Youth Zone - 2024

'ഇതൊരു മത്സരമല്ല': നോമ്പ് മുടങ്ങിയവര്‍ക്ക് പ്രചോദനവുമായി വൈദികന്റെ ട്വീറ്റുകള്‍

സ്വന്തം ലേഖകന്‍ 06-03-2020 - Friday

ലോസ് ആഞ്ചലസ്: നോമ്പ് എടുക്കണമെന്ന് തീരുമാനിച്ചിട്ട് പലവിധ കാരണങ്ങളാൽ മുടങ്ങി പോയവര്‍ക്ക് പ്രോത്സാഹനവുമായി ലോസ് ആഞ്ചലസ് അതിരൂപതയിലെ വൈദികനായ ഫാ. ഗോയോ ഹിഡാൽഗോ. നോമ്പ് മുടങ്ങിപ്പോയവർക്ക് പ്രചോദനം നൽകാനായി, ട്വിറ്ററിൽ അദ്ദേഹം കുറിച്ച ചിന്തകൾ ഇപ്പോൾ വൈറലാണ്. നോമ്പിന് ചോക്ലേറ്റ് വർജ്ജിക്കുവാന്‍ തീരുമാനമെടുത്തതും അതില്‍ പതറി പോയതും സംബന്ധിച്ച് താൻ എഴുതിയ ട്വിറ്റർ പോസ്റ്റിന് ലഭിച്ച മറുപടികൾ തന്നെ അത്ഭുതപ്പെടുത്തിയെന്നും, അതിനാൽ നോമ്പുകാലത്തിൽ നടത്തുന്ന പാപപരിഹാരത്തെ സംബന്ധിച്ച് ഏതാനും കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ഫാ. ഗോയോയുടെ വിശദീകരണം ആരംഭിക്കുന്നത്.

പാപപരിഹാരം ചെയ്തതുകൊണ്ട് നമ്മൾ മറ്റുള്ള മനുഷ്യരേക്കാൾ മെച്ചപ്പെട്ടവര്‍ ആണെന്ന് അർത്ഥമില്ലെന്ന് അദേഹം പറയുന്നു. അങ്ങനെ ആയിരുന്നെങ്കിൽ പാപപരിഹാരം ഒരു മത്സരം മാത്രമായി ചുരുങ്ങുമായിരുന്നു. നമ്മുടെ ഹൃദയങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ലെങ്കിൽ നോമ്പിന് നമ്മൾ എന്ത് ഉപേക്ഷിക്കുന്നു എന്നതിൽ കാര്യമില്ല. അപ്പോള്‍ പാപപരിഹാരം ഫല ശൂന്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.



ഒരുപാട് കാര്യങ്ങൾ, പല തവണകളായി ഉപേക്ഷിക്കുന്നതിനെക്കാൾ ഉപരിയായി ഒരു കാര്യം നോമ്പ് കാലത്ത് മുഴുവൻ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും വൈദികന്‍ ഓര്‍മ്മിപ്പിക്കുന്നു. കുറ്റം പറയുന്നത് ഒഴിവാക്കുക, അന്യരെ വിധിക്കുന്നത് ഒഴിവാക്കുക, കോപിക്കാതിരിക്കുക, പ്രാർത്ഥനയ്ക്കു വേണ്ടി കൂടുതൽ സമയം ചെലവഴിക്കുക, മൊബൈൽ ഫോൺ മാറ്റിവയ്ക്കുക, രോഗികളെ സന്ദർശിക്കുക തുടങ്ങിയ ആത്മീയ ഉപദേശങ്ങളും അദ്ദേഹം നല്‍കുന്നു.

എന്തെങ്കിലും ഉപേക്ഷിക്കുക വഴി, ക്രിസ്തുവിന്റെ ബലിയെ പറ്റി നമുക്ക് കൂടുതൽ ബോധ്യം ലഭിക്കുമെന്ന് ഫാ. ഗോയോ പറയുന്നു. നോമ്പ് എടുക്കുന്നതിൽ മുടക്കം വന്നാലും വീണ്ടും വീണ്ടും ശ്രമിക്കുക എന്നതാണ് നോമ്പ് കാലത്തെ ഏറ്റവും പ്രസക്തമേറിയ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ പുസ്തകങ്ങൾ വായിക്കുക, പ്രാർത്ഥനയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുക, മറ്റുള്ളവരെ കൂടുതൽ സ്നേഹിക്കുക തുടങ്ങിയ ഉപദേശങ്ങളും പങ്കുവെച്ചുകൊണ്ടാണ് ഫാ. ഗോയോയുടെ ട്വീറ്റുകൾ അവസാനിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക     


Related Articles »