Christian Prayer - May 2024

പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ആറാം തീയതി 

വണക്കമാസം 06-05-2024 - Monday

"മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു" (ലൂക്ക 1:38)

പരിശുദ്ധ കന്യകയുടെ എളിമ

ലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന് യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം ദൈവമാതാവിന്‍റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്. അവള്‍ രക്ഷകന്‍റെ ആഗമനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, തനിക്ക് ആ ദൈവകുമാരന്‍റെ മാതാവാകാനുള്ള യോഗ്യതയുണ്ടെന്നു കരുതിയിരുന്നില്ല.

പരിശുദ്ധ കന്യകയുടെ എളിമയാണ് ത്രിത്വത്തിലെ രണ്ടാമത്തെ സുതനായ ദൈവത്തെ അവളുടെ പക്കലേക്ക് ആകര്‍ഷിച്ചത് എന്ന് വിശുദ്ധ അഗസ്തീനോസ് പറയുന്നു. മേരിയുടെ അഗാധമായ എളിമ അവളുടെ കൃതജ്ഞതാലാപം തന്നെ വ്യക്തമാക്കുന്നു.

"എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിച്ചു. എന്തെന്നാല്‍ അവന്‍ തന്‍റെ ദാസിയുടെ താഴ്മയെ തൃക്കണ്‍പാര്‍ത്തു. ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കും" (വി.ലൂക്കാ 1:45-48). പരിശുദ്ധ കന്യക ദൈവത്തെ മഹത്വപ്പെടുത്തുന്നത് സ്തോത്രഗീത സമയത്ത് മാത്രമല്ല അവിടുത്തെ ജീവിതകാലം മുഴുവനും അതു ചെയ്തിരുന്നു. 

യാഥാര്‍ത്ഥ എളിമ എന്തിലാണ് അടങ്ങിയിരിക്കുന്നത് എന്ന്‍ മറിയം സ്തോത്രഗീതത്തിലൂടെ വ്യക്തമാക്കുന്നു. ദൈവത്തെയും, നമ്മെയും അറിയുക. ആ യഥാര്‍ത്ഥ ജ്ഞാനത്തിന്‍റെ പ്രകാശത്തില്‍ നമുക്ക് ദൈവത്തോടും മറ്റു സൃഷ്ടവസ്തുക്കളോടുമുള്ള ബന്ധത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കുക എന്നതാണ് എളിമ. പരിശുദ്ധ അമ്മ അവളുടെ മഹത്വകാരണം എളിമയാണെന്ന് പ്രഖ്യാപിക്കുന്നു. 

"തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും" എന്നുള്ള ക്രിസ്തുനാഥന്‍റെ ദിവ്യവചസ്സുകള്‍ ദിവ്യജനനി മുന്‍കൂട്ടി മനസ്സിലാക്കി പ്രാവര്‍ത്തികമാക്കുകയാണ്. എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. പരിശുദ്ധ കന്യക ഒരു പ്രവചനം നടത്തുകയാണ്. ആ പ്രവചനം എത്ര സ്വാര്‍ത്ഥകമായിരുന്നുവെന്നു തിരുസഭാചരിത്രം പരിശോധിക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും. വിശുദ്ധന്മാര്‍ എല്ലാവരും മറിയത്തെ പ്രകീര്‍ത്തിക്കുന്നതില്‍ ഉത്സുകരായിരുന്നുവെന്ന്, ക്രിസ്ത്യാനികള്‍ മാത്രമല്ല, അക്രൈസ്തവരും മറിയത്തെ സ്തുതിക്കുന്നതില്‍ തത്പരരായിരുന്നു. 

ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേക്ക് അവരോധിതയായെങ്കിലും മേരി നസ്രസിലെ വിനീത കന്യകയായിട്ടാണ് ജീവിച്ചത്. എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ പോകുമ്പോഴും ക്രിസ്തുനാഥന്‍റെ പിറവിയിലും ഈജിപ്തിലേക്കുള്ള പലായനത്തിലും എല്ലാം മറിയത്തിന്‍റെ വിനയവും എളിമയും പ്രകാശിതമാകുന്നു. പരിശുദ്ധ മാതാവിന്‍റെ മക്കളായ നാം അമ്മയെ അനുകരിച്ചു എളിമയുള്ളവരാകണം. എളിമയുള്ളവര്‍ ഭാഗ്യവാന്മാര്‍; എന്തെന്നാല്‍ ഭൂമി അവര്‍ അവകാശമാക്കും എന്നുള്ള ക്രിസ്തുനാഥന്‍റെ വാക്കുകള്‍ നമ്മുടെ ജീവിതത്തിലും അന്വര്‍ത്ഥമാക്കാം.

സംഭവം

ഇസ്ലാം മതസ്ഥാപകനായ മുഹമ്മദും, ഖുറാന്‍ ഭാഷ്യകര്‍ത്താവായ കര്‍ത്തയും മറ്റനവധി വ്യക്തികളും പരിശുദ്ധ കന്യകയെ സ്തുതിക്കുന്നുണ്ട്. ഇന്ന് വിശ്വവ്യാപകമായ നിത്യസഹായ മാതാവിനോടുള്ള ഭക്തി പ്രസിദ്ധമാണല്ലോ. 1970-ല്‍ ബാംഗ്ലൂരിലുള്ള നാഷണല്‍ കാറ്റക്കറ്റിക്കല്‍ ആന്‍ഡ് ലിറ്റര്‍ജിക്കല്‍ സെന്‍ററില്‍ (National Catechetical and Liturgical Centre) ഒരു പരിപാടി ഉണ്ടായിരുന്നു.

ഈ പരിപാടിയിൽ ഒരു പാഴ്സി, മുഹമ്മദ്, ഒരു ഹിന്ദുവായ രാജമാണിക്കം എന്നീ മൂന്നുപേര്‍ വന്ന് അവരുടെ മാനസാന്തര കഥ വിവരിച്ചു. മൂന്നു പേരുടെയും മാനസാന്തരത്തിന് കാരണമായത് പരിശുദ്ധ കന്യകയോടുള്ള ഭക്തിയാണ് എന്നവര്‍ പ്രസ്താവിക്കുകയുണ്ടായി. പ്രത്യേകിച്ചും ഹൈന്ദവന്റെ മാനസാന്തരം ശ്രദ്ധേയമാണ്. അയാൾ ഒരു നാസ്തികനായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ അവിടെ ദിവ്യരക്ഷ സഭക്കാരുടെ സെമിനാരിയോട് അനുബന്ധിച്ചുള്ള ദൈവാലയത്തില്‍ നിത്യസഹായമാതാവിന്‍റെ നോവേനയില്‍ യാദൃശ്ചികമായി സംബന്ധിക്കുവാനിടയായി. അയാള്‍ ബി.എ.ബിരുദം സമ്പാദിച്ചതിനു ശേഷം ജോലിയില്ലാതെ വിഷമിക്കുകയായിരുന്നു. ജോലി കിട്ടുവാന്‍ വേണ്ടി ഒമ്പതു ദിവസം നോവേനയില്‍ സംബന്ധിക്കാമെന്ന് അയാൾ പ്രതിജ്ഞ ചെയ്തു. രണ്ടു ദിവസം നവനാളിനു സംബന്ധിച്ചപ്പോള്‍ ജോലി കിട്ടി. മാതാവിന്‍റെ സഹായം ഒന്നുമാത്രമാണ് ഇതിനിടയാക്കിയത് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. പിന്നീട് കത്തോലിക്കാ വിശ്വാസം സംബന്ധിച്ച് അദ്ദേഹം ധാരാളം അറിവ് നേടി.

1965-ല്‍ അയാൾ കത്തോലിക്കാസഭയിൽ അംഗമായി. തന്നിമിത്തം അയാള്‍ക്ക് പിതൃസ്വത്തായി ലഭിക്കേണ്ടിയിരുന്ന അമ്പതിനായിരം രൂപയോളം നഷ്ടപ്പെട്ടു. എന്നാൽ അയാൾ പറഞ്ഞു "എനിക്ക് പരിപൂര്‍ണമായ സമാധാനവും സംതൃപ്തിയും ലഭിച്ചു". എനിക്ക് സ്വര്‍ഗ്ഗീയ മാതാവായ പരിശുദ്ധ കന്യകാമറിയമുള്ളപ്പോള്‍ ലൗകികസമ്പത്തെല്ലാം നിസ്സാരമാണെന്നാണ് നൂറുകണക്കിന് ആളുകളുടെ മുന്നിൽ അയാൾ പ്രഘോഷിച്ചു.

പ്രാര്‍ത്ഥന:

ദൈവമാതാവായ പരിശുദ്ധ കന്യകയെ, അങ്ങയുടെ വിസ്മയാവഹമായ എളിമയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ലജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുക്കുമാരന്‍റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതനെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയ്ക്കെല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതാവായ അങ്ങയേയും സ്നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. അതിനുള്ള അനുഗ്രഹം ഞങ്ങൾക്കു നൽകണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന....

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന.....

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം

വിശുദ്ധിയുടെ വിളനിലമായ മറിയമേ! ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിനനുരൂപമാക്കണമേ.

ഈ മാസത്തെ മുഴുവന്‍ വണക്കമാസവും ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »