India - 2024
ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ധം: ബംഗളൂരുവില്‍ ക്രിസ്തു രൂപവും കുരിശുകളും അധികാരികള്‍ പൊളിച്ചുമാറ്റി
സ്വന്തം ലേഖകന്‍ 05-03-2020 - Thursday
ബംഗളൂരു: തീവ്രഹിന്ദുത്വസംഘടനകളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ യേശുവിന്റെ രൂപവും പതിനാലോളം കുരിശുകളും അധികാരികള്‍ പൊളിച്ചുമാറ്റി. ബംഗളൂരു നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെ ദേവനഹള്ളി താലൂക്കില്‍പെട്ട ദൊഡ്ഡസാഗരഹള്ളി വില്ലേജിലെ മഹിമ ബെട്ടയില്‍ സ്ഥിതി ചെയ്യുന്ന 20 വര്‍ഷം പഴക്കമുള്ള 12 അടി ഉയരമുള്ള യേശുവിന്റെ രൂപവും കല്‍ കുരിശുകളുമാണ് രൂപമാണ് അധികാരികള്‍ തകര്‍ത്തത്. ക്രൈസ്തവവിശ്വാസികള്‍ക്ക് ആരാധനയ്ക്കും സെമിത്തേരിക്കുമായി കര്‍ണാടക സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയതാണ് നാലരയേക്കര്‍ സ്ഥലത്താണ് ഇത് നീലനിന്നിരിന്നത്.
ബംഗളൂരു അതിരൂപതയിലെ കത്തോലിക്ക വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ നോമ്പുകാലത്ത് കുരിശിന്റെ വഴി തുടങ്ങിയ പ്രാര്‍ത്ഥനകളും ഇവിടെ നടത്തിയിരുന്നു. എന്നാല്‍, പ്രദേശവാസികളെ വൈദികര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഗ്രാമത്തിലെ ക്രൈസ്തവര്‍ക്കെതിരേ തീവ്രഹിന്ദുത്വസംഘടനകളായ ബജ്‌റംഗ്ദളിന്റെയും ഹിന്ദുരക്ഷാ വേദിക്കിന്റെയും പ്രവര്‍ത്തകര്‍ രംഗത്തുവരികയായിരുന്നു. നിയമവിരുദ്ധമായാണ് ആരാധനാലയം നിര്‍മിച്ചിരിക്കുന്നതെന്നും യേശുവിന്റെ രൂപം പൊളിച്ചുമാറ്റണമെന്നുമാവശ്യപ്പെട്ട് ഇവര്‍ പ്രതിഷേധപ്രകടനവും നടത്തി. തുടര്‍ന്നാണ് അധികാരികള്‍ പ്രതിമയും കുരിശുകളും മുന്നറിയിപ്പില്ലാതെ പൊളിച്ചുനീക്കിയത്.
എന്നാല്‍, സെമിത്തേരിയും പ്രാര്‍ത്ഥനാ കേന്ദ്രവും ഉള്‍പ്പെടുന്ന സെന്റ് ജോസഫ് ദേവാലയ നേതൃത്വം ഹിന്ദുത്വസംഘടനകളുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ആറുവര്‍ഷം മുമ്പ് അന്നത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തിവന്നിരുന്നതെന്ന് മലയാളി വൈദികന്‍ ഫാ. മാത്യു കൊട്ടയില്‍ പറഞ്ഞു. ജനങ്ങളെ മതപരിവര്‍ത്തനം ചെയ്തുവെന്ന് പറയുന്നത് ശരിയല്ല. പ്രദേശവാസികള്‍ എല്ലായ്‌പ്പോഴും ഞങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ ഞങ്ങളുടെ മതകാര്യങ്ങളില്‍ ഒരിക്കലും ഇടപെടാറില്ല. അതുകൊണ്ടുതന്നെ പ്രതിഷേധക്കാര്‍ ഈ സ്ഥലത്തിന് പുറത്തുനിന്നുള്ളവരാണെന്നാണ് കരുതുന്നത്. രൂപവും കുരിശുകളും പൊളിച്ചുമാറ്റുമ്പോള്‍ തങ്ങളെ അവിടേക്ക് പോവാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. വര്‍ഷങ്ങളായി തങ്ങള്‍ പടുത്തുയര്‍ത്തിയതെല്ലാം അവര്‍ തകര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
ആരുമായും തങ്ങള്‍ക്ക് ഏറ്റുമുട്ടാല്‍ താല്‍പര്യമില്ല. അതുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കിയ ദേവനഹള്ളി തഹസില്‍ദാര്‍ അജിത് കുമാര്‍ റായിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഫാ. മാത്യു കോട്ടയില്‍ കൂട്ടിച്ചേര്‍ത്തു. പ്രതിമയും കുരിശുകളും തകര്‍ത്ത നടപടി സാമുദായിക ഐക്യത്തിന് തിരിച്ചടിയാണെന്നും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക