India - 2024
കൊറോണ കാലത്ത് സാന്ത്വനവുമായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ സര്‍ക്കുലര്‍: പൂര്‍ണ്ണരൂപം
ഡോ. എം സൂസപാക്യം 26-04-2020 - Sunday
കൊറോണ വൈറസ് എന്ന മഹാമാരിയുടെ പ്രതിരോധനത്തിൻറെ രണ്ടാം ഘട്ടത്തിലേയ്ക്ക് നാം കടന്നിരിക്കുകയാണല്ലോ. മനുഷ്യരാശിയെ മുഴുവൻ വിറപ്പിച്ച ഈ മഹാമാരിയുടെ വ്യാപനത്തെ ഫലപ്രദമായി ചെറുക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു എന്നത് നിസ്സാരമായ ഒരു കാര്യമല്ല. നമ്മുടെ മാതൃരാജ്യത്തിലെ പലേടങ്ങളിലും ഇന്നും ഈ മഹാമാരി ഒരു ഭീഷണിയായി തുടരുന്നു എന്നത് നമ്മെ അസ്വസ്ഥരാക്കുന്നു. ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക മേഖലകളിൽ അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ച പല രാജ്യങ്ങളിലും വിലപ്പെട്ട മനുഷ്യ ജീവനുകൾ കൂട്ടത്തേടെ കൊഴിഞ്ഞു വീഴുന്ന ഹൃദയഭേദകമായ കാഴ്ച്ച നമ്മെ ഓരോരുത്തരേയും അതീവ ദുഃഖിതരാക്കുന്നു. പ്രത്യേകിച്ച്, ഇവരിൽ നല്ലൊരു ശതമാനവും നമ്മുടെ വിശ്വാസത്തിൽ പങ്കുചേരുന്നവരും വികസ്വര രാഷ്ട്രങ്ങൾക്ക് നിർലോഭമായ സഹായങ്ങൾ നൽകുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്നവരുമാണ്.
കോവിഡ്-19 ബാധിച്ച് വിവിധ രാജ്യങ്ങളിലായി ഇതിനകം മരണമടഞ്ഞ ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലധികം വരുന്ന സഹോദരങ്ങളെ ദൈവകരങ്ങളിൽ നമുക്ക് സമർപ്പിക്കാം; രോഗബാധിതരായ ഇരുപത്തിനാല് ലക്ഷത്തോളം വരുന്ന സഹോദരങ്ങൾ അതിവേഗം സുഖം പ്രാപിക്കട്ടെ എന്ന് ഹൃദയമുരുകി ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യാം.
കോവിഡ്-19 പ്രതിരോധനത്തിൻറെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ഞാൻ നിങ്ങളെ അറിയിച്ചിരുന്നു. പ്രത്യേകിച്ചും ആരാധനാ ക്രമാനുഷ്ഠാനങ്ങളെക്കറുച്ച് സഭാധികാരികൾ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ, മാർച്ച് ആദ്യവാരം മുതൽ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നുണ്ടായിരുന്നു. നമ്മുടെ ഓർമ്മയിൽ, കുരുത്തോല വിതരണവും പ്രദക്ഷിണവും ഇല്ലാത്ത ഓശാന ഞായറും, പാദക്ഷാളന കർമ്മവും ദിവ്യകാരുണ്യാരാധനയും ഇല്ലാത്ത പെസഹാ വ്യാഴവും, കുരിശാരാധനയും കുരിശു ചുംബനവും ഇല്ലാത്ത ദുഃഖവെള്ളിയുമൊക്കെ ചിന്താതീതവും സങ്കൽപ്പാതീതവും തന്നെയാണ്. ഓർമ്മവച്ച നാൾ മുതൽ നാം ശീലിച്ചുവന്ന ഭക്താഭ്യാസങ്ങളിൽ പൊടുന്നനവേ വന്ന ഈ വ്യതിയാനം ഉൾക്കൊള്ളുക അത്ര എളുപ്പമായിരുന്നില്ല.
