Christian Prayer - May 2024

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി

വണക്കമാസം 02-05-2023 - Tuesday

"ആറാം മാസം ഗബ്രിയേൽ ദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതന്‍ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ" (ലൂക്കാ 1:26-28).

പരിശുദ്ധ കന്യകയെ ദൈവം തെരഞ്ഞെടുക്കുന്നു

ആദിമാതാപിതാക്കന്‍മാര്‍ ചെയ്ത പാപം മൂലം മാനവരാശിക്കു ലഭിച്ചിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടു. എങ്കിലും മാനവ വംശത്തെ രക്ഷിക്കുവാന്‍ പിതാവായ ദൈവം സ്വപുത്രനെ ലോകത്തിലേക്കയച്ചു. ദൈവത്തിന്‍റെ കാരുണ്യം മനുഷ്യരില്‍ പ്രകാശിപ്പിക്കുവാന്‍ അവിടുന്ന് മനുഷ്യരൂപം സ്വീകരിക്കുകയാണ് ചെയ്തത്. അങ്ങനെ പരിപൂര്‍ണ മനുഷ്യത്വം സ്വീകരിക്കുവാന്‍ തയ്യാറായ ദൈവം സകല മനുഷ്യരിലും ശ്രേഷ്ഠയും പുണ്യങ്ങളാല്‍ അലംകൃതയുമായ പരിശുദ്ധ കന്യകയെ തിരഞ്ഞെടുത്തുയെന്നത് ഏറ്റവും സമുചിതമായ കാര്യമാണ്. ദൈവമാതൃത്വം സ്വീകരിച്ചുകൊണ്ട് മറിയത്തിന് ഈ മഹനീയ കര്‍മ്മത്തില്‍ പങ്കാളിയാകാന്‍ സാധിച്ചു.

അന്നു ജീവിച്ചിരുന്ന സകല യഹൂദ സ്ത്രീകളിലും വച്ച് ശ്രേഷ്ഠയായ ഒരു സ്ത്രീയെ ദൈവമാതൃ സ്ഥാനത്തിനായി തിരഞ്ഞെടുക്കുകയല്ല ദൈവം ചെയ്തത്. നിത്യകാലം മുതല്‍ മറിയത്തെ ദൈവം സ്വമാതാവായി തിരഞ്ഞെടുക്കുവാന്‍ നിശ്ചയിച്ചിക്കുകയായിരിന്നു. പ്രപഞ്ചോല്‍പത്തിയുടെ ആരംഭത്തില്‍ തന്‍റെ വഴികളുടെ ആരംഭത്തില്‍ യാതൊന്നും സൃഷ്ടിക്കുന്നതിനു മുന്‍പ് തന്നെ ആദിയില്‍ മറിയത്തെ സ്വായത്തമാക്കിയിരുന്നു.

വചനം പറയുന്നു, "സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായഅരുവികള്‍ക്കും മുന്‍പുതന്നെഎനിക്കു ജന്‍മം കിട്ടി. പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കുംരൂപം കിട്ടുന്നതിനു മുന്‍പ് ഞാനുണ്ടായി. ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്നതിനും മുന്‍പ് എനിക്കു ജന്‍മം നല്‍കപ്പെട്ടു" (സുഭാഷിതം 8:23-28). പരിശുദ്ധ കന്യകയെപ്പോലെ നമ്മെ ഓരോരുത്തരെയും ദൈവം തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്നത്തെ ലോകത്തില്‍ ഒരു ദൗത്യം നമുക്കു നിര്‍വഹിക്കുവാനുണ്ട്. കുടുംബത്തിലും സമുദായത്തിലും രാഷ്ട്രത്തിലും നമ്മുടെ ദൗത്യനിര്‍വഹണമാവശ്യമുണ്ട്.

സംഭവം

ഫ്രാന്‍സില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര നടത്തുകയായിരുന്നു. അവരോടൊപ്പം തീവണ്ടിയില്‍ കയറിയ വൃദ്ധനായ ഒരു യാത്രക്കാരനെ അവര്‍ ശ്രദ്ധിച്ചു. വൃദ്ധന്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ജപമാലയെടുത്തു ജപിച്ചു കൊണ്ട് പ്രാര്‍ത്ഥനാനിമഗ്നനായി. അയാളുടെ മതവിശ്വാസത്തില്‍ അവജ്ഞ തോന്നിയ നിരീശ്വരവാദികളായ ചില വിദ്യാര്‍ത്ഥികള്‍ ആ വൃദ്ധനെ അപഹസിച്ചു കൊണ്ട് സംഭാഷണമാരംഭിച്ചു. ഇതു കേട്ടിട്ടും അദ്ദേഹം പ്രാര്‍ത്ഥന തുടര്‍ന്നു.

