News - 2025

ക്രൈസ്തവർ പ്രകാശത്തിന്റെ മക്കളാണ്, അവർക്ക് ഇരട്ട മുഖമുള്ള ജീവിതം പാടില്ല: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകന്‍ 30-04-2016 - Saturday

ക്രൈസ്തവര്‍ പ്രകാശത്തിന്റെ മക്കളാണന്നും, പുറമേ നന്മയുടെ മുഖഭാവം കാണിച്ചിട്ട്, ഹൃദയത്തില്‍ അന്ധകാരവുമായി ജീവിക്കുന്ന ഇരട്ട ജീവിതം അവർക്ക് പാടില്ലെന്ന്‍ ഫ്രാന്‍സിസ് പാപ്പ. 'ഹൃദയത്തില്‍ അന്ധകാരം നിറഞ്ഞു നിന്നാൽ ദൈവത്തെ ദർശിക്കുവാൻ സാധിക്കുകയില്ല' എന്ന് പറഞ്ഞുകൊണ്ട് ക്രൈസ്തവരോട് ഇരുണ്ട പാതകള്‍ വിട്ട് പ്രകാശത്തില്‍ ചരിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനക്കിടക്കുള്ള തന്റെ പ്രസംഗത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

വിശുദ്ധ യോഹന്നാന്റെ ഒന്നാം ലേഖനത്തെ ആസ്പദമാക്കി, പാപത്തിനെതിരെയുള്ള അനശ്വരമായ സമരത്തെകുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "നമുക്ക് ശുദ്ധിയുള്ളവരായിരിക്കാം, എന്നിരുന്നാലും ഏതെങ്കിലും വിധത്തില്‍ നാം പാപം ചെയ്യുവാനിടയായാൽ പിതാവായ ദൈവത്തിന്റെ ക്ഷമയും, കാരുണ്യവും നമുക്ക് അപേക്ഷിക്കാം." ഒരു കാര്യം പറയുകയും മറ്റൊരു കാര്യം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് ഇരട്ട ജീവിതം നയിക്കുന്നതിനെതിരെ അദ്ദേഹം വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അപ്പസ്തോലന്‍ വിശ്വാസികളോട് സത്യം പറയുവാന്‍ ആവശ്യപ്പെടുന്നതിനെ എടുത്ത് കാട്ടിക്കൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“നിങ്ങള്‍ ദൈവവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറയുന്നുവെങ്കിൽ, നിങ്ങള്‍ പ്രകാശത്തില്‍ ചരിക്കണം; അല്ലാതെ ഇരട്ട ജീവിതം അരുത്! അത് പാടില്ല! നാം ചില അവസരങ്ങളില്‍ പ്രലോഭനത്തിൽ വീണ്പോകാറുണ്ട്. ചിലപ്പോള്‍ നാം ഒരുകാര്യം പറയുകയും മറ്റൊരു കാര്യം ചെയ്യുകയും ചെയ്യും, ഇത് ഒരിക്കലും അവസാനിക്കാത്ത പ്രലോഭനമാണ്. എവിടെ നിന്നുമാണ് ഈ നുണ കടന്ന്‍ വരുന്നതെന്ന് നമുക്കറിയാം: യേശു സാത്താനെ നുണയനെന്നും അസത്യങ്ങളുടെ പിതാവെന്നും വിളിക്കുന്നതായി ബൈബിളില്‍ നമുക്ക് കാണാം. അതിനാൽ കള്ളം പറയാതിരിക്കുക"

തന്റെ ലേഖനത്തിൽ യോഹന്നാന്‍ ‘മക്കളേ’ എന്ന് അഭിസംബോധന ചെയ്യുന്നതിനെ ചൂണ്ടികാണിച്ചുകൊണ്ട് പാപ്പാ പറഞ്ഞു, "ഒരു മുത്തശ്ശന്‍ തന്റെ പേരകുട്ടികളോടെന്നപോലെയുള്ള സ്നേഹപൂര്‍വ്വമായ തുടക്കം, ഇത് ഈ വായനയില്‍ അടങ്ങിയിരിക്കുന്ന ആര്‍ദ്രതയും, പ്രകാശവും വെളിപ്പെടുത്തുന്നു. ഈ മുത്തശ്ശന്‍ കാരുണ്യത്തോടും ദയയോടും കൂടി ശൈശവത്തിലുള്ള തിരുസഭയിലെ ജനങ്ങളോട്, പാപം ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നാം പാപം ചെയ്യുകയാണെങ്കില്‍, നമ്മോട് ക്ഷമിക്കുവാന്‍ കാത്തിരിക്കുന്ന നമ്മുടെ കർത്താവിന്റെ നേര്‍ക്ക് നോക്കുക. അവിടുത്തെ കാരുണ്യം നമ്മുടെ പാപങ്ങളേക്കാളും വലുതാണ്‌."

നമ്മുടെ കർത്താവിൽ നിന്നു മാത്രമേ നമുക്ക് തിന്മയെ ചെറുത്തു തോല്പിക്കാനുള്ള ശക്തിലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു

“നാം പ്രകാശത്തില്‍ സഞ്ചരിക്കണം, കാരണം ദൈവം പ്രകാശമാണ്. ഒരു പാദം പ്രകാശത്തിലും മറ്റൊന്ന് ഇരുട്ടിലുമായി നാം സഞ്ചരിക്കരുത്. നാമെല്ലാവരും പാപം ചെയ്തവരാണ്. ‘ഈ മനുഷ്യന്‍ പാപിയാണ്’, അല്ലെങ്കില്‍ ‘ഈ സ്ത്രീ പാപിയാണ്’ എന്ന് ആര്‍ക്കും പറയുവാന്‍ കഴിയുകയില്ല. നമ്മളിൽ എന്തെങ്കിലും നന്മയുണ്ടങ്കിൽ അതിന് ദൈവത്തിനു നന്ദി പറയുക. ഒരാള്‍ മാത്രമാണ് നല്ലവൻ- നമുക്ക് വേണ്ടി മരിച്ച യേശു. നാം പാപം ചെയ്യുകയാണെങ്കില്‍, നമ്മുടെ പാപങ്ങള്‍ക്ക് മാപ്പ് നല്‍കുവാന്‍ അവന്‍ നമുക്കായി കാത്തിരിക്കുകയാണ്. കാരണം അവന്‍ കരുണയുള്ളവനാണ്, കൂടാതെ നാം പൊടിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവരാണെന്ന കാര്യം അവനറിയുകയും ചെയ്യാം." മാർപാപ്പ പറഞ്ഞു.