മാനസിക പിരിമുറുക്കത്തിൻറെയും ആത്മീയ വേലിയേറ്റത്തിൻറെയും കർമ്മാനുഷ്ടാനങ്ങളുടെ താളം തെറ്റലിൻറെയും മദ്ധ്യത്തിലൂം നമ്മുടെ ജനങ്ങളെ ആശ്വസിപ്പിച്ചും സാന്ത്വനിപ്പിച്ചും അനുവദനീയമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിശുദ്ധവാര തിരുകർമ്മങ്ങളും മറ്റ് അനുബന്ധ ആരാധനാക്രമങ്ങളും അനുഷ്ടിച്ച ബഹുമാനപ്പെട്ട എല്ലാ വൈദീകരെയും ശുശ്രൂഷകരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു; അവർക്ക് നന്ദി പറയുന്നു.
സർവ്വോപരി, കൊറോണ വൈറസ് എന്ന മഹാമാരിയെക്കുറിച്ചോ അതിൻറെ വ്യാപനം തടയുന്നതിന് ഭരണാധികാരികൾ സ്വീകരിക്കുന്ന കർശന നിയന്ത്രണങ്ങളെക്കുറിച്ചോ അധികമൊന്നും അറിയാതെ, അടച്ചിട്ട ദേവാലയങ്ങളെ വേദനയോടെ നോക്കിനിന്ന ധാരാളം വിശ്വാസികളുടെ ഹൃദയനൊമ്പരങ്ങൾ ഞാൻ മനസ്സിലാക്കുന്നു. ഇതിൽ ആത്മാർത്ഥമായി പങ്കുചേരുകയും സമൃദ്ധമായ അനുഗ്രഹങ്ങളാൽ ദൈവം നിങ്ങളെ സമ്പന്നരാക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
നമ്മുടെ ഭദ്രാസന ദേവാലയത്തിലും മറ്റ് അനേകം ദേവാലയങ്ങളിലും വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഫെയ്‌സ്ബുക്കിലൂടെയും, യൂ-ട്യൂബിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും ചില ചാനലുകളിലൂടെയും തത്സമയ സംപ്രേക്ഷണം ചെയ്തത് അനേകം പേർക്ക് ആശ്വാസകരമായി. അതിരൂപതാ മീഡിയാ കമ്മീഷനും വിവിധ ദേവാലയങ്ങളിൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയ ടെക്‌നീഷ്യൻമാരും ഈയവസരത്തിൽ അനുഷ്ടിച്ച സേവനം വിലപ്പെട്ടതാണ്. അവസരോചിതമായ സേവനം കാഴ്ചവെച്ച അവരെയെല്ലാം ഞാൻ അഭിനന്ദിക്കുന്നു.
സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് ഞാൻ നൽകിയ നിർദ്ദേശങ്ങളിൽ സുപ്രധാനമായ ഒന്ന്, ലോക്ഡൗൺ കാരണം സാധാരണ ജനജീവിതവും ജീവസന്ധാരണ മാർഗ്ഗങ്ങളും തടസ്സപ്പെടുന്നതുമൂലം അവശതയും ദാരിദ്ര്യവും അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ അവസ്ഥയെക്കുറിച്ചാണ്. ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നവരും മരുന്നില്ലാതെ വലയുന്നവരുമായി നമ്മുടെ ഇടവക സമൂഹത്തിൽ ആരും തന്നെ ഉണ്ടാകരുത് എന്ന് ഉറപ്പുവരുത്താനും, അവർക്കെല്ലാം ആവശ്യമായ സഹായം എത്തിക്കാനും ഇടവക വികാരിമാരും ഇടവക കൗൺസിൽ അംഗങ്ങളും, ബി.സി.സി. ഭാരവാഹികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രസ്തുത കത്തിൽ നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഇടവക ധനം ആവശ്യമെന്നു കണ്ടാൽ ഉപയോഗിക്കാനും അനുവാദം നൽകിയിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇടവകകളെ അതേ ഫോറോനയിലെ മറ്റു ഇടവകകൾ സഹായിക്കണമെന്നും, ആവശ്യമെന്ന് കണ്ടാൽ ഇക്കാര്യത്തിൽ അതിരൂപതാ സാമൂഹ്യ ശുശ്രൂഷാ സമിതിയേയും, ടി.എസ്.എസ്.എസ്സിനെയും സമീപിക്കാവുന്നതാണെന്നും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പല ഇടവകകളും മാതൃകാപരമായ ഇടപെടലുകൾ നടത്തിയതായി കാണുന്നു. സാധാരണ ജനജീവിതം തടസ്സപ്പെടുകയും ലോക്ഡൗൺ കാലാവധി അനിശ്ചിതമായി നീണ്ടുപോകുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം അടിയന്തിര സഹായങ്ങൾ ആവശ്യക്കാർക്ക് എത്തിക്കുന്നതിൽ ഇടവക നേതൃത്വവും ടി.എസ്.എസ്.എസ്സ് തുടങ്ങി മറ്റു രൂപതാ സംവിധാനങ്ങളും ആവശ്യമായ കരുതലും ജാഗ്രതയും തുടരണമെന്നു തന്നെയാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം മത്സ്യബന്ധനവും വിപണനവും ഒരു വലിയ പ്രതിസന്ധി നേരിടുന്നു എന്ന് നമുക്കറിയാം. ഒരു അടിയന്തിരാവസ്ഥക്കാലത്തിന് സമാനമായ സാഹചര്യത്തിലൂടെ നമ്മുടെ നാടും രാജ്യവും ലോകവുമെല്ലാം കടന്നു പോകുമ്പോൾ, മത്സ്യബന്ധനത്തിനും വിപണനത്തിനും ഭരണകൂടം നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾക്ക് നാം വിധേയരാകേണ്ടതാണ്. ന്യായാന്യായവും ലാഭനഷ്ടവും നോക്കി തർക്കിച്ചു നിൽക്കാനുള്ള അവസരമല്ല ഇത്. ഉത്തരവുകൾ പാലിച്ചുകൊണ്ടുതന്നെ ന്യായമായ അവകാശങ്ങൾ അധികാരികളെ ബോദ്ധ്യപ്പെടുത്താൻ നമുക്കാവണം.
നമ്മുടെ ചില തീരദേശഭാഗങ്ങളിൽ കൂടെക്കൂടെ ഉണ്ടാകുന്ന കടൽക്ഷോഭം കാരണം വീടുകൾ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. നേരത്തെ ഉണ്ടായ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്ഥിതി ശോചനീയം തന്നെയാണ്. ശാശ്വതമായ തീരസംരക്ഷണവും ഭവനരഹിതരായി താൽക്കാലിക ക്യാമ്പുകളിലും ഗോഡൗണുകളിലുമായി അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ കഴിയുന്ന ഇരുനൂറിൽപ്പരം വരുന്ന നമ്മുടെ സഹോദരങ്ങളുടെ പുനരധിവാസവുമെല്ലാം പലപ്പോഴും വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നതും ദുഃഖകരമായ വസ്തുതയാണ്. ലോക്ഡൗൺ കാലയളവും കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളും അവസാനിക്കുന്ന മുറയ്ക്ക്, ഇത്തരം പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരത്തിനായി ഗവൺമെൻറിൻറെ സത്വര ശ്രദ്ധ തിരിക്കാൻ നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.
നമ്മുടെ അതിരൂപതയിലെ ഉൾനാടൻ പ്രദേശങ്ങളിൽ വസിക്കുന്ന കർഷകരും നിർമ്മാണതൊഴിലാളികളും ചെറുതും വലുതുമായ സ്ഥാപനങ്ങളിൽ ദിവസ ശമ്പളത്തിന് ജോലി ചെയ്യുന്നവരുമായ നല്ലൊരു വിഭാഗം ആളുകളുടെ ഇന്നത്തെ സ്ഥിതി പരിതാപകരം തന്നെയാണ്. വരൾച്ചയുടെയും വറുതിയുടെയും ഈ കാലഘട്ടത്തിൽ അവരിലേയ്ക്കും നമ്മുടെ ശ്രദ്ധയും സഹായഹസ്തവും നീളേണ്ടതാണ്.
ഈയവസരത്തിൽ നമ്മുടെ മനസ്സിനെ മഥിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം, നമ്മുടെ പ്രവാസി സഹോദരരെക്കുറിച്ചുള്ള ആകാംക്ഷയും ഉൽക്കണ്ഠയുമാണ്. ഗൾഫ് രാജ്യങ്ങളിലും മറ്റ് വിദേശരാജ്യങ്ങളിലുമായി സമ്പൂർണ്ണ ലോക്ഡൗൺ കാരണം കുടുങ്ങിപ്പോയ അനേക ശതം അതിരൂപാതംഗങ്ങളുടെ ശോച്യാവസ്ഥയെക്കുറിച്ച് നമുക്ക് പൂർണ്ണബോധ്യമുണ്ട്. അവരുടെ കാര്യത്തിൽ ഇടപെടണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മേൽ ആവശ്യമായ സമ്മർദ്ദം ചെലുത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ഫോൺ കോളുകളും സന്ദേശങ്ങളും ഇവിടെ ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഫലപ്രദമായൊന്നും ഇപ്പോൾ ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് വസ്തുത. എന്നിരുന്നാലും, പ്രവാസികൾക്കായുള്ള അതിരൂപതാ കമ്മിഷനും മത്സ്യമേഖല കമ്മിഷനും സംയുക്തമായി നോർക്കാ റൂട്ട്‌സ് ഏജൻസികളെ നിരന്തരം സമീപിച്ച് ഇക്കാര്യങ്ങൾ ധരിപ്പിക്കുന്നുണ്ട്.
സംസ്ഥാന മുഖ്യമന്ത്രിയുടെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെയും ശ്രദ്ധയിൽ ഇക്കാര്യങ്ങൾ ഒന്നിലധികം തവണ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അന്തർദ്ദേശീയ വിമാന സർവീസുകൾ എന്ന് പുനരാരംഭിക്കുന്നോ ആ അവസരത്തിലല്ലാതെ, ഇക്കാര്യത്തിൽ മറ്റൊന്നും ചെയ്യാൻ ഇപ്പോൾ സാധിക്കുകയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. പക്ഷേ ഒരു കാര്യത്തിൽ അൽപ്പം ആശ്വാസത്തിനു വകയുണ്ട്: നമ്മുടെ സഹോദരങ്ങൾ ഇപ്പോൾ വസിക്കുന്ന രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കാം എന്ന് വിദേശകാര്യമന്ത്രാലയം ഉറപ്പുനൽകിയിട്ടുണ്ട്.
നമ്മുടെ പ്രവാസി സഹോദരങ്ങൾ എന്ന് നാട്ടിൽ തിരിച്ചെത്തും എന്ന് നമുക്ക് യാതൊരു നിശ്ചയവുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: അതിവിദൂരമല്ലാത്ത ഭാവിയിൽ അവർ ഇവിടെ മടങ്ങിയെത്തും. അവർ ഇവിടെ എത്തിക്കഴിയുമ്പോൾ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് ഇപ്പോൾത്തന്നെ നമുക്ക് വ്യക്തമായൊരു ധാരണ വേണം. വിദേശത്തു നിന്നും മടങ്ങിയെത്തുന്നവർ ആവശ്യം പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളും, പ്രത്യേകിച്ച് ആരോഗ്യ വകുപ്പും ജില്ലാഭരണ കൂടവും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ നാമെല്ലാവരും ബാദ്ധ്യസ്ഥരാണ്. നിരീക്ഷണ – ക്വാറൻൻറെയൻ കാലയളവ് കർശനമായി പാലിക്കപ്പെടുന്നു എന്നു നാം ഉറപ്പു വരുത്തണം.
അശ്രദ്ധയും അനാസ്ഥയും ദുരന്തം വിളിച്ചുവരുത്തുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള തീരദേശ ഗ്രാമങ്ങൾ നമ്മുടെ അതിരൂപതയിലാണ് എന്ന് നാം ഓർക്കുക. പൊട്ടിപ്പുറപ്പെട്ടാൽ പിടിച്ചുനിറുത്താൻ അസാദ്ധ്യമായ ഈ മഹാമാരിയെ നേരിടുന്നതിൽ തെല്ലും അലംഭാവം പാടില്ല. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ച കൊറോണ വൈറസിൻറെ രൗദ്രമുഖം നമുക്കു കാണാൻ ഇടവരാതിരിക്കട്ടെ.
