Social Media - 2024
പാഠം വലുത്, കൊറോണ വന്നത് നല്ലതാണ്..!
ഫാ. മാത്യു നെരിയാട്ടില്‍ 10-03-2020 - Tuesday
നല്ല കാറ്റും മഴയും വന്നാലേ, ഉറപ്പുള്ള പാറമേൽ അടിസ്ഥാനമിട്ട ഭവനം ഏതെന്നു അറിയൂ. വഴിയേ പോകുന്ന ഏതെങ്കിലും കീടങ്ങൾ മോങ്ങിയാൽ യാത്രയിലതു വരെ കൈ പിടിച്ച അപ്പനെ മറന്നു കാണുന്ന വഴിയേ ഓടുന്നവർക്കുള്ളതല്ല സ്വർഗ്ഗരാജ്യം. ആറടി മണ്ണിൽ എല്ലാം തീരുന്നു എന്ന് കരുതുന്നവർക്ക് ദൈവവും സ്വർഗവുമൊക്കെ വെറും മായ. പിന്നെ എല്ലാ മതങ്ങളെയും പോലെ മറ്റൊന്ന് എന്ന് ക്രിസ്തുവിശ്വാസത്തെ കാണുന്നവർ കണ്ണിനു തിമിരം ബാധിച്ചവരോ ബുദ്ധിയിൽ അന്ധകാരം ബാധിച്ചവരോ ആയിരിക്കും. മതമേതായാലും മതമില്ലാതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ആശയം കേൾക്കാൻ നല്ല സുഖം.
ചരിത്രവും സ്ഥിതിവിവരകണക്കുകളും മുൻവിധികളില്ലാതെ മനസ്സിലാക്കുന്നവർക്കറിയാം ഈ ലോകത്തെ സുന്ദരമാക്കാൻ ക്രിസ്തുവിശ്വാസത്തെക്കാൾ മറ്റൊന്നിനും മറ്റൊരാൾക്കും മറ്റൊരാശയത്തിനും കഴിഞ്ഞിട്ടില്ല എന്ന്. എതിരായി ഉയർത്തി കാട്ടാൻ കുറെ പറഞ്ഞു ശീലിച്ച cliche കഥകളും ഇടറിപ്പോയ കുറെ ജീവിതങ്ങളും ഉണ്ടാകാം. അനിവാര്യമായ ഒരു ഫില്‍റ്ററിംഗ് ഇപ്പോൾ നടക്കുന്നുണ്ട്. സത്യവിശ്വാസത്തിന്റെ മറവിൽ അതിന്റെ മാനം കെടുത്തിയ ചില കളകൾ മാറിപ്പോകേണ്ടത് ആവശ്യമാണ്.
ഇന്ന് നടക്കുന്നതൊന്നും ക്രിസ്തുവും അവന്റെ സഭയും പ്രതീക്ഷിക്കാത്തതല്ല. അവന്റെ സുനിശ്ചിതമായ രണ്ടാം വരവിനു മുൻപ് സഭ ഒരു വിശ്വാസത്യാഗത്തിലൂടെ കടന്നുപോകും എന്ന് വചനവും സഭാപ്രബോധനങ്ങളും കൃത്യമായി പറയുന്നുണ്ട്. ഇതൊക്കെ അറിയണം എന്നുണ്ടെങ്കിൽ കടമയ്ക്കു വേണ്ടിയല്ലാതെ തുറന്ന മനസ്സോടെ, ലോകത്തിൽ മറ്റെന്തിനേക്കാളുമധികം സ്നേഹത്തോടെ ബൈബിൾ ഒന്ന് തുറന്നു വായിക്കണം. പിന്നെ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലുകളിൽ നല്കപ്പെട്ടിട്ടുള്ള സന്ദേശങ്ങൾ എന്നിവയൊക്കെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.
എല്ലാറ്റിലുമുപരി ക്രിസ്തു എന്ന വ്യക്തിയെ സ്നേഹിക്കുക
അവന്റെ സ്നേഹം അതിന്റെ പരമാവധിയിൽ വെളിപ്പെടുന്ന വി. കുർബാന ഒരുക്കമുള്ള ഒരു ഹൃദയത്തോടെ നല്ല കുമ്പസാരത്തിന് ശേഷം സ്വീകരിക്കുക. സഭയിലെ ഏതെങ്കിലും ഒരു വ്യക്തി, അതെന്റെ അപ്പനോ മാർപാപ്പയോ തന്നെ ആകട്ടെ, തെറ്റിപ്പോയാലും ക്രിസ്തുവിനെ തള്ളി പറഞ്ഞാലും അങ്ങേയറ്റത്തെ തിരസ്കരണമോ കയ്പോ ലഭിച്ചാലും എന്റെ ചങ്കിലെ അവസാന ഇടിപ്പ് വരെ എന്റെ നെഞ്ചിലെ അവസാന ശ്വാസം വരെ എനിക്ക് വിശ്വസിക്കാനും ചേർത്ത് പിടിക്കാനും ഒരു ദൈവമുണ്ട്. ഒരു ദൈവമേയുള്ളു. ആറടി മണ്ണിലഴിഞ്ഞു ചേർന്നില്ലാതാകുന്ന എന്റെ ശരീരത്തിനപ്പുറം എനിക്കൊരു ജീവിതമുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
എന്താണ് തെളിവ്? ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ കെട്ടു കഥകളല്ലേ അവയ്‌ക്കൊക്കെ? തെളിവ്? ഭൂമിക്കപ്പുറം ഒരു പ്രപഞ്ചം ഉണ്ടെന്ന് ആരൊക്കെയോ ശാസ്ത്രമെന്ന പേരിൽ പറഞ്ഞതൊക്കെ വിശ്വസിക്കാൻ എനിക്കവ പോയി നേരിട്ട് കാണണ്ട. ഫിസിക്സും കെമിസ്ട്രിയും അങ്ങനെ പലവിധ ശാസ്ത്രങ്ങൾ പറയുന്ന നൂറ് നൂറ് തത്വങ്ങൾ കണ്ണ് പൂട്ടി വിഴുങ്ങാൻ എനിക്ക് അവയൊന്നും നേരിട്ട് പരീക്ഷിക്കേണ്ട....
ഒരു വൈറസിനു പ്രതിവിധി കണ്ടുപിടിക്കാൻ പെടാപ്പാടു പെടുന്ന ശാസ്ത്രം ചന്ദ്രനിൽ ഫ്ലാറ്റ് വാടകക്ക് കൊടുക്കുമ്പോൾ അത് വാങ്ങാൻ ഇവിടെ ആളുണ്ട്. വേണമെങ്കിൽ അടുത്ത കുടിയേറ്റം അവിടെക്കാക്കാം. ഒന്ന് ശ്രമിച്ചു നോക്ക്..!
ഏതായാലും ഒന്നെനിക്കുറപ്പുണ്ട്, മറ്റേതു മതത്തിലും ഉള്ളവരെക്കാളും ദൈവവിശ്വാസം കളവാണെന്ന് പറയുന്നവരെക്കാളും എല്ലാം അധികം ഈ ലോകത്തിന് ഏറ്റവുമധികം നന്മ ചെയ്തിട്ടുള്ളവർ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ആയിരക്കണക്കിന് ജീവിതങ്ങളാണ്. യൂറോപ്പിൽ ദൈവത്തേക്കാളും വിശ്വാസത്തെക്കാളും അധികം Humanism, Secularism എന്നിവക്ക് പ്രാധാന്യം കൊടുത്തത് കൊണ്ടും ദൈവീക നിയമങ്ങൾക്ക് മീതെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ന്യായം പടച്ചുണ്ടാക്കിയ യഥാർത്ഥത്തിൽ പൈശാചികമായ മാനുഷികനിയമങ്ങളെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിച്ചത് കൊണ്ടും തെറ്റിനെ തെറ്റെന്നു വിളിച്ചു പറയാൻ നട്ടെല്ലുള്ള നേതാക്കന്മാരുടെ എണ്ണം ശുഷ്കിച്ചു പോയതും കൊണ്ടാണ് ഇവിടെ സഭ മെലിഞ്ഞത്. അതിന്റെ ബാക്കി പത്രമാണ് ഈ കേട്ടതൊക്കെ. അതിൽ വലിയ അത്ഭുതമില്ല. എന്നാൽ, ഒന്ന് കേട്ടോളു...
ആയുസുണ്ടെങ്കിൽ ഈ യൂറോപ്പിൽ വീണ്ടു സഭ ബലപ്പെടുന്നത് കാണാം. അതെങ്ങനെ എന്നായിരിക്കും?
ഒരാളുടെയും ബാങ്ക് ബാലന്‍സ് കൊണ്ടോ സ്വാധീനം കൊണ്ടോ വാക്ചാതുര്യം കൊണ്ടോ അക്രമമോ നിർബന്ധമോ കൊണ്ടല്ല സഭ ലോകമാകെ പടർന്നതും വളർന്നതും. വെറുതെ ചരിത്രമൊന്നു പഠിച്ചാൽ മതി ഇതൊക്കെ പിടി കിട്ടാൻ. കർത്താവിനെ കല്ലറയിൽ അടച്ചു എല്ലാം തീർന്നു എന്നഹങ്കരിച്ചവർ ഏറെ ഉണ്ടായിട്ടുണ്ട്. അവരൊക്കെ മണ്ണടിഞ്ഞിട്ടും ആരെയും വേദനിപ്പിക്കാതെ എല്ലാവർക്കും നന്മ ചെയ്ത് വേണമെങ്കിൽ ക്രിസ്തുവിനു മരിക്കാൻ പോലും തയ്യാറാകുന്ന പതിനായിരങ്ങൾ ഇന്നുമുണ്ട് എന്നത് തന്നെയല്ലേ ക്രിസ്തു ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവ്.
ഒരു പ്രത്യാശയെന്നെ ലഹരി പിടിപ്പിക്കുന്നു...ഒരു സ്വപ്നമെന്റെ അസ്ഥികളെ തീ പിടിപ്പിക്കുന്നു...നോവുള്ളൊരു ഭാരമെന്റെ ചങ്കിലൊരു വിട്ടുമാറാത്ത നിലവിളി കൊരുക്കുന്നു...പരശ്ശതം പുണ്യപുഷ്പങ്ങൾ വിരിഞ്ഞയീ മണ്ണിന്റെ മാറിൽ തിമിർത്തു പെയ്യാനൊരു ഗന്ധകമഴ തലക്കു മീതെ ഉറഞ്ഞു കൂടുന്നതിനിയുമറിയാത്ത പ്രകാശം കെട്ട കണ്ണുകളുള്ള ഒരു ജനതയുടെ മധ്യേ, ഒരു പ്രത്യാശയുടെ സുവിശേഷം എന്റെ തണുത്ത ദിനരാത്രങ്ങളെ തീ പിടിപ്പിക്കുന്നു...
ഉവ്വ്, ഒരു ഭാവിയുണ്ട്. യൂറോപ്പിനൊരു ആത്മനിറവിന്റെ ഭാവിയുണ്ട്... സാധ്യതകൾ തീരെയില്ലാത്തതു കൊണ്ടും ജറീക്കോയെ വെല്ലുന്ന പൈശാചിക കോട്ടകൾ ഒട്ടും വിരളമല്ലാത്തതു കൊണ്ടും എന്റെ പ്രതീക്ഷയുടെ കൂടാരത്തിന്റെ അതിരുകൾ വിസ്തൃതമാക്കാൻ എനിക്കൊരു ചങ്കുറപ്പ്... യൂറോപ്പിന്റെ മണ്ണിനെ പുണ്യവല്ലരികൾ വിളയുന്ന വയലായി രൂപാന്തരപ്പെടുത്തുന്ന ആത്മമാരി ഇങ്ങെത്തിപ്പോയി ദൈവത്തിന് മീതെ പ്രതിഷ്ഠിച്ച ഹ്യൂമനിസവും സെക്യൂലറിസവും ഇക്വാലിറ്റേറിയനിസവും ഒക്കെ വിജനമാക്കിയ ദൈവാലയപരിസരങ്ങളെ വീണ്ടും ജനനിബിഡമാക്കുന്ന ഒരു അന്ത്യകാല വെളിപാട് യൂറോപ്പിന്റെ ആകാശങ്ങളിൽ വീശിയടിക്കുക തന്നെ ചെയ്യും.
വിശുദ്ധിയുടെ പരിമളം ഇനിയും തങ്ങി നിൽക്കുന്ന യൂറോപ്പ്... അങ്ങനെ നിയോഗത്തിന്റെ അതിരുകളെ ചക്രവാളത്തോളം വളർത്തുന്ന ദൈവപരിപാലനയെ കാണാതിരിക്കുവതെങ്ങനെ ഞാൻ...!
ഉവ്വ്, സാധ്യമാണ്. യൂറോപ്പിലൊരു സുവിശേഷ കൊടുങ്കാറ്റു സാധ്യമാണ്..!
("പാഠം ഒന്ന് - കൊറോണാ" എന്ന titile-ൽ നിരീശ്വരവാദികൾ പ്രചരിപ്പിച്ച ലേഖനത്തിനുള്ള മറുപടി)