News
ഇക്വഡോറിൽ നാശം വിതച്ച ഭൂമികുലുക്കത്തിൽ, പോറൽ പോലും ഏൽക്കാതെ വിശുദ്ധ കുർബ്ബാനയും മാതാവിന്റെ തിരുസ്വരൂപവും
അഗസ്റ്റസ് സേവ്യര്‍ 25-04-2016 - Monday
ഏപ്രിൽ 16-ന് ഇക്വഡോറിനെ പിടിച്ചുലച്ച 7.8 തീവ്രതയുള്ള ഭൂമികുലുക്കത്തിൽ ചുറ്റുപാടുമുള്ള എല്ലാം തകർന്നടിഞ്ഞപ്പോൾ വിശുദ്ധ കുർബ്ബാനയുടെ തിരുവോസ്തിയും, മാതാവിന്റെ തിരുസ്വരൂപവും അത് സ്ഥാപിച്ചിരുന്ന സ്പടികക്കൂട് ഉൾപ്പടെ ഒരു പോറൽ പോലുമേൽക്കാതെ നിലനിന്നു.
ഭൂമികുലുക്കം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട മാന്റെ കാന്റൺ ജില്ലയിലെ ലിയോനി എവിയറ്റ് സ്കൂളിൽ സ്ഥാപിച്ചിരുന്ന മാതാവിന്റെ പ്രതിമയാണ് അത്ഭുതകരമായ വിധത്തിൽ ഭൂമികുലുക്കത്തിൽ നിന്നും രക്ഷപ്പെട്ടത്. ഭൂമികുലുക്കത്തിൽ തങ്ങളുടെ സ്കൂൾ പാടെ തകർന്ന് ഒരു കൽകൂമ്പാരമായി മാറിപ്പോയെന്ന് Oblates of Saint Francis de Sales community- യിലെ അംഗം സിസ്റ്റർ പട്രീഷ്യ എസ്പെരാൻസ പറഞ്ഞു. പരിശുദ്ധ കന്യകാമറിയമാണ് ഈ സ്ഥാപനത്തിന്റെ മാദ്ധ്യസ്ഥ. തങ്ങളെയെല്ലാം ഈ സംഭവം ആശ്ചര്യപ്പെടുത്തിയെന്ന് സിസ്റ്റർ പട്രീഷ്യ കൂട്ടിച്ചേർത്തു.
ഭൂമി കുലക്കത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ ബുധനാഴ്ച്ച നീക്കം ചെയ്തു തുടങ്ങിയപ്പോളാണ് കേടുപാടുകളൊന്നും സംഭവിക്കാത്ത കന്യകാ മാതാവിന്റെ പ്രതിമയുടെ അത്ഭുത ദൃശ്യം കണ്ടെത്തിയത്. കന്യകാ മാതാവിന്റെ പ്രതിമയോടൊപ്പം വിശുദ്ധ കുർബ്ബാനയുടെ തിരുവോസ്തിയും നശിക്കാതെ കണ്ടെടുത്തു.
സ്കൂളിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ചാപ്പലിൽ സൂക്ഷിച്ചിരുന്ന വിശുദ്ധ കുർബ്ബാനയാണ് കേടുപാടുകളില്ലാതെ കൽകൂമ്പാരത്തിനടിയിൽ നിന്നും കണ്ടെടുത്തത് .
ഇത്ര വലിയ ദുരന്തത്തിനിടയിലും ഈ അദ്ഭുതങ്ങൾ ഒബ്ലേറ്റ്സ് സന്യാസിനി സമൂഹത്തിനും ഇക്വഡോറൻ ജനതയ്ക്കും വലിയൊരു ആശ്വാസവും പ്രതീക്ഷയുമാകുകയാണ്.