അയാളുടെ പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ പല കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോടു ചോദിച്ചു. അവയ്ക്കെല്ലാം അദ്ദേഹം പ്രശാന്തനായി മറുപടി പറഞ്ഞു. അവരുടെ സംഭാഷണം സാഹിത്യപരമായ കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ അന്നത്തെ പ്രശസ്ത നോവലിസ്റ്റും ഫ്രഞ്ചുസാഹിത്യത്തിലെ അനിഷേധ്യ നേതാവുമായ വിക്ടര്‍ ഹ്യുഗോവിനെപ്പറ്റി പരാമര്‍ശിച്ചു.

ഹ്യുഗോവിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്‍പര്യമുണ്ട് എന്ന കാര്യം അദ്ദേഹം വിദ്യാര്‍ത്ഥികളോടു പറഞ്ഞു. അവര്‍ വിക്ടര്‍ ഹ്യുഗോയുടെ ഗുണഗണങ്ങള്‍ സവിസ്തരം പ്രതിപാദിച്ച് യാത്ര അവസാനിച്ച് വിട ചോദിക്കവേ ആ വൃദ്ധന്‍ അവരോടു പറഞ്ഞു. വിക്ടര്‍ ഹ്യുഗോയേക്കുറിച്ച് ഒരു കാര്യം മാത്രം നിങ്ങള്‍ പറഞ്ഞില്ല. എന്താണത്? അവര്‍ ചോദിച്ചു. അദ്ദേഹം ഒരു യഥാര്‍ത്ഥ മരിയഭക്തന്‍ കൂടിയാണ്. എന്താണതിനു തെളിവ്? നിങ്ങള്‍ക്കത് എങ്ങനെ അറിയാം.

വൃദ്ധന്‍ സുസ്മേരവദനനായി ഇപ്രകാരം പ്രതിവചിച്ചു. നിങ്ങള്‍ പ്രകീര്‍ത്തിച്ച വിക്ടര്‍ ഹ്യുഗോ ഞാന്‍ തന്നെയാണ്. നിങ്ങളുടെ മുമ്പില്‍ വച്ച് കൊന്ത ജപിച്ച ഞാന്‍ വേറെ തെളിവ് നല്‍കണമോ? ആ വിശ്രുത സാഹിത്യകാരനോട് ക്ഷമാപണം ചെയ്തതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ അവിടെ നിന്നും പോയത്.

പ്രാര്‍ത്ഥന

ലോകപരിത്രാതാവിന്‍റെ മാതാവാകുവാന്‍ ദൈവത്താല്‍ പ്രത്യേകവിധം തെരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ കന്യകേ, ഞങ്ങളും സ്വര്‍ഗ്ഗഭാഗ്യത്തിനര്‍ഹരായിത്തീരുവാനുള്ള അനുഗ്രഹം ദൈവത്തോടപേക്ഷിച്ചു ഞങ്ങള്‍ക്ക് വാങ്ങി തരണമേ. ഞങ്ങളുടെ ലോകജീവിതത്തില്‍ അനേകം പ്രതിബന്ധങ്ങളും പ്രലോഭനങ്ങളും തരണം ചെയ്യേണ്ടിയിരിക്കുന്നു. അവയില്‍ നിന്നെല്ലാം മുക്തി പ്രാപിച്ച് ഞങ്ങള്‍ അങ്ങയോടു കൂടി സ്വര്‍ഗീയ സൗഭാഗ്യത്തിനര്‍ഹനായിത്തീരുവാനുള്ള അനുഗ്രഹം നല്‍കേണമേ. ഞങ്ങള്‍ ബലഹീനരാണ്. അവിടത്തെ മാദ്ധ്യസ്ഥം ഞങ്ങള്‍ക്കു പ്രത്യാശ നല്‍കുന്നുണ്ട്. നന്മ നിറഞ്ഞ അമ്മേ, നിന്‍റെ ശക്തിയാല്‍ സ്വര്‍ഗ്ഗസൗഭാഗ്യത്തിലെത്തിച്ചേരുന്നതു വരെയും ഞങ്ങളെ നിരന്തരം സഹായിക്കേണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന....

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന.....

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

ദൈവമാതാവായ കന്യകാമറിയമേ, ഞങ്ങള്‍ക്കും നീ മാതാവാകണമേ.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »