Faith And Reason - 2024
കൊറോണക്കെതിരെ ഒക്‌ലഹോമ ഗവര്‍ണറിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന കൂട്ടായ്മ
പ്രവാചക ശബ്ദം 01-04-2020 - Wednesday
ഒക്‌ലഹോമ: ചൈനയേയും ഇറ്റലിയേയും മറികടന്നുകൊണ്ട് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിക്കെതിരെ ദൈവീക ഇടപെടല്‍ യാചിച്ചുകൊണ്ട് അമേരിക്കയിലെ ഒക്‌ലഹോമ സംസ്ഥാന ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് ടെലിവിഷനിലൂടെ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാനത്തെ പ്രമുഖ ചാനലുകളിലും, ഓണ്‍ലൈനിലും പ്രാര്‍ത്ഥനയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരുന്നു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിന്റെ സമയമാണിതെന്നും, അതിനാലാണ് മുന്‍കൂട്ടികാണാതിരുന്ന ഈ വെല്ലുവിളിയെ നേരിടുന്നതിനുള്ള ശക്തിക്കും, സംരക്ഷണത്തിനും, ദൈവാനുഗ്രഹത്തിനുമായി ഒരു സംസ്ഥാനമെന്ന നിലയില്‍ ഒരുമിക്കേണ്ടത് ആവശ്യമാണെന്ന് തനിക്ക് തോന്നിയതെന്നും കെവിന്‍ സ്റ്റിറ്റ് വ്യക്തമാക്കി. “പ്രതീക്ഷ ഉയരട്ടെ: ഒക്‌ലഹോമക്ക് വേണ്ടി ഒരുമിച്ച് പ്രാര്‍ത്ഥനയില്‍” എന്ന്‍ പേരിട്ടിരുന്ന കൂട്ടായ്മയില്‍ വിവിധ ക്രൈസ്തവ കൂട്ടായ്മകളിലെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ട്രാന്‍സ്ഫോര്‍മേഷന്‍ സഭയിലെ റവ. മൈക്കേല്‍ ടോഡ്; എഡ്മണ്ട് ലൈഫ് ചര്‍ച്ചിന്റെ സ്ഥാപകരും മുതിര്‍ന്ന പാസ്റ്റര്‍മാരുമായ റവ. ക്രെയിഗ്, അമി ഗ്രോയിസ്ച്ചെല്‍; വുഡ്ലേക്ക് ചര്‍ച്ചിന്റെ റവ. ജാമി ഓസ്റ്റിന്‍; പ്യൂപ്പിള്‍സ് ചര്‍ച്ചിലെ റവ. ഹെര്‍ബെര്‍ട്ട് കൂപ്പര്‍; വിക്ടറി ചര്‍ച്ചിലെ റവ. പോള്‍ ഡോഹെര്‍ട്ടി, ഷാരോണ്‍ ഡോഹെര്‍ട്ടി; ഒക്ലാഹോമ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് ചാപ്ലൈനായ റവ. ജോയല്‍ ഹാര്‍ഡര്‍; ബാറ്റില്‍ ക്രീക്ക് ചര്‍ച്ചിലെ റവ. അലെക്സ് ഹിമായ; സതേണ്‍ ഹില്‍സ് ബാപ്റ്റിസ്റ്റ് സഭയിലെ റവ. ഡഗ് മെല്‍ട്ടണ്‍; ഗട്ട്സ് ചര്‍ച്ചിലെ റവ. ബില്‍ ഷീര്‍ തുടങ്ങിയ നേതാക്കളാണ് ഗവര്‍ണര്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. റിപ്പബ്ലിക്കന്‍ പ്രതിനിധിയായ സ്റ്റിറ്റ് 2019 ആദ്യത്തില്‍ ഒക്‌ലഹോമ ഗവര്‍ണറായി അധികാരത്തിലേറിയപ്പോള്‍ പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചതും വാര്‍ത്തയായിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Posted by Pravachaka Sabdam on