Social Media - 2024
വിശുദ്ധരാകാൻ സഹായിക്കുന്ന കൊറോണ വൈറസ് നാളുകൾ
ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് 25-03-2020 - Wednesday
ഒരുപക്ഷേ ഇതുവരെ ധ്യാനിക്കാതിരുന്ന ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ മറ്റൊരു മുഖം കൊറോണ നാളുകളിൽ നിർബന്ധപൂർവ്വം ധ്യാനിക്കാൻ ക്രിസ്ത്യാനി പ്രേരിതമാവുകയാണ്. ദൈവത്തിന്റെ അനുഗ്രഹം, രോഗം സൗഖ്യമാക്കുന്നതിലും കടബാധ്യതകളിൽ നിന്ന് മോചനം നേടുന്നതിലും ജീവിതത്തിലെ പല വിധ പ്രശ്നങ്ങൾ മാറുന്നതിലുമാണ് എന്ന് ഏതാണ്ട് വിശ്വസിക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ അത് ഉൾക്കൊള്ളാൻ തീർത്തും സാധിക്കാത്ത ഒരു സാഹചര്യം ഇപ്പോൾ രൂപപ്പെട്ടിരിയ്ക്കുകയാണ്.
തന്നെപ്രതി സകലതും ഉപേക്ഷിക്കാനും നഷ്ടപ്പെടുത്താനും (ലൂക്കാ 14:26-33) എല്ലാവിധ കഷ്ടതകളും സഹിക്കാനും (ലൂക്കാ 14:27) ഈശോ ആവശ്യപ്പെട്ടിരിക്കെ ആ ഒരു മേഖലയെ, സുവിശേഷത്തിന്റെ കാതലായ ഈ മേഖലയെ ഒഴിവാക്കിയുള്ള സുവിശേഷ പ്രഘോഷണവും ക്രൈസ്തവ ജീവിതവും എത്രമാത്രം അപൂർണ്ണമായിരുന്നു എന്ന് ഈ നാളുകൾ തിരിച്ചറിവ് നൽകുന്നു. തനിക്ക് ഒന്നും സഹായിക്കാൻ പറ്റാതെ, പ്രശ്നങ്ങളുടെ മുൻപിൽ ആത്മീയ ശുശ്രൂഷകൻ പകച്ചു നിൽക്കുമ്പോൾ ദൈവം ആണ് പരമാധിപൻ; ശുശ്രൂഷകർ ഒക്കെ തന്നെപ്പോലെ ഒരു സാധാരണ വ്യക്തി മാത്രം, ദൈവം സഹായിച്ചില്ലെങ്കിൽ അവർ ഒന്നുമല്ല എന്ന തിരിച്ചറിവിൽ അവരിൽ നിന്ന് ദൈവത്തിലേയ്ക്ക് കണ്ണുകളുയർത്താന്നും അങ്ങനെ ശിയായ ഒരാദ്ധ്യാത്മികത പരിശീലിക്കാനും വിശ്വാസികൾക്ക് ഇത് നല്ല അവസരമാണ്.
ശുശ്രൂഷകനും താൻ ഒന്നുമല്ല എന്ന തികഞ്ഞ ബോധ്യത്തിലെത്താനും സുവിശേഷം യഥാവിധി ജീവിക്കാനും ഇത് സുവർണ്ണാവസരം ആകുന്നു. ഇതുപോലെ തന്നെ സയൻസിനെ ദൈവമായി ആരാധിച്ചിരുന്നവർക്കും ഇത് കണ്ണുതുറക്കലിനുള്ള സമയം തന്നെ. വിരുദ്ധരാകാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനി ആ ഒരു ലക്ഷ്യം മറന്ന് ഭൗതികതയിലും ആത്മീയതയുടെ ഉപരിപ്ലവമായ കാര്യങ്ങളിലും മുഴുകി ജീവിച്ചുകൊണ്ടിരിക്കെ, ഇത്തരമൊരു സാഹചര്യം പ്രത്യക്ഷപ്പെടുമ്പോൾ അതവന് ഞെട്ടൽ ഉണ്ടാക്കും എന്നത് തീർച്ചയാണ്. എന്നാൽ ആദിമസഭയിലെ ക്രിസ്ത്യാനികളെ പോലെ ക്രിസ്തുവിനെപ്രതി സമസ്തവും കൈവിടാനും രക്തസാക്ഷിത്വം വരെ സ്വീകരിക്കാനും ഒരുങ്ങിയിരുന്നവർക്ക് കൊറോണ വൈറസ് കാര്യമായ അസ്വസ്ഥത ഉണ്ടാക്കില്ല.
കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാൻ പരിശീലിപ്പിക്കുന്നതിനെക്കാൾ, വിശുദ്ധരാകാനുള്ള ഈ രക്തസാക്ഷിത്വം വരെ വരിക്കാനുള്ള തങ്ങളുടെ ദൈവവിളിയെക്കുറിച്ച് ക്രിസ്ത്യാനികളെ തികഞ്ഞ ബോധവാൻമാരാക്കുകയായിരിക്കും എല്ലാം കൊണ്ടും പ്രയോജനകരം. വിശുദ്ധനായാൽ കൊറോണ വൈറസ് ബാധിച്ചാൽ തന്നെ എന്ത്, വിശുദ്ധനായില്ലെങ്കിൽ കൊറോണ വൈറസ് ബാധിക്കാതിരുന്നതുകൊണ്ട് എന്ത് പ്രയോജനം?
അശുദ്ധി, ദൈവത്തിലുള്ള യഥാർത്ഥ ആശ്രയമില്ലായ്മ, ദൈവത്തോടും സഹോദരങ്ങളോടും ഹൃദയത്തിൽ സ്നേഹമില്ലായ്മ, ക്രിസ്തുവിനു വേണ്ടി സകലതും ത്യജിക്കാനും സഹിക്കാനും ഉള്ള താൽപര്യമില്ലായ്മ ഇവയൊക്കെയാണ് കൊറോണ വൈറസിനെക്കാൾ പതിനായിരം മടങ്ങ് ക്രിസ്ത്യാനികൾക്ക് അപകടകരം എന്ന് ഈ കൊറോണ നാളുകളിൽ എങ്കിലും എല്ലാവർക്കും ബോധ്യപ്പെട്ടിരുന്നുവെങ്കിൽ!
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക