Faith And Reason
ഇരിപ്പിടങ്ങളില്‍ കുടുംബങ്ങളുടെ പേരും കുരുത്തോലയും: മട്ടാഞ്ചേരി ഇടവക ദേവാലയം ശ്രദ്ധയാകര്‍ഷിക്കുന്നു
സ്വന്തം ലേഖകന്‍ 05-04-2020 - Sunday
മട്ടാഞ്ചേരി: ലോക്ക് ഡൌണിനെ തുടര്‍ന്നു ഓശാന ഞായര്‍ ശുശ്രൂഷകളില്‍ ജനപങ്കാളിത്തം ഇല്ലെങ്കിലും മട്ടാഞ്ചേരി ഇടവകയില്‍ വൈദികര്‍ സ്വീകരിച്ച നടപടി നവമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. മട്ടാഞ്ചേരി ജീവമാത ഇടവകയിലെ മുഴുവൻ കുടുംബങ്ങളുടെയും പേരുകൾ എഴുതി തയാറാക്കി ഓരോ കുടുംബത്തിനും കുരുത്തോലകളും ഇരിപ്പിടങ്ങളില്‍ ഒരുക്കിയാണ് ഈ വര്‍ഷം ഇടവക ജനങ്ങളുടെ അസാന്നിധ്യത്തില്‍ ദേവാലയം ഓശാന ആചരിക്കുന്നത്. ആത്മീയമായി ഓരോ കുടുംബവും കുരുത്തോലകൾ വഹിച്ചു ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കുകാരാകുന്ന രീതിയിൽ, പ്രതീകാത്മമായാണ് കുടുംബത്തിന്റെ പേരും കുരുത്തോലയും ഇരിപ്പിടങ്ങളില്‍ സജീകരിച്ചിരിക്കുന്നത്.
415 കുടുംബങ്ങളാണ് ഇടവകയ്ക്ക് കീഴിലുള്ളത്. ശാരീരികമായി അടുത്തല്ല എങ്കിലും ആത്മീയമായി അടുത്താണ് എന്ന് ഓര്‍മ്മപ്പെടുതലാണ് കുടുംബങ്ങളുടെ പേരെഴുതി വച്ചതിലൂടെയും കുരുത്തോല അലങ്കരിച്ചു വച്ചതിലൂടെയും നല്‍കുന്നതെന്നും വളരെ സ്നേഹത്തില്‍ പോകുന്ന ഒരു ഇടവകയാണ് ഇതെന്നും ഇത്തരം ഒരു കാര്യം ചെയ്തതിലൂടെ ആ സ്നേഹം കൂടുതല്‍ പ്രകടമാക്കപെടുന്നുവെന്നും അസിസ്റ്റന്റ് വികാരി ഫാ. പ്രസാദ് പറഞ്ഞു. കുരുത്തോല പതിപ്പിച്ച് ദേവാലയത്തീലെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.
