India - 2024

തൃശൂര്‍ അതിരൂപത 101 ചാക്ക് അരി കൈമാറി

20-04-2020 - Monday

തൃശൂര്‍: കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് തൃശൂര്‍ അതിരൂപത 101 ചാക്ക് അരി കൈമാറി. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവിലും ചേര്‍ന്നാണ് ഒരു ലോറി അരി കൈമാറിയത്. തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള തോപ്പ് സെന്റ് തോമസ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ അടുക്കളയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അരി ഏറ്റുവാങ്ങി. ഇടവകകളിലും കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിലും അതിരൂപതയുടെ ജീവകാരുണ്യ പ്രസ്ഥാനമായ സാന്ത്വനത്തിന്റെ ആഭിമുഖ്യത്തിലും പ്രാദേശികതലങ്ങളില്‍ ജീവകാരുണ്യ സേവനങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. രോഗവ്യാപനം തടയാന്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കോവിഡ്-19 വ്യാപിക്കുകയാണെങ്കില്‍ നിരീക്ഷണത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു വിട്ടുതരാമെന്ന് ആദ്യം വാഗ്ദാനം ചെയ്ത ആശുപത്രി, തൃശൂര്‍ അതിരൂപതയുടെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജാണെന്ന് അരി ഏറ്റുവാങ്ങിയ മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ അതിരൂപത സമൂഹത്തിനു വലിയ സഹായമാണു നല്‍കുന്നതെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കുകയാണ് ക്രൈസ്തവരുടെ ആത്മീയ ഊര്‍ജ്ജമെന്ന് മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. എല്ലാം തകര്‍ന്ന ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങളാണ് ഇനി വേണ്ടത്. വൈദികരോടും കുടുംബക്കൂട്ടായ്മകള്‍ക്കും ഇതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. അതിരൂപതാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്‌കുകളും കൈമാറി.


Related Articles »