India - 2024
ക്രിസ്തുവിനെ പോലെ പരസ്പരം സാഹോദര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടണം: സിബിസിഐ പ്ലീനറി സമ്മേളനം
\ 16-02-2020 - Sunday
ബംഗളൂരു: ക്രിസ്തു തന്റെ കാലഘട്ടത്തില്‍ എല്ലാ ജനതകളോടും ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും ഈപ്രചോദനമുള്‍ക്കൊണ്ടു പരസ്പരം യഥാര്‍ഥ സാഹോദര്യ സംഭാഷണങ്ങളില്‍ ഏര്‍പ്പെടണമെന്നും സിബിസിഐ പ്ലീനറി സമ്മേളനം. രാവിലെ 6.30ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് മൂന്നാം ദിവസത്തെ പരിപാടി ആരംഭിച്ചത്. ദൈവവുമായുള്ള ഒരാളുടെ സംഭാഷണത്തെ ആശ്രയിച്ചിരിക്കുന്ന സംവാദത്തെക്കുറിച്ച് തന്റെ പ്രഭാഷണത്തില്‍ വിശദീകരിച്ച മാര്‍ ആലഞ്ചേരി, എല്ലാവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഉറവിടവും പ്രചോദനവുമാണ് ദൈവമെന്ന് പറഞ്ഞു.
സംവാദം മസ്തിഷ്‌കതലത്തില്‍ മാത്രം ഒതുങ്ങാന്‍ കഴിയില്ല, പക്ഷേ മസ്തിഷ്‌കത്തിന്റെയും ഹൃദയത്തിന്റെയും തലങ്ങളില്‍ ചെയ്യേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ അനുകമ്പയുടെയും സഹാനുഭൂതിയുടെയും അടിസ്ഥാനത്തിലുള്ള സംവാദത്തിന്റെ ഫലം കൊയ്യാന്‍ കഴിയൂ അദ്ദേഹം ഓര്‍മപ്പെടുത്തി.
തുടര്‍ന്ന് നടന്ന ബിസിനസ് സെഷനുകളില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഭാരവാഹികള്‍ 2018-2020 കാലഘട്ടത്തിലെ വിവിധ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. രൂപത, പ്രാദേശിക തലങ്ങളില്‍ അല്മായര്‍ക്ക് ഉചിതമായ പ്രാതിനിധ്യം നല്‍കി ഇടവക അജപാലന ഘടനകളിലൂടെ ശാക്തീകരിക്കണമെന്ന് അവര്‍ ബിഷപ്പുമാരോട് അഭ്യര്‍ഥിച്ചു. അടിത്തട്ടില്‍ അന്തര്‍മത സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മപദ്ധതികളും അവര്‍ നിര്‍ദേശിച്ചു, തുടര്‍ന്ന്, സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ റവ.ഡോ. പോള്‍ പാറത്താഴം ദ്വൈവാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളെ സിബിസിഐ അംഗങ്ങള്‍ മുക്തകണ്ഠം പ്രശംസിച്ചു. കാരിത്താസ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി കാരിത്താസ് ഇന്ത്യ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി. രാജ്യത്തെ ലത്തീന്‍, സീറോ മലബാര്‍, സീറോ മലങ്കര റീത്തുകളില്‍പെട്ട 174 രൂപതകളില്‍നിന്നായി 200ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.