News
സ്നേഹത്തിനും സന്തോഷത്തിനുമായി മൊബൈൽ ആപ്പുകളൊന്നുമില്ല: ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 26-04-2016 - Tuesday
ഇഷ്ടപ്പെട്ട വസ്തുക്കൾ സ്വന്തമാക്കുന്നതും ഇഷ്ടപ്പെട്ട പ്രവർത്തികൾ ചെയ്യുന്നതും നമ്മെ സന്തോഷിപ്പിക്കുമെങ്കിലും അവ നമുക്ക് സ്വാതന്ത്രൃം നൽകുന്നില്ല എന്ന് ഫ്രാൻസിസ് മാർപാപ്പ. ഞായറാഴ്ച്ച നടന്ന, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂബിലി സമ്മേളനത്തിലാണ് അദ്ദേഹം കൗമാരക്കാരെ ഇപ്രകാരം ഉപദേശിച്ചത്.
"യേശുവിനോടുള്ള സ്നേഹത്തിലാണ് യഥാർത്ഥ സ്വാതന്ത്യവും യഥാർത്ഥ സന്തോഷവും നമുക്ക് കണ്ടെത്താനാവുക, നിങ്ങളുടെ സന്തോഷം വിലമതിക്കാനാവാത്തതാണ്." സെന്റ് പീറ്റേർസ് സ്ക്വയറിലെ ദിവ്യബലിവേളയിൽ പിതാവ് പറഞ്ഞു. "അത് വാങ്ങാനാവില്ല. അത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനുള്ള ഒരു ആപ്ലിക്കേഷൻ അല്ല."
"സ്നേഹവും സന്തോഷവും ദൈവത്തിന്റെ വരദാനമാണ്.- തുറന്ന മനസ്സുള്ളവർക്ക് ലഭിക്കുന്ന വരദാനം. നിങ്ങളുടെ വലിയ സ്വപ്നങ്ങളുടെ പൂർത്തീകരണത്തിലേക്ക് നയിക്കുന്ന പ്രവർത്തിയാണ് സ്നേഹം."
"സിനിമയിലെ യഥാർത്ഥമല്ലാത്ത കഥാപാത്രങ്ങളുടെ ലോകം, ഏറ്റവും പുതിയ ഫാഷന്റെ ലോകം എന്നിവയെല്ലാമാണ് സന്തോഷം നൽകുന്നത് എന്നുള്ള ചിലരുടെ പ്രചാരണം നിങ്ങൾ വിശ്വസിക്കരുത്. ചുറ്റും കാണുന്നതെല്ലാം വാരിക്കൂട്ടി സ്വന്തമാക്കുന്നതിലാണ് സന്തോഷം എന്നു ചിലർ പ്രചരിപ്പിക്കുന്നതും നിങ്ങൾ വിശ്വസിക്കരുത്. "
സെന്റ് പീറ്റേർസ് സ്ക്വയറിൽ തടിച്ചുകൂടിയ 90000-ൽ അധികം വരുന്ന ജനക്കൂട്ടത്തിലെ ബാലകരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു, "യേശുവിന്റെ സുഹൃത്തായ നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല. യേശു എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. ചില സന്ദർഭങ്ങളിലെങ്കിലും നിങ്ങൾ യേശുവിനെ വിട്ടു പോകാറുണ്ട് പക്ഷേ, യേശു നിങ്ങളെ ഒരിക്കലും വിട്ടു പോകുന്നില്ല."
നമ്മുടെ ജീവിതത്തിൽ ആരും നമ്മെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ നമ്മുടെ വളർച്ച മുരടിപ്പിക്കുന്ന ഒരു ചിന്തയാണ് . "പക്ഷേ, ദൈവം നമ്മോടു കൂടെയുണ്ട് ; എല്ലാ കാര്യങ്ങളും നമ്മൾ ദൈവത്തെ ഏൽപ്പിച്ചു കൊടുക്കുകയേ വേണ്ടു, ശരിയായ വഴിയിലൂടെ ദൈവം നമ്മെ കൈ പിടിച്ചു നടത്തും. ആ വിശ്വാസത്തോടെ നിങ്ങൾ ജീവിതത്തെ അഭിമുലീകരിക്കുക. ആദ്യത്തെ അപ്പോസ്തലന്മാരെപ്പോലെ നിങ്ങളും തന്നെ അനുഗമിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു."
കരുണയുടെ വർഷത്തിന്റെ ഒരു പ്രത്യേക ദൗത്യമായാണ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജൂബിലി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ശനിയാഴ്ച്ചയാണ് തുടങ്ങിയത്. ഒരവസരത്തിൽ പിതാവ് തന്നെ കുമ്പസാരക്കൂട്ടിൽ കുമ്പസാരകനായി ഇരിക്കുകയുണ്ടായി. ഒളിമ്പിക് സ്റ്റേഡിയത്തിൽ യുവജനങ്ങൾ നടത്തിയ റാലി പരിപാടികളിലെ ഒരു പ്രധാന ഇനമായിരുന്നു.
"ക്രൈസ്തവരുടെ തിരിച്ചറിയൽ രേഖയാണ് സ്നേഹം", അദ്ദേഹം തുടർന്ന് പറഞ്ഞു. "ആ രേഖ നഷ്ടപ്പെട്ടാൽ ക്രിസ്തുവിന്റെ അനുയായി എന്ന ഐഡന്റിറ്റി നമുക്ക് നഷ്ടപ്പെടുന്നു. യേശുവിന്റെ യഥാർത്ഥ അനുയായികൾ യഥാർത്ഥത്തിലുള്ള സ്നേഹപ്രവർത്തികൾ ചെയ്യുന്നവരാണ്. അവരുടെ ജീവിതശൈലി സ്നേഹത്തിന്റേതായിരിക്കും.
സ്നേഹത്തിന്റെ പ്രവർത്തികളില്ലാതെ സ്നേഹം പ്രസംഗിച്ചു നടക്കുന്നവർ TV സീരിയലുകളിലെ കഥാപാത്രങ്ങളെ പോലെയാണ്. അവരുടെ സ്നേഹം ലോകത്തിന്റെ മുമ്പിലുള്ള വെറും അഭിനയം മാത്രമാണ്.
ത്യാഗമുള്ളിടത്താണ് സ്നേഹമുള്ളത്. മാതാപിതാക്കൾ അവരുടെ പല കാര്യങ്ങളും വേണ്ടെന്നു വച്ച് മക്കളുടെ കാര്യങ്ങൾ നടത്തി കൊടുക്കുന്നു. അത് സ്നേഹമാണ്. ഈ ജൂബിലിയുടെ സംഘാടകർ അവരുടെ സമയം സ്വന്തം കാര്യങ്ങൾക്കുപയോഗിക്കാതെ ഈ ജൂബിലി സംഘടിപ്പിക്കുവാൻ ഉപയോഗിക്കുന്നു. ആ ത്യാഗവും സ്നേഹമാണ്.
സ്നേഹമെന്നാൽ കൊടുക്കലാണ് - വസ്തുക്കളായാലും സമയമായാലും സ്വന്തം കഴിവുകളായാലും അവ നമ്മൾ കൊടുക്കാൻ തയ്യാറാകുന്നത് സ്നേഹമുള്ളതുകൊണ്ടാണ്.
ദൈവത്തിന്റെ സ്വരത്തിനു വേണ്ടി നമ്മൾ കാതോർത്തു നിന്നാൽ സ്നേഹത്തിന്റെ രഹസ്യം ദൈവം നമുക്ക് വെളിപ്പെടുത്തി തരും. അത് മറ്റുള്ളവരെ പരിചരിക്കലാണ്, ബഹുമാനിക്കലാണ്; അവരെ സംരക്ഷിക്കലാണ്; അവർക്കു വേണ്ടി കാത്തു നിൽക്കലാണ്. വിശ്വാസത്തിലൂടെ, മാപ്പു നൽകുന്നതിലൂടെ, സ്നേഹം വളരുന്നു.
സ്നേഹത്തിന് വിഘാതമായ കാര്യങ്ങളുണ്ടാകുമ്പോൾ ക്രൂശിതനായ യേശുവിനെ ഓർക്കുക. നിങ്ങൾ വീഴുകയാണെങ്കിൽ അവിടുന്ന് നിങ്ങളെ താങ്ങി കൊള്ളും. നമ്മൾ പാപികളായതുകൊണ്ട് നമ്മൾ പല തവണ വീണേക്കാം. പക്ഷേ, അപ്പോഴെല്ലാം ദൈവം നമ്മെ കൈ പിടിച്ചെഴുന്നേൽപ്പിക്കും എന്ന് വിശ്വസിക്കുക."
പിന്നീട് പിതാവ് സ്വാതന്ത്യത്തിനു വേണ്ടിയുള്ള യുവജനങ്ങളുടെ തീവ്രമായ ആഗ്രഹത്തെ പറ്റി സംസാരിച്ചു. "ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള ലൈസൻസല്ല സ്വാതന്ത്രൃം. നമ്മുടെ പ്രവർത്തനങ്ങളുടെ മേൽ നമുക്ക് സ്വാതന്ത്യമുണ്ട്. ചെയ്യുന്നത് നന്മയായിരിക്കണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്യം ദൈവം തന്നിരിക്കുന്നു. നന്മയും തിന്മയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്രൃം ദൈവം നമുക്ക് തന്നിരിക്കുന്നു. നമ്മുടെ ജീവിത മാർഗ്ഗം നന്മയിലൂടെയാണോ തിന്മയിലൂടെയാണോ എന്ന് നമുക്ക് തീരുമാനിക്കാം. നന്മയുടെ പാതയിൽ യേശു എന്നും നമ്മോടൊപ്പമുണ്ടാകും."
ദൈവം നൽകുന്ന അനുഗ്രഹങ്ങൾ കഠിനാദ്ധ്വാനത്തിലൂടെ പൂർണ്ണതയിലെത്തിക്കാൻ അദ്ദേഹം യുവജനങ്ങളെ ഉപദേശിച്ചു. "നിത്യവുമുള്ള അഭ്യാസത്തിലൂടെ ചിലർ ചാമ്പ്യന്മാരാകുന്നതു പോലെ തുടർച്ചയായ പ്രവർത്തനത്തിലൂടെ നിങ്ങൾക്കെല്ലാം ജീവിതത്തിലെ ചാമ്പ്യന്മാരാകാൻ കഴിയും," അദ്ദേഹം പറഞ്ഞു.
"ജൂബിലിയുടെ ആഘോഷത്തിൽ പങ്കെടുത്ത നിങ്ങളെല്ലാം ഇനി ക്രൈസ്തവൻറെ സ്നേഹമെന്ന തിരിച്ചറിയൽ കാർഡുമായി വീട്ടിലേക്ക് മടങ്ങുക. അത് നിങ്ങളുടെ ജീവിതത്തിൽ പ്രകാശം നിറയ്ക്കും", പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പിതാവ് പറഞ്ഞു.
