News
വിശുദ്ധ നാട്ടിലെ ജനതയുടെ വിലാപത്തിനു ചെവി കൊടുക്കണം: അമേരിക്കൻ, യൂറോപ്യൻ മെത്രാൻ പ്രതിനിധി സംഘം
പ്രവാചകശബ്ദം 24-01-2026 - Saturday
ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്ത്യൻ സമൂഹങ്ങളോടുള്ള അടുപ്പം, ഐക്യദാർഢ്യം, ആത്മീയവും അജപാലനപരവുമായ പിന്തുണ എന്നിവ പ്രകടിപ്പിച്ചുകൊണ്ട് യൂറോപ്യൻ, വടക്കേ അമേരിക്കൻ ബിഷപ്പുമാർ വാർഷിക തീർത്ഥാടനം നടത്തി. ഹോളി ലാൻഡ് കോർഡിനേഷന്‍ കമ്മറ്റിയുടെ ഭാഗമായിട്ടാണ് തീർത്ഥാടനം നടത്തിയത്. വളരെയധികം വേദന അനുഭവിക്കുന്ന ജനങ്ങളുള്ള നാട്ടിലേക്കുള്ള ഒരു തീർത്ഥാടനമായിരുന്നു ഇതെന്ന് മെത്രാന്മാർ പ്രസ്താവനയില്‍ കുറിച്ചു.
അക്രമങ്ങൾ ഭയന്ന് രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട ജനതയുടെ നിസ്സഹായാവസ്ഥയും അയൽക്കാരുമായി സമാധാനത്തോടെ ജീവിക്കാനുള്ള ആഗ്രഹം നിലനിൽക്കുമ്പോഴും, ഇതിനു വേണ്ടി തങ്ങളെ സഹായിക്കുവാൻ ആരും ഇല്ലെന്നുള്ള സങ്കടകരമായ അവരുടെ പരിഭവവും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. തീവ്രവാദികളായ കുടിയേറ്റക്കാരുടെ ആക്രമണങ്ങൾ, ഒലിവ് മരങ്ങൾ പിഴുതെറിയൽ, ഭൂമി കണ്ടുകെട്ടൽ, ജീവിതം ദുസ്സഹമാക്കുന്ന ഭീഷണിപ്പെടുത്തൽ, പലരെയും കൂട്ട കുടിയേറ്റത്തിലേക്ക് തള്ളിവിടുന്ന അവസ്ഥ എന്നിവ പാലസ്തീനിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളാണെന്ന് ബിഷപ്പുമാര്‍ വെളിപ്പെടുത്തി.
മനുഷ്യാവകാശങ്ങൾക്കും പൗരാവകാശങ്ങൾക്കും വേണ്ടി സംസാരിക്കുന്ന ധീരരായ ഇസ്രായേലികള്‍ വരെ ഇപ്പോൾ ഭീഷണി നേരിടുകയാണ്. ഇസ്രായേലിന്റെ നിലനിൽപ്പിനും രാജ്യത്തിന്റെ സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാനുള്ള അവകാശത്തിനും ഉറപ്പു നൽകുന്നതിനും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തെ മാനിക്കാനും ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള അർത്ഥവത്തായ ചർച്ചകൾ പുനരാരംഭിക്കാനും ബിഷപ്പുമാര്‍ ഇടപെടല്‍ തേടി. സ്നേഹത്തിന്റെയും പിന്തുണയുടെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനം നടത്തുവാനും യൂറോപ്യൻ, വടക്കേ അമേരിക്കൻ ബിഷപ്പുമാർ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?


















