഖകന്‍ 28-04-2023 - Friday

1803-ല്‍ ഫ്രാന്‍സിലെ ബെല്ലി രൂപതയിലായിരുന്നു വിശുദ്ധന്റെ ജനനം. 7 വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം ഒരാട്ടിടയനായി മാറി. പക്ഷേ അവിടത്തെ ഇടവക വികാരി ആ ബാലനില്‍ അസാധാരണമായതെന്തോ ദര്‍ശിച്ചതിനാല്‍, താന്‍ സ്ഥാപിച്ച ചെറിയ സ്കൂളില്‍ ചേര്‍ക്കുവാനായി അവന്റെ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. അവിടുത്തെ സ്കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പീറ്റര്‍ സെമിനാരിയിലേക്കാണ് പോയത്. സെമിനാരിയിലെ റെക്ടര്‍ വിശുദ്ധനെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്, “ഒരു നിഷ്കളങ്കനായ കുട്ടിയുടേത് പോലെയുള്ള വിശ്വാസത്തോടുകൂടിയുള്ള ഹൃദയമാണ് അവന് കിട്ടിയിരിന്നത്, ഒരു മാലാഖയുടേതിനു സമാനമായൊരു അവന്റെ ജീവിതം.”

വിശുദ്ധന് പൗരോഹിത്യപട്ടം ലഭിച്ചതിനു ശേഷം അദ്ദേഹം ക്രോസെറ്റ് ഇടവകയില്‍ നിയമിതനായി. മൂന്ന്‍ വര്‍ഷം കൊണ്ട് വിശുദ്ധന്‍ ആ ഇടവകയെ അപ്പാടെ മാറ്റി. 1831-ല്‍ വിശുദ്ധന്‍, പുതുതായി സ്ഥാപിക്കപ്പെട്ട ‘സൊസൈറ്റി ഓഫ് മേരി’ എന്ന സഭയില്‍ ചേര്‍ന്നു. ഒരു സുവിശേഷകനാവുക എന്നത് വിശുദ്ധന്റെ വളരെകാലമായിട്ടുള്ള ആഗ്രഹമായിരുന്നു; ഇതേ തുടര്‍ന്നായിരിന്നു പീറ്റര്‍ ചാനെല്‍ സൊസൈറ്റി ഓഫ് മേരിയില്‍ ചേര്‍ന്നത്. പക്ഷേ 5 വര്‍ഷത്തോളം വിശുദ്ധന് ബെല്ലിയിലെ സെമിനാരിയില്‍ പഠിപ്പിക്കേണ്ടതായി വന്നു.

അവസാനം 1836-ല്‍ അദ്ദേഹത്തിന്റെ സ്വപ്നം പൂവണിഞ്ഞു. വചനപ്രഘോഷത്തിനായി സൊസൈറ്റി ഓഫ് മേരി, ഡയറക്ടര്‍ വിശുദ്ധനെ മറ്റ് സന്യാസികള്‍ക്കൊപ്പം പസിഫിക്കിലെ ദ്വീപുകളിലേക്കയച്ചു. അവിടെ വിശുദ്ധന് നിരവധി കഠിനയാതനകളും, അസ്വസ്ഥതകളും, പരാജയങ്ങളും പ്രാദേശിക മുഖ്യന്റെ എതിര്‍പ്പും നേരിടേണ്ടതായി വന്നു. അവിടത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അക്കാലങ്ങളില്‍ വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നത്. അവിടുത്തെ ഗ്രാമതലവനാകട്ടെ വിശുദ്ധന്റെ പ്രവര്‍ത്തികളെ സംശയത്തോടു കൂടി വീക്ഷിക്കുകയും, തടസ്സപ്പെടുത്തുകയും ചെയ്തു. ഗ്രാമതലവന്റെ മകന്‍ ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ തയ്യാറായപ്പോള്‍, അയാള്‍ വളരെയേറെ കോപിക്കുകയും വിശുദ്ധനെ കൊല്ലുവാനായി തന്റെ പടയാളികളെ അയക്കുകയും ചെയ്തു.

1841 ഏപ്രില്‍ 18ന് തദ്ദേശീയരായ ഒരുകൂട്ടം പോരാളികള്‍, ഫുട്ടുണാ ദ്വീപിലുള്ള ഫാദര്‍ പീറ്റര്‍ ചാനെലിന്റെ കുടിലിലേക്ക് പ്രവേശിച്ചു. അവര്‍ ആ സുവിശേഷകനെ അടിച്ചുകൊല്ലുന്നതിനു ശേഷം അദ്ദേഹത്തിന്റെ ശരീരം മഴുകൊണ്ട് കൊത്തിനുറുക്കി. ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറഞ്ഞുകൊണ്ടുള്ള അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ദ്വീപിനേ മാനസാന്തരപ്പെടുത്തി. ഇന്ന്‍ ഫുട്ടുണായിലെ ജനങ്ങള്‍ മുഴുവനും കത്തോലിക്കരാണ്. 1889-ല്‍ പീറ്റര്‍ ചാനലിനെ വാഴ്ത്തപ്പെട്ടവനാക്കുകയും, 1954-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു. “രക്തസാക്ഷികളുടെ രക്തമാണ്, ക്രിസ്ത്യാനികളുടെ വിത്ത്” എന്ന പഴയ പൊതുപ്രമാണത്തിനു വിശുദ്ധ പീറ്റര്‍ ചാനെലിന്റെ മരണം സാക്ഷ്യം വഹിക്കുന്നു.

ഇതര വിശുദ്ധര്‍

1. ബിധീനിയായിലെ പാട്രിക്, അക്കേസിയൂസ്, മെനാന്‍റര്‍, പൊളിയെനൂസ്

2. അഡള്‍ബറോ

3. അഫ്രോസിഡിയൂസ്, കരാലിപ്പുസ്, അഗാപിയൂസ്, ഏവുസെബിയൂസ്

4. സെന്‍സിലെ ബിഷപ്പായ ആര്‍ടെമിയൂസ്

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »