News

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13

ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 23-08-2025 - Saturday

ഗരസേനരുടെ നാട്ടിലെ പിശാചുബാധിതന്‍, മരിച്ചവൾക്ക് ജീവനും രോഗിണിക്ക് സൗഖ്യവും എന്നീ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷ ഭാഗത്തെ കുറിച്ചു വിശുദ്ധ പീറ്റര്‍ ക്രിസോലോഗസ്, ലാക്റ്റാന്‍സിയൂസ്, വിശുദ്ധ അപ്രേം, വിശുദ്ധ അത്തനേഷ്യസ്, വിശുദ്ധ ആഗസ്തീനോസ്, ഒരിജന്‍, തെര്‍ത്തുല്യന്‍, വിശുദ്ധ അംബ്രോസ്, വിശുദ്ധ ബേസില്‍, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ നസിയാന്‍സിലെ ഗ്രിഗറി, ഡമാസ്‌ക്കസിലെ യോഹന്നാന്‍, പ്രൂഡന്‍ഷ്യസ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

♦️ വചനഭാഗം: ഗരസേനരുടെ നാട്ടിലെ പിശാചുബാധിതന്‍ - വിശുദ്ധ മര്‍ക്കോസ് 5:1-20 (മത്താ 8,28-34) (ലൂക്കാ 8,26-39)

1 അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. 2 അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു. 3 ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. 4 പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചി രുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. 5 രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു. 6 അകലെവച്ചുതന്നെ അവന്‍ ഈശോയെ കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. 7 ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, ഈശോയേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! 8 കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന് ഈശോ ആജ്ഞാപിച്ചിരുന്നു. 9 നിന്റെ പേരെന്താണ്? ഈശോ ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. 10 തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു. 11 വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയു ന്നുണ്ടായിരുന്നു. 12 ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. 13 അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. 14 പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെ ന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നുകൂടി. 15 അവര്‍ ഈശോയുടെ അടുത്തെത്തി, ലെഗിയോന്‍ ആവേശിച്ചിരുന്ന പിശാചുബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധ ത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു. 16 പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. 17 തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ ഈശോയോട് അപേക്ഷിച്ചു. 18 അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, പിശാചു ബാധിച്ചിരുന്ന മനുഷ്യന്‍ അവനോടുകൂടെ പോകുന്നതിന് അനുവാദം ചോദിച്ചു. 19 എന്നാല്‍, ഈശോ അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കര്‍ത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക. 20 അവന്‍ പോയി, ഈശോ തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അത്ഭുതപ്പെട്ടു.

***************************************************************

ഒരിജന്‍:

തിരുലിഖിതങ്ങള്‍ ശരിയായി പഠിക്കാനാഗ്രഹിക്കുന്നവര്‍ അതിലെ നാമപദങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പലസ്തീനായിലെ സ്ഥലനാമങ്ങള്‍ പലതും ഗ്രീക്കു വിവര്‍ത്തനത്തില്‍ കൃത്യമല്ലാത്തിനാല്‍ തെറ്റുപറ്റിയേക്കാം. പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ച കാര്യങ്ങള്‍ ഗരസേനരുടെ നാട്ടില്‍വച്ച് നടന്നതായാണ് പറയപ്പെടുന്നത് (ലൂക്കാ 8,26-37). 'ഗരസാ' എന്നത് അറേബിയായിലെ ഒരു നഗരമാണ്. അവിടെ കടലോ തടാകങ്ങളോ ഇല്ല. ഇത്രയും വലിയ ഒരു പിശക് സുവിശേഷകന്‍മാരില്‍നിന്നുണ്ടാകാനിടയില്ല. ചില പകര്‍പ്പുകളില്‍ ''ഗദറായരുടെ നാട്ടില്‍'' എന്നു കാണുന്നുണ്ട്. ഇത് യൂദയായിലെ ഒരു നഗരമാണ്. അതിന്റെ പരിസരത്ത് പ്രസിദ്ധമായ, ഇളംചൂടുവെള്ളമുള്ള, അരുവികള്‍ ഉണ്ട്. എന്നാല്‍ കടലോ കിഴുക്കാംതൂക്കായ തീരമുള്ള തടാകങ്ങളോ അവിടെയില്ല. ഇപ്പോള്‍ തിബേരിയാസ് എന്നറിയപ്പെടുന്ന തടാകത്തിന്റെ സമീപത്ത് ഗര്‍ഗേസ എന്ന പുരാതന നഗരമുണ്ട്. (അവിടുത്തെ ആളുകല്‍ ഗര്‍ഗസേനര്‍ എന്നു വിളിക്കപ്പെടുന്നു). അതിന്റെ ഒരറ്റത്ത് കിഴുക്കാംതൂക്കായി തടാകത്തിലേക്കിറങ്ങിച്ചെല്ലുന്ന തീരമുണ്ട്. ഇവിടെയായിരിക്കാം പന്നിക്കൂട്ടം മുങ്ങിച്ചത്തത്. ഗര്‍ഗേസ എന്ന പദത്തിന് ''പുറത്താക്കുന്നവരുടെ വാസസ്ഥലം'' എന്നാണര്‍ത്ഥം. ഈ പ്രദേശവാസികള്‍ക്ക് മിശിഹായുടെ നേര്‍ക്കുണ്ടാകാനിരുന്ന മനോഭാവത്തിന്റെ ഒരു മുന്‍സൂചന ഇവിടെ കാണാം. അവര്‍ ''അവനോട് തങ്ങളുടെ ദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു'' (മത്താ 8,34; മര്‍ക്കോ 5,7; ലൂക്കാ 8,37) (Commentary on John 6.24).

പീറ്റര്‍ ക്രിസോലോഗസ്:

ലോകത്തില്‍ എല്ലാറ്റിനുമുപരിയായ മഹത്ത്വത്തിന്റെ വാഗ്ദാനം ലഭിച്ചവന്‍ എവിടെയാണ് വസിച്ചതെന്നു കാണുവിന്‍ - ശവകുടീരങ്ങള്‍ക്കിടയില്‍! (മര്‍ക്കോ 5,3; ലൂക്കാ 8,27). ചീഞ്ഞഴുകിയ മൃതശരീരങ്ങളാല്‍ വലയംചെയ്യപ്പെട്ട് അവന്‍ കഴിഞ്ഞുകൂടി (Sermons 17).

പ്രൂഡന്‍ഷ്യസ്:

സുബോധം പൊയ്‌പ്പോയൊരുവന്‍,

ശവകുടീരങ്ങള്‍ക്കിടയില്‍ കഴിവോന്‍,

ക്രൂരമാം ചങ്ങലകളാല്‍ വരിയപ്പെട്ടോന്‍,

ഭ്രാന്തമാം ചോദനകളാല്‍ മുറിവേറ്റവന്‍,

രക്ഷകനാം മിശിഹാ അന്തികത്തെത്തവേ,

പാഞ്ഞടുത്തെത്തി പ്രണമിച്ചാരാധിക്കുകയായ്

(മര്‍ക്കോ 5,2-6; ലൂക്കാ 8,28) (Hymn 9).

ചെളിവെള്ളത്തിലേക്ക്

ലെഗിയോനെന്നു പേരുള്ളതാം

സൂത്രശാലികള്‍ ദുഷ്ടാരൂപികള്‍

തന്നുടെ ദണ്ഡനം

അഴുക്കും മനംപിരട്ടുന്ന മലിനതയും പേറുന്ന പന്നിക്കൂട്ടത്തില്‍ പതിച്ചു.

അവയോടൊപ്പമീപ്പിശാചുക്കളും

ചേറുനിറഞ്ഞൊരാ വെള്ളത്തിലേക്കു

കൂപ്പുകുത്തുകയായുടനെ (Hymn 9).

കഠിനഹൃദയത്തെ അലിയിക്കുന്നു

കണ്ടാലും, പിശാചുക്കളുടെ ഗണം

ഗരസേനരുടെ പന്നിക്കൂട്ടങ്ങളെ

കടലിന്റെയഗാധങ്ങളില്‍ കൂപ്പുകുത്തിച്ചു

ശവകുടീരങ്ങള്‍ക്കിടയിലെ

തടങ്കലില്‍ക്കിടന്ന് വേദനയുടെ

ആധിക്യത്തില്‍ അവ മുരളുകയായിരുന്നു

കടമെടുത്ത അധരങ്ങള്‍വഴിയവ

വിളിച്ചുപറഞ്ഞു: ''ഈശോയേ,

ദൈവസുതാ, ദാവീദിന്റെ രാജകീയ-

വംശത്തില്‍പ്പിറന്ന കുമാരാ,

നീയാരെന്നുമെന്തിനു വന്നെന്നും

നിന്റെയീവരവില്‍ ഭയചകിതരായ് ഞങ്ങളെ നിതരാം ദൂരെയകറ്റുന്ന

ശക്തിയെന്തെന്നും നല്ലപോലറിയുന്നു ഞങ്ങള്‍'' (മര്‍ക്കോ 5,1-13; ലൂക്കാ 8,26-33)

യുദയാദേശമേ,

നിങ്ങളീ വചസുകള്‍ കേട്ടില്ലെന്നോ?

കേട്ടുവെന്നതു നിശ്ചയമെങ്കിലും

അന്ധതമുറ്റിയ മനസ്സുകളെ

തൊട്ടുതുളച്ചതില്ലവയെന്നതും

നിശ്ചയം തോറ്റുപിന്‍മാറിയവ

മനോകവാടത്തില്‍ നിന്നും

മടങ്ങിപ്പോന്നുവെന്നതല്ലേ മഹാകഷ്ടം!

സായംകാലമായ്, സൂര്യനുമിരുണ്ടുപോയ്

ചെമ്പുലരിയില്‍ കാണാമല്ലോ

കര്‍ത്താവിന്നുദയം

സുവിശേഷത്തിന്റെയൂഷ്മള

വചസുകളാല്‍ സിഥിയന്‍മഞ്ഞും

ഹിര്‍ക്കാനിയന്‍ ഹിമങ്ങളും

അലിഞ്ഞുരുകിത്തുടങ്ങുകയായ്, വൈകാതെ കോക്കാസിയന്‍

മലനിരകളില്‍ നിന്നുമിതാ

ആര്‍ദ്രപ്രശാന്തമാം ഒരരുവിയൊഴുകുകയായ് (A Hymn on the Trinity).

ലാക്റ്റാന്‍സിയൂസ്:

''ആര്‍ക്കും അവനെ മെരുക്കുവാന്‍ കഴിഞ്ഞില്ല'' (മര്‍ക്കോ 5,4). ക്ഷിപ്രകോപിയും താന്തോന്നിയും വഴക്കാളിയുമായ ഒരുവനെ കൊണ്ടുവരിക. ഏതാനും വാക്കുകളാല്‍ ത്തന്നെ കര്‍ത്താവ് അവനെ ആട്ടിന്‍കുഞ്ഞിനെപ്പോലെ ശാന്തനാക്കും. ദുര്‍മോഹിയും അത്യാഗ്രഹിയും വാരിക്കൂട്ടി സമ്പാദിക്കുന്നവനുമായ ഒരുവനുണ്ടെന്നിരിക്കട്ടെ. കര്‍ത്താവ് അവനെ ഉദാരമതിയാക്കും; സ്വന്തം കൈകൊണ്ട് തന്നെ തന്റെ വസ്തുവകകള്‍ ദാനം ചെയ്യാന്‍ അവന്‍ ആരംഭിക്കുകയും ചെയ്യും. സഹനം, മരണം ഇവയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ ഭയന്നുവിറയ്ക്കുന്ന ആരെങ്കിലുമുണ്ടോ? പെട്ടെന്നുതന്നെ കുരിശുകളെ ഭയമില്ലാത്തവനും അഗ്നികുണ്ഠങ്ങളെയോ പെരില്ലസിന്റെ കാളക്കൂറ്റനെയോ തരിമ്പും കൂസലില്ലാതെ നേരിടുവാന്‍ കഴിയുന്നവനുമായി അവനെ കര്‍ത്താവ് രൂപാന്തരപ്പെടുത്തും (പെരില്ലസിന്റെ കാള എന്നറിയപ്പെടുന്നത് ഉള്ളുപൊള്ളയായി ഓടുകൊണ്ട് നിര്‍മ്മിച്ച കാളയുടെ രൂപമാണ്. മനുഷ്യരെ അതിനുള്ളില്‍വച്ച് ജീവനോടെ വേവിക്കാന്‍ ഉപയോഗിച്ചിരുന്നു). ജഡികാസക്തനും വ്യഭിചാരിയും ആര്‍ത്തിബാധിച്ചവനുംപോലും നൈര്‍മല്യമുള്ളവനും ബ്രഹ്‌മചാരിയും മിതഭോജിയുമായി മാറുന്നു (ഏശ 55,13; 1 കോറി 6,9-11) (Divine Institutes 3.26.4).

അത്തനേഷ്യസ്:

കര്‍ത്താവ് ശക്തനല്ലായിരുന്നെങ്കില്‍ ദുഷ്ടാരൂപികളെ പുറത്താക്കാനോ വിഗ്രഹങ്ങളെ വീഴ്ത്താനോ കഴിയുമായിരുന്നില്ല. എന്തെന്നാല്‍, ദുഷ്ടാരൂപികള്‍ ദുര്‍ബലനായ ഒരുവനെ അനുസരിക്കുകയില്ല. എന്നാല്‍, അവിടുത്തെ നാമം കേള്‍ക്കുമ്പോള്‍ത്തന്നെ അവ ബഹിഷ്‌ക്കരിക്കപ്പെടുന്നെങ്കില്‍ അവിടുന്ന് എത്രമാത്രം ശക്തനാണ്! മനുഷ്യനേത്രങ്ങള്‍ക്ക് ദൃശ്യമല്ലാത്തവ അരൂപികള്‍ക്ക് കാണാന്‍ കഴിയും. മിശിഹാ നിസ്സഹായനോ അരക്ഷിതനോ ആണെങ്കില്‍ അവയ്ക്ക് അത് അറിയാനും അവനെ അനുസരിക്കാതിരിക്കാനും കഴിയും. മനുഷ്യര്‍ അവിശ്വസിക്കുന്നതിനെ ദുഷ്ടാരൂപികള്‍ കണ്ടറിഞ്ഞു; മിശിഹാ ദൈവമാണ്. ഇക്കാരണത്താല്‍ അവിടുന്ന് ശരീരത്തിലായിരുന്നപ്പോള്‍ അവ ചെയ്തതുപോലെ ഇപ്പോഴും ഇപ്രകാരം പറഞ്ഞുകൊണ്ട് ഭയന്നുവിറയ്ക്കുകയോ ഓടിയകലുകയോ ചെയ്യുന്നു: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍'' (മര്‍ക്കോ 1,24; ലൂക്കാ 4,34). ''ദൈവപുത്രാ, എനിക്കും നിനക്കും തമ്മിലെന്ത്? എന്നെ പീഡിപ്പിക്കരുതെന്ന് ഞാന്‍ യാചിക്കുന്നു'' (മര്‍ക്കോ 5,7; ലൂക്കാ 8,28) (Incarnation of the Word 32.4.5).

നസിയാന്‍സിലെ ഗ്രിഗറി:

ദുഷ്ടാരൂപികള്‍ അവനെ ഏറ്റുപറയുന്നു (ലൂക്കാ 4,33-34, മര്‍ക്കോ 1,23-24). അവന്‍ അവയെ ബഹിഷ്‌ക്കരിക്കുന്നു (മത്താ 8,16; മര്‍ക്കോ 1,34). ദുഷ്ടാരൂപികളുടെ ഒരു ഗണത്തെ കടലിന്റെ ആഴത്തില്‍ മുക്കി (മത്താ 8,32; മര്‍ക്കോ 5,9-13; ലൂക്കാ 8,30-33). പിശാചുക്കളുടെ രാജകുമാരന്‍ ഇടിമിന്നല്‍പോലെ നിപതിക്കുന്നത് അവന്‍ ദര്‍ശിച്ചു (ലൂക്കാ 10,18). അവന്‍ കല്ലെറിയപ്പെടുന്നു; എങ്കിലും കല്ലേറ് ഏല്‍ക്കുന്നില്ല (യോഹ 8,59; 10,31-39). അവന്‍ പ്രാര്‍ത്ഥിക്കുന്നു; പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്യുന്നു (മത്താ 8,13; മര്‍ക്കോ 1,35). അവന്‍ കരയുന്നു (ലൂക്കാ 7,13; 8,52; 23,28). ലാസര്‍ എവിടെ എന്നന്വേഷിക്കുന്നു. കാരണം ഈശോ മനുഷ്യനാണ്. ലാസറിനെ ഉയിര്‍പ്പിക്കുന്നു - കാരണം അവിടുന്ന് ദൈവമാണ് (യോഹ 11,34.43-44) (Oration 29, On the Son 20).

അപ്രേം:

പിശാചുബാധിതന്‍ യാതനയുടെ മദ്ധ്യത്തില്‍ നടത്തിയ യാചന നമ്മുടെ കര്‍ത്താവ് കൈക്കൊള്ളുകയും പിശാചുക്കളെ പന്നിക്കൂട്ടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. അവന്‍ തന്റെ വേദനയുടെ നിമിഷങ്ങളില്‍ ആശ്വാസത്തിനുവേണ്ടി യാചിച്ചു. നമ്മുടെ കര്‍ത്താവ് തന്റെ കരുണയില്‍ അതനുവദിക്കുകയും ചെയ്തു. പിശാചുബാധിതനോട് കാണിച്ച അനുകമ്പ പിശാചുക്കള്‍ക്കുള്ള ശാസനയാണ്. മനുഷ്യന്‍ ജീവിക്കണമെന്നാഗ്രഹിക്കുന്നതില്‍ തന്റെ സ്‌നേഹം എത്രയധികം സഹനമേറ്റെടുക്കുന്നുവെന്ന് ഈശോ ഇവിടെ വ്യക്തമാക്കുന്നു. ഈ വാക്കുകള്‍ വായിച്ചപ്പോള്‍ കര്‍ത്താവിന്റെ മുമ്പാകെ മുട്ടുകുത്തി കരഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു: ''പിശാചുക്കളുടെ ഗണം കണ്ണീരോടുകൂടിയല്ലാതെ അപേക്ഷിച്ചു; അവര്‍ കേള്‍ക്കപ്പെട്ടു. കണ്ണീരോടെ ഞാനിതാ എന്റെ യാചനകള്‍ സമര്‍പ്പിക്കുന്നു'' (Hymns on Paradise 12.8-9).

പിശാചുക്കള്‍ക്ക് ശരീരമുണ്ടോ?

അപ്രേം: എല്ലാ നീതിമാന്മാര്‍ക്കും വസിക്കാന്‍ പറുദീസായിലെ സ്ഥലം മതിയാകുമോ എന്നു ഞാന്‍ ചിന്തിച്ചുപോയി. തിരുലിഖിതങ്ങളിലില്ലാത്ത കാര്യമാണ് ഞാന്‍ ചിന്തിച്ചതെങ്കിലും എനിക്കുള്ള ഉത്തരം അതിലുണ്ടായിരുന്നു. അനേക തരത്തില്‍പ്പെട്ട പിശാചുക്കളുടെ ഗണം ആവസിച്ച ഒരു മനുഷ്യനെക്കുറിച്ച് ചിന്തിക്കുവിന്‍ (മര്‍ക്കോ 5,9). അവ ദൃശ്യമല്ലായിരുന്നെങ്കിലും അവിടെ ഉണ്ടായിരുന്നു. അവ ആത്മാവിനേക്കാളും ചെറുതും സൂക്ഷ്മവുമാണ്. ആ വലിയ ഗണം മുഴുവനും ഒരൊറ്റ ശരീരത്തില്‍ ആവസിച്ചിരുന്നു. പുനരുത്ഥാനത്തില്‍ നീതിമാന്‍മാരുടെ ശരീരങ്ങള്‍ ഇതിനെക്കാള്‍ സൂക്ഷ്മവും ഭാരം കുറഞ്ഞതുമായിരിക്കും (1 കോറി 15,42). ആഗ്രഹിക്കുമ്പോള്‍ വികസിക്കാനും എവിടെയും ചെന്നെത്താനും മറിച്ചാഗ്രഹിക്കുമ്പോള്‍ ചുരുങ്ങിച്ചുരുങ്ങി ഒരു ബിന്ദുവില്‍ ത്തന്നെ കേന്ദ്രീകരിക്കാനും കഴിയുന്ന മനസ്സ് എന്ന പ്രതിഭാസത്തോട് ഇതിനെ താരതമ്യം ചെയ്യാം. ശ്രദ്ധിച്ചു മനസ്സിലാക്കുക: ആയിരക്കണക്കിന് രശ്മികളുള്ള ഒരു വിളക്കിന് ഒരു വീട് ധാരാളം മതിയല്ലോ. എത്രയധികം പരിമളത്തിനും ഒരു പുഷ്പത്തില്‍ ഇടമുണ്ട്. ഒരു ചെറിയ പൂവിന്റെ വ്യാസത്തില്‍ നിലനിന്നുകൊണ്ട് എങ്ങും പ്രസരിക്കാനും വ്യാപിക്കാനും സുഗന്ധത്തിനു കഴിയും. പറുദീസയിലും അങ്ങനെതന്നെ. അരൂപികളായ ജീവികളെക്കൊണ്ട് നിറഞ്ഞിരുന്നാലും അവര്‍ക്കെല്ലാം ആവശ്യമായ ഇടം അവിടെയുണ്ട് (Hymn 5)

ഡമാസ്‌ക്കസിലെ യോഹന്നാന്‍:

എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും തന്റെ രാജ്യം നേടണമെന്നും ദൈവം മുമ്പേതന്നെ ആഗ്രഹിക്കുന്നു (1 തിമോ 2,4; 2 പത്രോ 3,9). ശിക്ഷിക്കപ്പെടാനല്ല തന്റെ നന്മയില്‍ പങ്കുകാരാകാനാണ് അവിടുന്ന് നമ്മെ സൃഷ്ടിച്ചത്. എന്തെന്നാല്‍ അവന്‍ അനന്തനന്മയാണ്. എന്നാല്‍ അവിടുന്ന് നീതിയുള്ളവനാകയാല്‍ പാപം ശിക്ഷിക്കപ്പെട്ടേ പറ്റൂ. അങ്ങനെ നോക്കുമ്പോള്‍ ദൈവഹിതത്തിന് രണ്ടു ഭാഗങ്ങള്‍ ഉണ്ടെന്നു കാണാം. മുന്‍ഹിതവും പിന്‍ഹിതവും. ഒന്നാമത്തേതിനെ അനുഗ്രഹം എന്നു വിളിക്കാം. ദൈവമാണ് അതിന്റെ ഏക ഉറവിടം. രണ്ടാമത്തേതിനെ അനുവാദം എന്നു വിളിക്കാം. അതില്‍ മനുഷ്യനും ഉത്തരവാദിത്വമുണ്ട്. എന്നാല്‍ ഇവയൊന്നും നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ല. നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ഇപ്രകാരം പറയാം. നന്മയായിട്ടുള്ളതിനെയെല്ലാം ദൈവം മുന്‍കൂട്ടി ആഗ്രഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

നമ്മുടെ ജീവിതത്തില്‍ തിന്മയായിട്ടുള്ളതിനെ ദൈവം മുന്‍കൂട്ടിയോ പിന്നാലെയോ ആഗ്രഹിക്കുന്നില്ല. മറിച്ച് മനുഷ്യന്റെ സ്വതന്ത്ര ഇച്ഛയ്ക്ക് വിട്ടുകൊടുക്കുന്നു. നിര്‍ബന്ധംമൂലം ചെയ്യപ്പെടുന്നതു പുണ്യമോ മാനുഷികമോ (മനനം ചെയ്യുന്നവന് ചേര്‍ന്നത്) ആയിരിക്കുകയില്ല. പുണ്യം സ്വതന്ത്രമായി തിരഞ്ഞെടുക്കപ്പെടേണ്ടതാണ്. ഇങ്ങനെയാണ് ദൈവം എല്ലാറ്റിനെയും പരിപാലിക്കുന്നത്. സര്‍വ്വസൃഷ്ടികളിലൂടെയും ദൈവം നന്മ ചെയ്യു ന്നു; നന്മ പഠിപ്പിക്കുന്നു. നന്മയെന്തെന്ന് പഠിപ്പിക്കാന്‍ പിശാചുക്കളെപ്പോലും ദൈവം ഉപയോഗിച്ചേക്കാം. ജോബിന്റെയും പന്നികളെ സംബന്ധിച്ച വിവരണത്തിന്റെയും കാര്യത്തില്‍ ഇതാണു നമ്മള്‍ കാണുന്നത് (മര്‍ക്കോ 5,13) (The Orthodox Faith 2.29).

തെര്‍ത്തുല്യന്‍:

ദൈവത്തില്‍നിന്ന് നല്‍കപ്പെട്ടില്ലായിരുന്നെങ്കില്‍ സാത്താന്റെ അനുചരവൃന്ദത്തിന് പന്നിക്കൂട്ടങ്ങളുടെമേല്‍ യാതൊരു ശക്തിയും ഉണ്ടാകുമായിരുന്നില്ല (മര്‍ക്കോ 5,13). അങ്ങനെയെങ്കില്‍, ദൈവത്തിന്റെ അജഗണത്തിനുമേല്‍ അവയ്ക്ക് യാതൊരധികാരവും ഇല്ലെന്ന് വ്യക്തമാണ്. നീതിമാന്റെ തലമുടിയിഴകളെന്നപോലെ പന്നികളുടെ എണ്ണവും കര്‍ത്താവിന്റെ കണക്കിലുണ്ട് (മത്താ 10,30; ലൂക്കാ 12,7). എന്നാല്‍ ദൈവത്തിന്റേതല്ലാത്തവരുടെമേല്‍ സാത്താന്‍ സ്വന്ത നിലയില്‍ത്തന്നെ ശക്തി പ്രയോഗിക്കുന്നു. ദൈവത്തെ സംബന്ധിച്ചിടത്തോളം വിഗ്രഹാരാധക ദേശങ്ങളെല്ലാം ചേര്‍ന്നാലും വലിയൊരു പാത്രത്തിലെ ചെറിയൊരു തുള്ളിപോലെയും മെതിക്കളത്തിലെ ഒരു തരിപോലെയും വായിലെ ഒരു തുപ്പല്‍ക്കണം പോലെയുമാണ് (ഏശ 40,15). സാത്താനു സ്വന്തമെന്നപോലെ ആ ദേശങ്ങളെ വിട്ടുകൊടുത്തിട്ടുണ്ടാകാം.

എന്നാല്‍, ദൈവഭവനത്തില്‍പ്പെട്ടവരുടെമേല്‍ സാത്താന് യാതൊരു അധികാരവുമില്ല; സ്വന്തം അധീനതയിലുള്ളവരോടെന്നപോലെ അവന് അവരോട് യാതൊന്നും ചെയ്യാനുമാവില്ല. വിശ്വാസിയുടെമേല്‍ അവന് അധികാരമുള്ളത് എത്രത്തോളമെന്ന് വി. ഗ്രന്ഥത്തിലെ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസിയെ അല്‍പ്പകാലത്തേക്കു പരീക്ഷിക്കാനുള്ള അധികാരം സാത്താനു നല്‍കപ്പെടുന്നുവെങ്കില്‍ അത് വിശ്വാസത്തെ പരിശോധിച്ചറിയാനാണ് (ജോബ് 1,12). മറ്റു പിലപ്പോള്‍ പാപിയില്‍ അനുതാപമുളവാക്കുന്നതിന്, സാവൂളിന്റെ കാര്യത്തിലെന്നപോലെ, അവനെ അല്‍പസമയത്തേക്ക് സാത്താന് ഏല്‍പിച്ചുകൊടുത്തെന്നും വരാം (നടപടി 9,1-2). ഇവിടെ ശിക്ഷ നടപ്പാക്കുന്ന ഒരുവന്റെ ദൗത്യമെന്നതുപോലെയാണ് സാത്താന്റെ പങ്ക് (On Flight during Persecution).

വിശുദ്ധ ജറോം:

രണ്ടായിരത്തോളം പന്നികള്‍ കടലില്‍ മുങ്ങിച്ചത്തതിനെക്കുറിച്ച് അന്ധാളിക്കേണ്ടതില്ല. എന്തെന്നാല്‍ അത്രത്തോളം പിശാചുക്കള്‍ ആ മനുഷ്യനില്‍നിന്നു പുറത്തുപോയെന്നും അവനില്‍ അനേകം പിശാചുക്കള്‍ (ലെഗിയോന്‍) ആവസിച്ചിരുന്നെന്നും ചുറ്റും കൂടിനിന്ന മനുഷ്യര്‍ മനസ്സിലാക്കുന്നതിനുവേണ്ടിയാണ് കര്‍ത്താവിന്റെ കല്‍പനയാല്‍ ഇത് സംഭവിച്ചത് (The Life of St. Hilarion 32).

രണ്ടായിരത്തോളം പന്നികള്‍

ജറോം: ഒരാത്മാവിന്റെ രക്ഷയ്ക്കുവേണ്ടി രണ്ടായിരത്തോളം പന്നികള്‍ നശിപ്പിക്കപ്പെടുന്നത് നീതിയോ? ഹൃദയപരിശുദ്ധി തേടുന്നവര്‍ സാത്താന്റെയോ മൃഗങ്ങളുടെയോ അവകാശങ്ങളെപ്പറ്റിയല്ല വിലപിക്കേണ്ടത്... നബുക്കദ്‌നേസറിന്റെ കാലത്ത് യൂദയാദേശം മുഴുവനും അടിമത്തത്തിലാവുകയും ആയിരങ്ങള്‍ ബാബിലോണിലേക്ക് നാടു കടത്തപ്പെടുകയും ചെയ്തപ്പോള്‍ (2 ദിന 36,20) ജറെമിയാ മാത്രം ദൈവത്തെ സ്തുതിച്ചുകൊണ്ടിരുന്നുവെന്നറിയുക. അവരാകട്ടെ അവനെ പൊട്ടക്കിണറ്റില്‍ തള്ളി (ജറെ 3,6). എങ്കിലും ഇസ്രായേലിന്റെ ഭാവിഭാഗധേയത്തെ സംബന്ധിച്ചിടത്തോളം ഈ ഒരേയൊരു മനുഷ്യന്റെ ആത്മാവ്, മറ്റെല്ലാവരുടേതിനേക്കാളും നിര്‍ണ്ണായകമായിരുന്നു (Homily 54).

മിഥ്യയല്ലെന്നു തെളിയിക്കല്‍

അവിടുന്ന് ആരെയൊക്കെ മരിച്ചവരില്‍നിന്നുയിര്‍പ്പിച്ചിട്ടുണ്ടോ അവര്‍ക്കെല്ലാം ഭക്ഷണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് (മര്‍ക്കോ 5,43; ലൂക്കാ 8,55). ഉത്ഥാനം വെറും ഭ്രമകല്‍പ്പനയായി ആരും കരുതാതിരിക്കാനാണ് ഇത്. ഇക്കാരണത്താല്‍ത്തന്നെ ഉയിര്‍ത്തെഴുന്നേറ്റ ലാസര്‍ കര്‍ത്താവിനോടൊപ്പം ഭക്ഷണത്തിനിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു (യോഹ 12,2) (Against Jovinianus 2:17).

വിശുദ്ധ ക്രിസോസ്‌തോം:

ഇപ്രകാരം സംഭവിച്ചത് പിശാചുക്കള്‍, അവ ആവസിക്കുന്ന മനുഷ്യരോടും ഇപ്രകാരംതന്നെ ചെയ്യുമായിരുന്നുവെന്ന് കാണിക്കാനാണ്. ദൈവം അനുവദിച്ചിരുന്നെങ്കില്‍ അവ മനുഷ്യരെ മുക്കിത്താഴ്ത്തുമായിരുന്നു. എന്നാല്‍ അവന്‍ അവയെ തടയുകയും അങ്ങനെ ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. അവയുടെ ശക്തി പന്നികളില്‍ പ്രവേശിച്ചപ്പോള്‍, മനുഷ്യര്‍ക്ക് അവ വരുത്താതിരുന്നതെന്തെന്ന് കാണികള്‍ക്ക് മനസ്സിലായി. മറ്റൊന്നുകൂടിയുണ്ട്: പിശാചുക്കള്‍ക്ക് പന്നികളില്‍ ആവസിക്കാമെങ്കില്‍ മനുഷ്യരിലും ആവേശിക്കാനാവും (Discourses Against Judaizing Christians).

ശ്ലൈഹിക കാനോനകള്‍:

ഡീക്കന്‍ പറയുന്നു, ജ്ഞാനസാനാര്‍ത്ഥികളേ, സമാധാനത്തില്‍ പോകുവിന്‍.

അവര്‍ പോയതിനുശേഷം ഡീക്കന്‍ പറയുന്നു: അശുദ്ധാരൂപിയാല്‍ പീഡിപ്പിക്കപ്പെടുന്ന സഹോദരാ, പ്രാര്‍ത്ഥിക്കൂ. നമുക്കും ഈയാള്‍ക്കുവേണ്ടി തീക്ഷ്ണതാപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. മനുഷ്യവംശത്തിന്റെ സ്‌നേഹിതനായ ദൈവം മിശിഹാവഴി അശുദ്ധാരൂപികളെയും ദുഷ്ടാരൂപികളെയും ശാസിക്കുകയും ഈ വിശ്വാസിയെ ശത്രുവിന്റെ ആധിപത്യത്തില്‍നിന്നു വിമോചിപ്പിക്കുകയും ചെയ്യട്ടെ. അശുദ്ധാരൂപികളുടെ ഗണത്തെയും ദുഷ്ടതയുടെ രാജകുമാരനായ സാത്താനെയും ശാസിച്ചവന്‍തന്നെ വിശ്വാസത്തില്‍നിന്നും ഭക്തിയില്‍നിന്നും വ്യതിചലിച്ചിരിക്കുന്ന ഈ പിശാചുക്കളെ ശാസിക്കട്ടെ. അവരുടെ ശക്തിയില്‍നിന്നു തന്റെതന്നെ ഈ കരവേലയെ ദൈവം മോചിപ്പിക്കുകയും വലിയ ജ്ഞാനത്താല്‍ താന്‍ സൃഷ്ടിച്ചവയെ അവിടുന്ന് ശുദ്ധീകരിക്കുകയും ചെയ്യട്ടെ (Constitutions of the Holy Apostles 8.2.6).

മഹാനായ ഗ്രിഗറി:

ഞാന്‍ വിശ്വാസിയായപ്പോള്‍ പിശാചുക്കളുടെ ഒരു ഗണം എന്നില്‍നിന്നു പുറത്താക്കപ്പെട്ടു. അവയെല്ലാം മറന്ന് രക്ഷകന്റെ പാദത്തിങ്കലിരുന്ന് വിശ്രമിക്കാന്‍ ഞാനാഗ്രഹിച്ചു. എന്നാല്‍ ഇതാ, എന്നോട് ശക്തമായി കല്‍പ്പിക്കപ്പെടുന്നു: ''നീ വീട്ടിലേക്കു മടങ്ങിപ്പോയി കര്‍ത്താവ് നിനക്കുവേണ്ടി എന്തെല്ലാം ചെയ്‌തെ ന്നും അവന്‍ നിന്നോട് എങ്ങനെ കരുണ കാണിച്ചെന്നും എല്ലാവരോടും പറയുക'' (മര്‍ക്കോ 5, 19) (Epistle 5).

♦️ മരിച്ചവള്‍ക്ക് ജീവനും രോഗിണിക്ക് സൌഖ്യവും - വിശുദ്ധ മര്‍ക്കോസ് 5:21-43

21 ഈശോ വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനുചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു. 22 അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ്‌റോസ് അവിടെ വന്നു. അവന്‍ ഈശോയെ കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു: 23 എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേല്‍ കൈകള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ! 24 ഈശോ അവന്റെ കൂടെപോയി. 25 പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു. 26 പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്. 27 അവള്‍ ഈശോയെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്റെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു. 28 അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു. 29 തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു. 30 ഈശോയാകട്ടെ, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്? 31 ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ജനം മുഴുവന്‍ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ? 32 എന്നിട്ടും, ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു നീ ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തതെന്നറിയാന്‍ അവന്‍ ചുറ്റും നോക്കി. 33 ആ സ്ത്രീ തനിക്കു സംഭവിച്ചതറിഞ്ഞ് ഭയന്നുവിറച്ച് അവന്റെ കാല്‍ക്കല്‍ വീണ് സത്യം തുറന്നുപറഞ്ഞു. 34 അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധി യില്‍നിന്നു വിമുക്തയായിരിക്കുക. 35 ഈശോ സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗ് അധികാരിയുടെ വീട്ടില്‍നിന്ന് ചിലര്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? 36 അതുകേട്ട് ഈശോ സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക. 37 പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല. 38 അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു. 39 അകത്തു പ്രവേശിച്ച് അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്. 40 അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്റെ കൂടെയുണ്ടാ യിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് അവന്‍ ചെന്നു. 41 അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥ മുള്ള തലീത്താ കും എന്നു പറഞ്ഞു. 42 തത്ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്മയിച്ചു. 43 ആരും ഈ വിവരം അറിയരുത് എന്ന് ഈശോ അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്കി. അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.

***************************************************************

പീറ്റര്‍ ക്രിസോലോഗസ്:

സാധാരണഗതിയില്‍, രോഗികള്‍ സൗഖ്യം ലഭിക്കണമെന്നപേക്ഷിക്കുമെങ്കിലും എങ്ങനെ സുഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കാറില്ല. എന്നാല്‍ സിനഗോഗധികാരിയും നിയമത്തില്‍ അവഗാഹമുണ്ടായിരുന്നവനുമായ ഈ മനുഷ്യന്‍ തന്റെ മകളെ കൈവച്ചു സുഖപ്പെടുത്തണമെന്ന് ഈശോയോട് ആവശ്യപ്പെടുന്നു. മറ്റെല്ലാറ്റിനെയും ദൈവം വചനത്താല്‍ സൃഷ്ടിച്ചപ്പോള്‍ മനുഷ്യനെ അവിടുന്ന് കൈകൊണ്ട് മെനഞ്ഞുവെന്ന് അവന്‍ വായിച്ചിട്ടുണ്ട്. തന്റെ മകളെ സൃഷ്ടിച്ച അതേ കരത്തിന് അവളെ പുനസൃഷ്ടിക്കാനും ജീവനിലേക്ക് പുനഃപ്രവേശിപ്പിക്കാനു മാവുമെന്ന് അയാള്‍ വിശ്വസിച്ചു. അവളെ ഇല്ലായ്മയില്‍ നിന്നു രൂപപ്പെടുത്തിയ കൈകള്‍തന്നെ തകര്‍ന്നുപോയതിനെ പുനര്‍നിര്‍മ്മിക്കാന്‍ വീണ്ടും അവളുടെമേല്‍ പതിഞ്ഞു (Sermon 33.3)..

ജറോം:

രക്തസ്രാവക്കാരി തനിക്കുണ്ടായിരുന്നവയെല്ലാം ചികിത്സയ്ക്കുവേണ്ടി മുടക്കി. വിശന്നും ദാഹിച്ചും അവളുടെ ജീവന്‍ ഉള്ളില്‍ മൃതപ്രായമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് ജീവന്‍ പോലും അപകടത്തിലായ അവള്‍ കര്‍ത്താവിനോട് കരഞ്ഞപേക്ഷിച്ചു. അവന്റെ വസ്ത്രത്തിന്റെ വിളുമ്പിലെ അവളുടെ സ്പര്‍ശം വിശ്വസിക്കുന്ന ഹൃദയത്തിന്റെ ഒരു നിലവിളിയായിരുന്നു. ഇക്കാര്യത്തില്‍ അവള്‍ ജനതകളില്‍നിന്ന് ഒരുമിച്ചു കൂട്ടപ്പെട്ട ദൈവത്തിന്റെ സഭയുടെ പ്രതിഛായയാണ് (Homily 33).

എന്തുകൊണ്ട് പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍

ജറോം: എന്തുകൊണ്ട് ഈ മൂന്നു ശ്ലീഹന്മാരെ മാത്രം കൂടെ കൂട്ടുന്നുവെന്ന് ചിലര്‍ വിസ്മയിച്ചേക്കാം. ഈശോ മലമുകളില്‍വച്ചു രൂപാന്തരപ്പെട്ടപ്പോഴും ഇവര്‍ മൂന്നുപേരും അവിടുത്തോടൊപ്പമുണ്ടായിരുന്നു (മത്താ 17,1-3; മര്‍ക്കോ 9,2-4; ലൂക്കാ 9,28-30). പത്രോസും യാക്കോബും യോഹന്നാനും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടു. എന്തുകൊണ്ട് മൂന്നുപേര്‍? ഈ സംഖ്യ ത്രിത്വത്തിന്റെ രഹസ്യത്തെ സൂചിപ്പിക്കുന്നതിനാല്‍ അതില്‍ ത്തന്നെ വിശുദ്ധമാണ്. നീര്‍ച്ചാലുകള്‍ക്കരികെ യാക്കോബ് നാട്ടിയത് മൂന്നു കമ്പുകളാണ് (ഉല്‍പ 30:38). ''മുപ്പിരിയന്‍ ചരട് പെട്ടെന്ന് പൊട്ടുകയില്ല'' എന്ന് എഴുതപ്പെട്ടിട്ടുമുണ്ടല്ലോ (സഭാ 4,12). സഭ പണിതുയര്‍ത്തപ്പെടേണ്ട അടിസ്ഥാനമെന്ന നിലയില്‍ പത്രോസ് തിരഞ്ഞെടുക്കപ്പെട്ടു (മത്താ 16,18). ശ്ലീഹന്മാരില്‍ ആദ്യം രക്തസാക്ഷിയായത് യാക്കോബാണ് (നടപടി 12,2). യോഹന്നാന്‍ സ്‌നേഹിക്കപ്പെട്ട ശിഷ്യനാണ് (യോഹ 19,26; 20,2; 21,7-20). ഈ സ്‌നേഹം കന്യാത്വത്തിന്റെ പൂര്‍വഛായയാണ് (Homily 77).

വിശ്വാസവും സത്യവും

രണ്ടു ഘട്ടങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിച്ചാലും! രക്തസ്രാവം ഉണ്ടായിരുന്നപ്പോള്‍ അവള്‍ക്ക് അവന്റെ മുന്നില്‍ വരാന്‍ കഴിയുമായിരുന്നില്ല. വിശ്വാസത്താല്‍ സൗഖ്യം നേടിയപ്പോള്‍ അവള്‍ അവന്റെ മുമ്പില്‍ വന്നു; പാദത്തിങ്കല്‍ വീണു. എന്നിട്ടും അവനെ നോക്കാന്‍ അവള്‍ ധൈര്യപ്പെട്ടില്ല. സൗഖ്യം ലഭിച്ച അവളെ സംബന്ധിച്ചിടത്തോളം ആ പാദങ്ങളില്‍ വീണു കിടക്കുക ധാരാളം മതിയായിരുന്നു. അവള്‍ ''സത്യമെല്ലാം തുറന്നുപറഞ്ഞു'' (മര്‍ക്കോ 5,33). മിശിഹാതന്നെയാണ് സത്യം. അവള്‍ സത്യത്തെ സ്തുതിക്കുകയായിരുന്നു. അവള്‍ സത്യത്താല്‍ സുഖമാക്കപ്പെട്ടു (Homily 77).

പീറ്റര്‍ ക്രിസോലോഗസ്:

വേലിയേറ്റ ങ്ങളുള്ള ഏതൊരു കടലിനെക്കാളും പ്രക്ഷുബ്ധമായിരുന്നു രക്തസ്രാവക്കാരിയുടെ ഉള്ള്. വൈദ്യന്‍മാരില്‍നിന്നു വൈദ്യന്‍മാരിലേക്കുള്ള പ്രയാണം, നിഷ്ഫലമായ ചികിത്സാവിധികള്‍ക്കു വിധേയമാകല്‍, നിരന്തരമായ മരുന്നും പ്രയോഗവും, വൈദഗ്ദ്ധ്യവും അനുഭവസമ്പത്തും പരാജയം സമ്മതിച്ച അവസ്ഥ - ഇത്രത്തോളമെത്തിയപ്പോഴേക്കും അവള്‍ ദാരിദ്ര്യത്തിന്റെ പരകോടിയിലെത്തിയിരുന്നു. മനുഷ്യന്റെ അറിവും പരിചയസമ്പത്തും പരാജയപ്പെട്ടിടത്ത് അവള്‍ വിശ്വാസത്താലും എളിമയാലും സുഖമാക്കപ്പെടണമെന്നത് ദൈവപദ്ധതിയായിരുന്നു. പ്രകൃതിയാല്‍ ഒതുക്കവും നിയമത്താല്‍ അടക്കവും ശീലിക്കപ്പെട്ട അവള്‍ അവനില്‍നിന്ന് അല്‍പമകലെ നിന്നിരുന്നു. അവള്‍ അശുദ്ധയായതിനാല്‍ വിശുദ്ധമായതിനെ സ്പര്‍ശിക്കാന്‍ പാടില്ലായിരുന്നു (ലേവ്യ 15,25). നേതാക്കളുടെ കോപത്തിനും നിയമത്തിന്റെ ശിക്ഷാവിധിക്കും ഇരയാകുമെന്നതിനാല്‍ സ്പര്‍ശിക്കാന്‍ അവള്‍ ഭയപ്പെട്ടു. താന്‍ സംസാരിച്ചാല്‍ ചുറ്റുമുള്ളവരുടെ അലോസരത്തിനും അമ്പരപ്പിനും കാരണമാവുകയും താന്‍ സംസാരവിഷയമാവുകയും ചെയ്യുമെന്നതിനാല്‍ അവള്‍ സംസാരിക്കാന്‍ ഭയപ്പെട്ടു. കുറെ വര്‍ഷങ്ങളായി അവളുടെ ശരീരം യാതനകളുടെ കേളീരംഗമായിരുന്നു. നിത്യേനയുള്ള നിലയ്ക്കാത്ത വേദന അവള്‍ക്ക് അസഹ്യമായിക്കഴിഞ്ഞു. കര്‍ത്താവാകട്ടെ, തിടുക്കത്തില്‍ കടന്നുപോവുകയായിരുന്നു. ചിന്തിക്കാന്‍ സമയമില്ല. നിശബ്ദനോ രോഗവിവരം വെളിപ്പെടുത്താത്തവനോ സൗഖ്യം ലഭിക്കയില്ലെന്നും അവള്‍ക്കറിയാം. പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ഈ വിചാരങ്ങള്‍ക്കിടയില്‍ ഒരു വഴി അവളുടെ മുമ്പില്‍ തെളിഞ്ഞു. അവളുടെ രക്ഷയ്ക്കുള്ള ഒരേയൊരുവഴി. സൗഖ്യം മോഷ്ടിച്ചെടുക്കുക. പരസ്യമായി ചോദിക്കാന്‍ കഴിയാത്തത് നിശബ്ദമായി അവള്‍ കൈക്കലാക്കും; ബഹുമാനവും അടക്കവും പാലിച്ചുകൊണ്ടുതന്നെ. ശരീരംകൊണ്ട് അര്‍ഹതയില്ലാത്തവള്‍ ഹൃദയംകൊണ്ട് വൈദ്യന്റെ പക്കലേക്കു തിരിഞ്ഞു. വിശ്വാസത്തില്‍ അവള്‍ ദൈവത്തെ സ്പര്‍ശിച്ചു. കൈകള്‍കൊണ്ട് അവന്റെ വസ്ത്രാഞ്ചലത്തില്‍ തൊട്ടു. സൗഖ്യവും ക്ഷമയും ഇതുവഴി ലഭിക്കുമെന്ന് അവള്‍ വിശ്വസിച്ചു: എന്തെന്നാല്‍ മറ്റു ഗതിയില്ലാതെയാണ് ഈ വഴി അവള്‍ തിരഞ്ഞെടുത്തത്. താന്‍ കൈക്കലാക്കുന്ന നേട്ടം അവനില്‍ കുറവൊന്നും വരുത്തുകയില്ലെന്ന് അവള്‍ അറിഞ്ഞിരുന്നു. പന്ത്രണ്ടു വര്‍ഷമായി മനുഷ്യന്റെ കൈവിരുത് പരാജയപ്പെട്ടിടത്ത് ഒരു നിമിഷംകൊണ്ട് വിശ്വാസം സൗഖ്യം നല്‍കി Sermon 33.4).

മാതാപിതാക്കളുടെ ദീര്‍ഘസഹനം

മാതാപിതാക്കള്‍ മക്കളോടുള്ള സ്‌നേഹത്തെപ്രതി ഏതെല്ലാം യാതനകള്‍ ഏറ്റെടുക്കുന്നുവെന്നും എന്തെല്ലാം ഉത്ക്കണ്ഠകള്‍ വഹിക്കുന്നുവെന്നും ശ്രദ്ധിക്കാം. ഇതാ, ഒരു ബാലിക തന്റെ കുടുംബാംഗങ്ങളാല്‍ ചുറ്റപ്പെട്ടും ഉറ്റവരുടെ അനുകമ്പയാലും സ്‌നേഹത്താലും വലയം ചെയ്യപ്പെട്ടും തന്റെ സഹനശയ്യയില്‍ കിടക്കുന്നു. അവളുടെ ശരീരം നന്നേ ശോഷിച്ചിരിക്കുന്നു. അവളുടെ പിതാവിന്റെ ഉള്ളിനെ ദുഃഖം കാര്‍ന്നുതിന്നിരിക്കുന്നു. അവളുടെ ആന്തരഭാഗങ്ങളിലെല്ലാം രോഗത്തിന്റെ തീവ്രവേദനയാണ്. ആ പിതാവ് ഉണ്ണാതെ, ഉറങ്ങാതെ, ദിനകൃത്യങ്ങളില്‍ ശ്രദ്ധിക്കാതെ ദുഃഖസാഗരത്തില്‍ മുഴുകിയിരിക്കുന്നു. ലോകത്തിന്റെ മുമ്പാകെ ആ മനുഷ്യന്‍ സഹനത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ആ പുത്രി മരണത്തിന്റെ നിശ്ചലതയിലേക്കാഴ്ന്നു പോയി. കഷ്ടം! കുട്ടികള്‍ ഇക്കാര്യങ്ങളെപ്പറ്റി ഗൗരവമായി ചിന്തിക്കാത്തതെന്തുകൊണ്ട്? എന്തുകൊണ്ട് അവര്‍ മാതാപിതാക്കളിലേക്ക് മടങ്ങിച്ചെല്ലുന്നില്ല? എങ്കിലും മാതാപിതാക്കളുടെ സ്‌നേഹം ഇല്ലാതാകുന്നില്ല. അവര്‍ കുട്ടികളില്‍ വര്‍ഷിക്കുന്ന നന്മകള്‍ക്ക് എല്ലാവരുടെയും പിതാവായ ദൈവം ഉചിതമായ പ്രതിഫലം നല്‍കും (Sermon 33.2).

അപ്രേം:

മറഞ്ഞിരിക്കുന്ന ദൈവപുത്രാ, നിനക്കു മഹത്ത്വം. എന്തെന്നാല്‍, ദുരിതപൂര്‍ണ്ണമായ അവളുടെ രഹസ്യരോഗം നിന്റെ സൗഖ്യത്തെ പ്രഘോഷിച്ചു. ദൃശ്യയായ ഒരു സ്ത്രീവഴി അദൃശ്യമായ തന്റെ ദൈവത്വം അവിടുന്ന് അവര്‍ക്കുമുമ്പില്‍ വെളിപ്പെടുത്തി. പുത്രന്റെ ദൈവത്വം അവന്‍ നല്കിയ രോഗശാന്തിവഴി വെളിവാക്കപ്പെട്ടു, രോഗിണിയായ സ്ത്രീയുടെ വിശ്വാസം അവള്‍ക്കു നല്‍കപ്പെട്ട സൗഖ്യംവഴി വെളിവാക്കപ്പെട്ടു. അവന്‍ പ്രഘോഷിക്കപ്പെടാന്‍ അവള്‍ കാരണമായി; അവള്‍ അവനോടൊപ്പം പ്രഘോഷിക്കപ്പെട്ടു. സത്യം അതിന്റെ പ്രഘോഷകരോടൊപ്പം പ്രഘോഷിക്കപ്പെടുന്നു. അവള്‍ അവന്റെ ദൈവത്വത്തിനു സാക്ഷിയായതുപോലെ, അവിടുന്ന് അവളുടെ വിശ്വാസത്തിനും സാക്ഷ്യം നല്‍കി.

പ്രതിഫലമായി അവള്‍ അവനു വിശ്വാസം സമര്‍പ്പിച്ചു. അതിനു പകരമായി അവന്‍ അവളില്‍ സൗഖ്യം വര്‍ഷിച്ചു. അവളുടെ വിശ്വാസമെന്നതുപോലെതന്നെ സൗഖ്യവും പരസ്യമായി പ്രഘോഷിക്കപ്പെട്ടു. വൈദ്യന്മാര്‍ അവരുടെ മരുന്നുപ്രയോഗങ്ങളെപ്രതി ലജ്ജിതരായി; എന്തെന്നാല്‍ പുത്രന്റെ ശക്തി അതിന്റെ സമ്പൂര്‍ണ്ണതയില്‍ അവനു മഹത്വം നല്‍കി. ചികിത്സാവിധികളെ ക്കാള്‍ എത്രയുപരിയാണ് വിശ്വാസമെന്നതും അദൃശ്യമായ ശക്തി ദൃശ്യമായ പ്രതിക്രിയകളേക്കാള്‍ എത്ര ശ്രേഷ്ഠമാണെന്നതും ഇവിടെ വ്യക്തമാണ്. അവളുടെ മറഞ്ഞിരുന്ന വിശ്വാസം അവന്‍ കണ്ടെത്തുകയും ദൃശ്യമായ സൗഖ്യം നല്‍കുകയും ചെയ്തു (Commentary on Tatian's Diatessaron).

ആഗസ്തീനോസ്:

അവനുചുറ്റും തിക്കി ത്തിരക്കുന്നവര്‍ അനേകം. വിശ്വാസത്തോടെ അവനെ തൊടുന്നവര്‍ വിരളം (ഏശ 1,11) (Sermon 62.4).

ബാലികയുടെ മരണം

ഈശോ പറഞ്ഞു: ''നിങ്ങള്‍ കരയുകയും ബഹളംകൂട്ടുകയും ചെയ്യുന്നതെന്ത്? കുട്ടി മരിച്ചിട്ടില്ല. ഉറങ്ങുകയാണ്'' (മര്‍ക്കോ 5,39). അവിടുന്ന് പറഞ്ഞതു സത്യമാണ്. അവിടുത്തെ സംബന്ധിച്ചിടത്തോളം അതൊരു ഉറക്കം മാത്രമായിരുന്നു. ഉണര്‍ത്താന്‍ ഈശോ യ്ക്കു കഴിയുമായിരുന്നുതാനും. അങ്ങനെ ഉണര്‍ ത്തിക്കൊണ്ട് അവളെ ജീവിക്കുന്നവളായി മാതാപിതാക്കള്‍ക്കേല്‍പ്പിച്ചുകൊടുത്തു (Sermon on New Testament Lessons 48).

ബീഡ്:

ചിലര്‍ ''കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നുമില്ല'' (മത്താ 13,13). അപ്രകാരംതന്നെ ഹൃദയലാളിത്യമില്ലാതെ കാപട്യത്തോടെയും സംശയത്തോടെയും കര്‍ത്താവിനെ സമീപിക്കുന്നവര്‍ തൊട്ടിട്ടും തൊടുന്നില്ല (Exposition on the Gospel of Mark 2.5).

ശ്ലീഹന്മാരുടെ കാനോനകള്‍:

ഓരോ രോഗിക്കും അനുയോജ്യമായ ഔഷധം നല്‍കുവിന്‍. സാധ്യമായ എല്ലാവിധത്തിലും അവര്‍ക്ക് രോഗശമനവും സൗഖ്യവും നല്‍കുവിന്‍. ആരോഗ്യമുള്ളവരായി അവരെ സഭയില്‍ തിരികെ പ്രതിഷ്ഠിക്കുവിന്‍. അജഗണങ്ങളെ പോറ്റുവിന്‍. എന്നാല്‍ അത് ''അവയുടെമേല്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ട്, കാഠിന്യത്തോടും ക്രൂരതയോടുംകൂടി ആവരുത്'' (എസെ 34,4; മത്താ 29,25). മറിച്ച്, ''ശാന്തനും ആര്‍ദ്രഹൃദയനുമായ ഒരിടന്‍ ചെമ്മരിയാട്ടിന്‍ കുഞ്ഞുങ്ങളെ തന്റെ മടിത്തട്ടില്‍ വഹിച്ചുകൊണ്ട് കുഞ്ഞാടുകളെ ദയാര്‍ദ്രനായി നയിക്കുന്നതുപോലെ'' (ഏശ 40,11) ആയിരിക്കണം (Constitutions of the Holy Apostles 2.3.20).

പ്രൂഡന്‍ഷ്യസ്:

കണ്ടാലും, അഴുകി ജീര്‍ണ്ണിച്ച മാംസവും

കുഷ്ഠരോഗവ്രണം നിറഞ്ഞ

അവയവങ്ങളും

''പോവുക, കഴുകുക,

ഇതാണെന്റെ കല്‍പ്പന''യെന്നതു കേട്ടു- ടനെയതുപടി ചെയ്തപ്പോള്‍

വ്രണങ്ങള്‍ പോയ്മറഞ്ഞതും പോരാഞ്ഞ്

വടുകെട്ടിയ ചര്‍മ്മമാംസങ്ങള്‍

സ്‌നിഗ്ദ്ധമായി തീര്‍ന്നു (മത്താ 8,23).

ഒരായുസ്സിന്റെയന്ധത ബാധിച്ച കണ്ണുകള്‍

പ്രഭാതത്തിനും പ്രകാശത്തിനും മീതെ തിരശ്ശീല ചാര്‍ത്തവേ,

കളിമണ്ണിന്‍ കുഴമ്പൊരു ലേപനമായി പൂശി

താവകാധരത്തില്‍ നിന്നൊരു തുള്ളി

തൂമധുവും ചേര്‍ത്തു, പെട്ടെന്നിതാ

തുറക്കുന്നു നയനങ്ങള്‍

വൈകിക്കൈവന്ന കാഴ്ചയിലാമോദം പൂണ്ടവ (യോഹ 9,1 -7).

ദുര്‍ബലമാം വഞ്ചിയെ

കീഴ്‌മേല്‍ മറിക്കുവാന്‍

വെറിപൂണ്ടടുത്ത കൊടുങ്കാറ്റിനെയും

തിരമാലകളെയുയര്‍ത്തുവാന്‍

വട്ടം കറങ്ങിയെത്തുന്ന മാരുതനെയും

നിന്റെ വാക്കൊന്നിനാല്‍ കീഴടക്കി നീ.

ആര്‍ത്തിരമ്പിയ തിരമാലകളും ശമിച്ചു (മത്താ 8,24-26).

അബലയും ഭയചകിതയുമായ സ്ത്രീ നിന്‍ വസ്ത്രാഞ്ചലത്തില്‍ സ്പര്‍ശിക്കവേ,

ദീപ്തമാം സൗഖ്യം വന്നണഞ്ഞു;

പോയ്മറഞ്ഞിതാ തന്‍ രക്തസ്രാവവും.

(മര്‍ക്കോ 5,25-34).

