News - 2025

വെല്ലെട്രി ജെയിലിലെ തടവുകാര്‍ക്ക് ഫ്രാന്‍സിസ് മാർപാപ്പ എഴുതിയ കത്ത് പ്രതീക്ഷ നഷ്ടപ്പെട്ടവർക്കുള്ള കരുണയുടെ സന്ദേശമായി മാറി

സ്വന്തം ലേഖകന്‍ 26-04-2016 - Tuesday

റോമില്‍ നിന്നും അധികം ദൂരത്തല്ലാത്ത, ഇറ്റാലിയന്‍ നഗരമായ വെല്ലെട്രിയിലെ ജെയിലില്‍ കഴിയുന്ന തടവ്പുള്ളികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ ഈയിടെ ഒരു കത്തെഴുതുകയുണ്ടായി. ഈ വര്‍ഷാരംഭത്തില്‍ ഈ ജെയിലില്‍ കഴിയുന്നവര്‍, ഇവിടെ ഒരു പ്രേഷിത സന്ദര്‍ശനത്തിനെത്തിയ അല്‍ബാനോയിലെ മെത്രാനായ മാര്‍സെല്ലോ സെമെരാരോയുടെ കൈവശം പരിശുദ്ധ പിതാവിനായി ഒരു കത്ത് ഏല്‍പ്പിച്ചിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് മാർപാപ്പ ഈ കത്തെഴുതിയത്.

തന്റെ മറുപടിയില്‍, തന്നെ കുറിച്ചോര്‍ത്തതിന് അദ്ദേഹം അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയുണ്ടായി. മാത്രമല്ല അവരും അവരെപ്പോലെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ജയിലിൽ കഴിയുന്ന മറ്റുള്ളവരും പലപ്പോഴും തന്റെ ചിന്തയില്‍ വരാറുണ്ടെന്ന് പാപ്പാ പറയുന്നു. തന്റെ അപ്പസ്തോലിക യാത്രകളില്‍ താന്‍ പോകുന്നയിടങ്ങളിലെ ജെയിലുകള്‍ സന്ദര്‍ശിക്കുവാന്‍ മിക്കപ്പോഴും താന്‍ ശ്രമിക്കുമായിരുന്നുവെന്ന കാര്യം അദ്ദേഹം തന്റെ കത്തിൽ പരാമര്‍ശിച്ചു. ഈ കാരുണ്യവര്‍ഷത്തില്‍ തടവ് പുള്ളികള്‍ക്കും ജൂബിലീ വര്‍ഷമാണെന്ന കാര്യം പാപ്പാ അറിയിച്ചു, മാത്രമല്ല, താന്‍ എല്ലാ തടവുകാരോടും ആത്മീയമായും, പരസ്പര പ്രാര്‍ത്ഥനകളിലൂടെയും സംവദിക്കുമെന്നും അദ്ദേഹം അവര്‍ക്ക് ഉറപ്പ് കൊടുത്തു.

തടവില്‍ കഴിയുന്നവര്‍ “കാലം തങ്ങളുടെ മുന്‍പില്‍ നിന്നുപോയെന്നും, ഇത് ഒരിക്കലും അവസാനിക്കുകയില്ല" എന്നൊക്കെയുള്ള തോന്നലുകള്‍ ഉളവാക്കുന്ന അനുഭവങ്ങളിലൂടെയാണ് ജീവിക്കുന്നതെന്ന്” എഴുതികൊണ്ട് ഫ്രാന്‍സിസ് പാപ്പാ അവരോടുള്ള തന്റെ സഹതാപം പ്രകടിപ്പിച്ചു. പക്ഷേ, അദ്ദേഹം തുടര്‍ന്നു “കാലത്തിന്റെ ഗണന കണക്കാക്കുന്നത് ഘടികാരം കൊണ്ട് മാത്രമല്ല” മറിച്ച്, “കാലത്തിന്റെ ശരിയായ ഗണന എന്ന് പറയുന്നത് പ്രതീക്ഷയേയാണ്.” തടവില്‍ കഴിയുന്ന എല്ലാവരും തങ്ങളുടെ ജീവിതത്തില്‍ “എപ്പോഴും വിശ്വാസത്താല്‍ തിളങ്ങുന്ന പ്രതീക്ഷയുടെ കൈത്തിരി കെടാതെ സൂക്ഷിക്കണം” എന്നാണ് തന്റെ ആഗ്രഹമെന്ന് പാപ്പാ അറിയിച്ചു.

“എപ്പോഴും ദൈവം നിന്നെ വ്യക്തിപരമായി സ്നേഹിക്കുന്നുണ്ടെന്ന് ഉറപ്പിക്കുക,” അദ്ദേഹം അവര്‍ക്ക് എഴുതി. ഒരിക്കലും കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചുള്ള ചിന്തകളുടെ തടവറയിൽ കഴിയരുതെന്നു പാപ്പാ ഓര്‍മ്മിപ്പിച്ചു. അതിനു പകരം, “വിശ്വാസത്തിന്റേയും, കാരുണ്യത്തിന്റേയും പുരോഗതിയിലേക്കുള്ള ഒരു യാത്രയായി കഴിഞ്ഞകാലത്തെ മാറ്റുകയാണ് വേണ്ടത്" എന്ന് പറഞ്ഞുകൊണ്ട് പാപ്പാ അവര്‍ക്ക് പ്രചോദനം നല്‍കി. “നിങ്ങളുടെ അനുഭവത്തിലൂടെ നിങ്ങളെ തിളക്കമുള്ളവരാക്കി തീര്‍ക്കുവാന്‍ ദൈവത്തിനു അവസരം കൊടുക്കുക” ചരിത്രത്തിലുടനീളമുള്ള നിരവധി വിശുദ്ധര്‍ ‘ദിവ്യത്വം കൈവരിച്ചത് പരുക്കനും, കഠിനമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ്’ എന്നകാര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു “യേശുവിനൊപ്പം, ഇതെല്ലാം സാദ്ധ്യമാണ്.”