ലോക് ഡൗണിൻറെ രണ്ടാം ഘട്ടം മേയ് 3-ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും വടക്കേ ഇൻഡ്യൻ സംസ്ഥാനങ്ങളിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അത് എന്തുതന്നെയുമാകട്ടെ, സിവിൽ ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നാം കർശനമായി പാലിച്ചേ തീരൂ. അതേസമയം, നമ്മുടെ ജനത്തിൻറെ ആത്മീയ ചൈതന്യവും ദൈവാഭിമുഖ്യവും കേടുകൂടാതെ കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും ആവുന്നതെല്ലാം നാം ചെയ്യേണ്ടതാണ്. ദിവ്യബലിയിലെ സജീവഭാഗഭാഗിത്വവും കൂദാശകളുടെ സ്വീകരണവും ഈ കാലഘട്ടത്തിൽ സാധ്യമല്ലെങ്കിലും;
– ദൃശ്യമാദ്ധ്യമങ്ങളിലൂടെ ലഭിക്കുന്ന അവസരങ്ങളും ആനുകൂല്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.
– നമ്മുടെ ഭവനങ്ങളിൽ കുടുംബസമേതം സന്ധ്യാപ്രാർത്ഥന ചൊല്ലുന്ന ശീലം ഇന്നത്തെ സാഹചര്യത്തിൽ ഒന്നുകൂടി സജീവമാക്കുക.
– മേയ് മാസത്തിൽ പ്രത്യേകിച്ചും രക്ഷാകര രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് ജപമാല ചൊല്ലി പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥ്യത്തിനായി അപേക്ഷിക്കുക.
– കുടുംബകൂട്ടായ്മകളുടെ അഭാവത്തിൽ ഓരോ കുടുംബവും ഒന്നുചേർന്ന് ഒരു നിശ്ചിത സമയം വചനപാരായണത്തിനും വിചിന്തനത്തിനും, ജീവിതവിശുദ്ധീകരണത്തിനുമായി വിനിയോഗിക്കുക.
– ഇന്നത്തെ സാഹചര്യങ്ങളെ അതിജീവിക്കാനായി ഇതിനകം തന്നെ നിങ്ങൾക്കു ലഭിച്ച ഫ്രാൻസിസ് മാർപാപ്പ രചിച്ച പ്രാർത്ഥനയും ഭാരതത്തിലെയും കേരളത്തിലെയും മെത്രാൻ സമിതികൾ തയ്യാറാക്കി നൽകിയ പ്രാർത്ഥനകളും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതാണ്. കരുണക്കൊന്തയും ഇപ്രകാരം തന്നെ ഫലപ്രദമായ ഒരു പ്രാർത്ഥനയാണ്.
ഇതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യം, നമ്മുടെ ഇടവക സംവിധാനങ്ങൾ നിർജ്ജീവമായിപ്പോകാതെ സൂക്ഷിക്കുക എന്നതാണ്. ഇടവക കൗൺസിൽ യോഗങ്ങൾ, ബി.സി.സി. യോഗങ്ങൾ ചേരുക ഇന്നത്തെ പ്രത്യേക സഹചര്യത്തിൽ പ്രായോഗികമല്ലെങ്കിലും, ഇടവക സമൂഹത്തിലെ കിടപ്പുരോഗികൾ, വൃദ്ധജനങ്ങൾ, ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർ എന്നിവർക്ക് ആശ്വാസവും സാന്ത്വനവും എത്തിക്കാൻ സാമൂഹ്യ അകലം പാലിച്ചുകൊണ്ടും മറ്റു മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടും നാം മുന്നിട്ടിറങ്ങേണ്ടതാണ്.
ഈ ലോക്ഡൗൺ കാലഘട്ടത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു ജീവനും പരസഹായം ലഭിക്കാതെ നഷ്ടപ്പെട്ടു പോകുന്ന ദുരവസ്ഥ നമുക്കു ചുറ്റും ഉണ്ടാകാതിരിക്കട്ടെ. ഇക്കാര്യത്തിൽ ജാതി-മത പരിഗണനകൾ തീർത്തും അപ്രസക്തങ്ങളാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരിമിതികൾക്കും നിയന്ത്രണങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ടു തന്നെ ‘പ്രത്യാശയുടെ തിരുനാൾ’, ഈസ്റ്റർ, നാം ആഘോഷിച്ചു. ക്രിസ്തുവിൽ സർവ്വതും നവീകരിക്കുകയും പുനരുദ്ധരിക്കുകയും ചെയ്യുന്ന സർവ്വശക്തനായ പരമപിതാവിൻറെ കരുണ്യം ഈ ലോകത്തിന് സമൃദ്ധിയായി ലഭിച്ച് ഈ മഹാമാരിയിൽ നിന്നും ലോകജനത മുക്തി പ്രാപിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.