മണ്‍മറഞ്ഞ ലാസര്‍ നാലുദിനം

സൂര്യപ്രഭയേശാതെ കല്ലറയില്‍ ശയിക്കവേ

അവിടുന്നല്ലോ പുനരേകി ജീവനും ശ്വാസവും ചലനവും വന്നിതാ തിരികെ പ്രവേശിക്കുന്നാത്മാവും

അമ്പേയഴുകിത്തുടങ്ങിയതാം

മാംസപിണ്ഡത്തില്‍ (യോഹ 11,38-44). (Hymn 9).

അഫ്രാത്ത്:

സിനഗോഗധികാരി തന്റെ പുത്രിയുടെ കാര്യം അപേക്ഷിച്ചപ്പോള്‍ ഈശോ പറഞ്ഞത് ''വിശ്വസിക്കുക മാത്രം ചെയ്യുക, നിന്റെ പുത്രി ജീവിക്കും'' (മര്‍ക്കോ 5,35-36) എന്നായിരുന്നു. അവന്‍ വിശ്വസിക്കുകയും അവന്റെ പുത്രി ജീവിക്കുകയും ചെയ്തു. മര്‍ത്താ അവിടുത്തോട് പറഞ്ഞു: ''ഉവ്വ് കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു'' (യോഹ 11,23-27). ഈശോ ലാസറിനെ ഉയിര്‍പ്പിച്ചു. പ്രിയപ്പെട്ടവരേ, നമുക്കും വിശ്വാസത്തോടടുക്കാം; കാരണം അതിന്റെ നേട്ടങ്ങള്‍ നിരവധിയാണ്.

വിശ്വാസം (ഹെനോക്കിനെ) സ്വര്‍ഗത്തിലേക്കുയര്‍ത്തുകയും (ഉത്പ 5,24; ഹെബ്രാ 11,5) പ്രളയത്തെ അതിജീവിപ്പിക്കുകയും ചെയ്തു (ഉത്പ 7,1-8,22; ഹെബ്രാ 11,7). വിശ്വാസമൂലം വന്ധ്യ ഗര്‍ഭംധരിച്ചു (ഉത്പ 21,1-3; ഹെബ്രാ 11,11-12); അത് വാളില്‍നിന്നു മോചനം നല്‍കുന്നു (ഉത്പ 22,1-19; ഹെബ്രാ 11,17-34); കുഴിയില്‍നിന്നു കയറ്റുന്നു (ഉത്പ 37,28); വിശ്വാസം ദരിദ്രരെ സമ്പന്നരാക്കുന്നു (മര്‍ക്കോ 12,42-44); അത് തടവുകാരെ വിടുവിക്കുകയും പീഡിതരെ മോചിപ്പിക്കുകയും ചെയ്യുന്നു (ഹെബ്രാ 11:27-29); അത് അഗ്നിജ്വാലയെ കെടുത്തുന്നു (1 രാജാ 18,38); കടലിനെ വിഭജിക്കുന്നു (പുറ 14,21); വിശ്വാസം പാറകളെ പിളര്‍ന്ന് ദാഹജലം പുറപ്പെടുവിക്കുന്നു (പുറ 17,6); അത് വിശക്കുന്നവരെ സംതൃപ്തരാക്കുന്നു (പുറ 16:15); വിശ്വാസം മരിച്ചവരെ ഉയിര്‍പ്പിക്കുകയും പാതാളത്തില്‍നിന്നു പുറത്തു കൊണ്ടുവരുകയും ചെയ്യുന്നു (ഹെബ്രാ 11,35); അത് തിരമാലകളെ ശാന്തമാക്കുന്നു (മത്താ 8,26); രോഗികളെ സുഖപ്പെടുത്തുന്നു (മത്താ 9,2-22; മര്‍ക്കോ 2,5); മഹാസൈന്യങ്ങളെ കീഴടക്കി (ഹെബ്രാ 11,30); സിംഹങ്ങളുടെ വായ്കള്‍ പൂട്ടുന്നു (ഹെബ്രാ 11,33); അഗ്നിജ്വാലകളെ ശമിപ്പിക്കുന്നു (ഹെബ്രാ 11,34); വിശ്വാസം അഹങ്കാരികളെ താഴ്ത്തുകയും വിനീതര്‍ക്ക് ബഹുമതി കൊണ്ടുവരുകയും ചെയ്യുന്നു (ഹെബ്രാ 11,26; യാക്കോ 4,6). ഈ മഹത്തായ പ്രവൃത്തികളെല്ലാം വിശ്വാസം നിര്‍വഹിക്കുന്നു. വിശ്വാസമെന്നാല്‍ ആകാശവും ഭൂമിയും കരയും കടലും അതിലുള്ള സകലവും സൃഷ്ടിച്ച കര്‍ത്താവായ ദൈവത്തില്‍ വിശ്വസിക്കുക എന്നതാണ്. അവന്‍ ആദത്തെ തന്റെ ഛായയില്‍ സൃഷ്ടിച്ചു. മോശയ്ക്ക് നിയമം നല്കി. അവന്‍ പ്രവാചകരുടെമേല്‍ തന്റെ അരൂപിയെ അയച്ചു. മരിച്ചവരുടെ ഉത്ഥാനത്തില്‍ നമ്മള്‍ വിശ്വസിക്കുന്നതിനുവേണ്ടി തന്റെ മിശിഹായെ ഈ ലോകത്തിലേക്കയച്ചു. മാമ്മോദീസയുടെ ഫലപ്രാപ്തിയിലും നമ്മള്‍ വിശ്വസിക്കുന്നു. ഇതാണ് ദൈവത്തിന്റെ സഭയുടെ വിശ്വാസം. അതിനാല്‍ ശകുനംനോക്കല്‍, മന്ത്രവാദങ്ങള്‍, ഭാവിപറയല്‍ തുടങ്ങിയവയില്‍നിന്നും ഉപരിപ്ലവമായ പ്രാര്‍ത്ഥനകള്‍, ആചാരങ്ങള്‍, മാസങ്ങളുടെയും കാലങ്ങളുടെയും ആചരണം എന്നിവയില്‍നിന്നും വ്യഭിചാരം, അശുദ്ധി, അബദ്ധപ്രബോധനങ്ങള്‍ തുടങ്ങി ശത്രുവിന്റെ ആയുധങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. തേന്‍ പുരട്ടിയ വാക്കുകളുടെ പ്രലോഭനത്തില്‍നിന്നും വ്യഭിചാരം, ദൈവദൂഷണം എന്നിവയില്‍നിന്നും അകന്നുനില്‍ക്കണം. കള്ളസാക്ഷ്യം നല്‍കുകയോ കപടഭാഷണം നടത്തുകയോ അരുത് (Demonstration 4:17.19).

അംബ്രോസ്:

സിനഗോഗധികാരിയുടെ മകളുടെ മരണത്തില്‍ ആളുകള്‍ വിലപിക്കുകയും വാദ്യഘോഷക്കാര്‍ വിലാപഗീതമാലപിക്കുകയും ചെയ്തു. അവള്‍ തീര്‍ച്ചയായും മരിച്ചിരിക്കുന്നു എന്ന വിശ്വാസത്തില്‍ അവളുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ ഒരുക്കപ്പെട്ടു. കര്‍ത്താവിന്റെ ശബ്ദ ത്താല്‍ ജീവന്‍ ഉടന്‍തന്നെ തിരിച്ചുവരികയും അവളുടെ ശരീരം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു. താന്‍ ജീവനുള്ളവളാണെന്നു തെളിയിക്കാന്‍ അവള്‍ ഭക്ഷിച്ചു (On his Brother Satyrus 2.82).

സൈറസിലെ തിയോഡൊറേറ്റ്:

ജീവനുള്ളവയുടെ സവിശേഷതയാണ് ഭക്ഷണം കഴിക്കല്‍. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് ഇതു വെളിപ്പെടുത്തി. ഉത്ഥാനം യഥാര്‍ത്ഥമല്ല, മായാഭ്രമമാണ് എന്ന് കരുതിയവരെ തിരുത്താനായിരുന്നു ഇത്. ലാസറിന്റെയും ജായ്‌റോസിന്റെ പുത്രിയുടെയും കാര്യത്തില്‍ ഇതുതന്നെ സംഭവിച്ചു. അവളെ ഉയിര്‍പ്പിച്ചപ്പോള്‍ അവള്‍ക്ക് ഭക്ഷിക്കാനെന്തെങ്കിലും നല്‍കാന്‍ അവിടുന്ന് നിര്‍ദ്ദേശിച്ചു (മര്‍ക്കോ 5,43) (Dialogue 2, The Unconfounded). ---------********* (....തുടരും).

▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.

(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍

സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍

-- പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »