Faith And Reason

'ഡൗറി ഓഫ് മേരി': നൂറ്റാണ്ടുകള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെ ഇന്ന് പരിശുദ്ധ അമ്മയ്ക്ക് പുനര്‍സമര്‍പ്പിക്കും

പ്രവാചക ശബ്ദം 29-03-2020 - Sunday

ലണ്ടന്‍: ആറര നൂറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് വീണ്ടും സമര്‍പ്പിക്കുവാന്‍ ബ്രിട്ടീഷ് കത്തോലിക്ക വിശ്വാസികള്‍ ഒരുങ്ങി. ഇന്നു ഉച്ചക്ക് 12നാണ് പുനര്‍സമര്‍പ്പണ ശുശ്രൂഷകള്‍ നടക്കുക. 1381ൽ ഇംഗ്ലണ്ട് കടുത്ത രാഷ്ട്രീയപ്രതിസന്ധികളിലൂടെ കടന്നുപോയ സാഹചര്യത്തിൽ റിച്ചാർഡ് രണ്ടാമൻ രാജാവ് ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് ‘സ്ത്രീധന’മായി (ഡൗറി ഓഫ് മേരി) പ്രഖ്യാപിച്ചതിന്റെ അനുസ്മരണാർത്ഥം 2018ൽ തന്നെ പുനഃസമർപ്പണ തിയതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ പുനര്‍സമർപ്പണത്തിന് കൂടുതൽ പ്രസക്തി കൈവന്നുവെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ആധുനിക വെല്ലുവിളികൾ നേരിടുന്ന ഇംഗ്ലണ്ടിലെ സഭയ്ക്ക് ഉണർവും ചൈതന്യവും ലഭിക്കണമെന്ന പ്രാർത്ഥനാനിയോഗമാണ് പുനസമർപ്പണത്തിൽ സഭ നേരത്തെ പ്രധാനമായും മുന്നോട്ടുവെച്ചത്. എന്നാൽ മഹാമാരി ലോകമെങ്ങും പടരുന്ന പശ്ചാത്തലത്തില്‍ കൊറോണാ വൈറസിൽനിന്ന് സംരക്ഷിതരാകാനുള്ള പ്രാർത്ഥനകള്‍ പുനര്‍ സമര്‍പ്പണത്തിന്റെ പ്രധാന നിയോഗമായി മാറും. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതിചെയ്യുന്ന ദേവാലയങ്ങൾ, കത്തോലിക്കാ സ്ഥാപനങ്ങൾ, ഭവനങ്ങൾ എന്നിവിടങ്ങളിൽ ഒത്തുചേർന്ന് വിശ്വാസീസമൂഹം തങ്ങളെതന്നെയും രാജ്യത്തെ ഒന്നടങ്കവും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കവാനാണ് തീരുമാനിച്ചിരിന്നതെങ്കിലും പൊതുകൂട്ടായ്മകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ അവരവരായിരിക്കുന്ന ഇടങ്ങളിൽ ആയിരുന്നുകൊണ്ട് രാജ്യത്തെ ദൈവ മാതാവിന് സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

അതേസമയം ദേവാലയങ്ങളില്‍ വൈദികര്‍ ജനപങ്കാളിത്തമില്ലാതെ ശുശ്രൂഷ നടത്തും. നമ്മള്‍ പരിശുദ്ധ മറിയത്തിന്റെ സ്ത്രീധനമാണെന്നും നമ്മുക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ചത് അവൾക്ക് നൽകിക്കൊണ്ട് ആ സ്ത്രീധനത്തെ സമ്പന്നമാക്കണമെന്നും അപ്പോള്‍ നമ്മുടെ ദേശത്തിനായി അവൾ അവളുടെ സംരക്ഷണ വലയം തീര്‍ക്കുമെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ വിന്‍സന്‍റ് നിക്കോള്‍സ് വാത്‌സിംഹാം തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചു.

പുനര്‍സമര്‍പ്പണത്തിന് മുന്നോടിയായി രണ്ടു വര്‍ഷമായി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവുമായി ഇംഗ്ലണ്ടിലെ കത്തീഡ്രലുകൾതോറും ആരംഭിച്ച പര്യടനം അവസാനഘട്ടത്തിലായിരുന്നു. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാത്‌സിംഹാം തീർത്ഥാടനകേന്ദ്രത്തിലെ സ്ലിപ്പർ ചാപ്പലിൽ പ്രതിഷ്ഠിച്ചിരുന്ന മാതാവിന്റെ തിരുസ്വരൂപമാണ് ‘ഡൗറി ടൂർ’ എന്ന് പേരിട്ട പ്രയാണത്തിന് തിരഞ്ഞെടുത്തത്. ആഗോള പ്രതിസന്ധിയെ തുടര്‍ന്നു പ്രയാണം താത്ക്കാലികമായി നിന്നെങ്കിലും വരും നാളുകളില്‍ രാജ്യം മുഴുവന്‍ പ്രയാണം തുടരുമെന്നാണ് സൂചന. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആസ്ഥാന ദേവാലയമായ പ്രസ്റ്റൺ കത്തീഡ്രലിലും ‘ഡൗറി ടൂർ’ പര്യടനം നടത്തിയിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »