India - 2024
മാര്‍ ആനിക്കുഴിക്കാട്ടിലിന്റെ പൊതുദര്‍ശനവും സംസ്‌കാരവും സുരക്ഷാ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച്
സ്വന്തം ലേഖകന്‍ 03-05-2020 - Sunday
വാഴത്തോപ്പ്: ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനവും സംസ്‌കാരവും കോവിഡ്-19 സുരക്ഷ പ്രോട്ടോകോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടത്താന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ തീരുമാനം. ജില്ലയില്‍ നാളെ, ഉച്ചയ്ക്ക് 1 മുതല്‍ അടിമാലിയില്‍ നിന്നും ആരംഭിച്ച് മെയ് 05 ഉച്ചയ്ക്ക് ശേഷം 02.30 ന് വാഴത്തോപ്പില്‍ അവസാനിക്കുന്ന സ്ഥലങ്ങളില്‍ വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. പൊതുദര്‍ശനം നടത്തുന്ന സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും ഒരേ സമയത്ത് പരമാവധി 20 പേരില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. 5 പേരില്‍ കൂടുതല്‍ കൂട്ടം കൂടുന്നതും കര്‍ശനമായി നിരോധിച്ചു.
പൊതുദര്‍ശനത്തില്‍ പങ്കെടുത്തവര്‍ ഏത്രയും വേഗം പരിസരം വിട്ടു പോകണം. പൊതുദര്‍ശനം നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്ക് കടന്നു വരുന്നതിനും പുറത്തേക്ക് പോകുന്നതിനുമായി പ്രത്യേകം റോഡുകള്‍ നിശ്ചയിക്കേണ്ടതാണ്. (വണ്‍ വേ സംവിധാനം) പൊതുദര്‍ശനം നടത്തുന്ന കെട്ടിടത്തിന് ഉള്ളിലേക്കും, പുറത്തേക്കുമായി പ്രത്യേകം വഴികള്‍ ക്രമീകരിക്കേണ്ടതാണ്. പൊതുദര്‍ശനത്തിനെത്തുന്ന എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. പ്രസ്തുത സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൈകള്‍ ശുചീകരിക്കുന്നതിനായി സാനിറ്റൈസര്‍/ സോപ്പും, വെള്ളവും ലഭ്യമാക്കണം. പൊതുദര്‍ശനത്തില്‍ പരമാവധി പൊതുജനങ്ങളുടെ പങ്കാളിത്തം കുറയ്ക്കണം.
പ്രാദേശിക ചാനലുകള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലൂടെ പൊതു ദര്‍ശന ചടങ്ങുകള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. പൊതുദര്‍ശനം നടത്തുന്ന ഹാളിനുള്ളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. വീഡിയോയില്‍ പകര്‍ത്തുന്ന ചടങ്ങിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് ഇടുക്കി രൂപത ഏര്‍പ്പാടുകള്‍ ചെയ്യും. ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കേണ്ടതും, പോലീസിന് ലഭ്യമാക്കേണ്ടതുമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നതിനെത്തുന്ന ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രവും, നാലു ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് പേര്‍ മാത്രവുമേ യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
ഓരോ ഇടവക മേലദ്ധ്യക്ഷന്‍മാരും പോലീസ് വകുപ്പിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഓരോ ഇടവകയ്ക്കും പൊതുദര്‍ശനത്തിനായി പ്രത്യേകമായി സമയം മുന്‍കൂറായി നിശ്ചയിച്ച് നല്കും. ഇടവക അദ്ധ്യക്ഷന്റെ/ പ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ മാത്രം പൊതുദര്‍ശനം അനുവദിക്കും. ആവശ്യമെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക പാസ്സ് നല്‍കുന്നതിനുള്ള സൗകര്യം ജില്ലാ പോലീസ് മേധാവിക്ക് ഏര്‍പ്പെടുത്താവുന്നതാണ്. ഇടുക്കി ജില്ലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പോലീസില്‍ നിന്നുള്ള നിശ്ചിത പാസ്സിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ.
ഭൗതിക ശരീരം വഹിച്ചു കൊണ്ടു വരുന്ന വാഹനത്തിനൊപ്പം പരമാവധി രണ്ട് വാഹനങ്ങള്‍ കൂടി മാത്രമേ അനുവദിക്കുകയുള്ളു. പ്രസ്തുത വാഹനം കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല. പൊതുദര്‍ശനത്തിന് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ ഭൗതിക ശരീരം വഹിക്കുന്ന വാഹനം നിര്‍ത്തുവാന്‍ അനുവദിക്കില്ല. പൊതുദര്‍ശനത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായും, ഓരോ മണിക്കൂര്‍ ഇടവേളകളിലും, ചടങ്ങിന് ശേഷവും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കണം.
പൊതുദര്‍ശനത്തിന് എത്തുന്ന എല്ലാവരെയും തെര്‍മ്മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീര താപനില പരിശോധിച്ചതിന് ശേഷം മാത്രമേ പൊതുദര്‍ശനത്തിന് അനുവദിക്കൂ. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഏര്‍പ്പെടുത്തും. ഒരു സമയത്തും 20 പേരില്‍ കൂടുതല്‍ ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തണം. ഉത്തരവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടും മാത്രം പൊതുദര്‍ശനം സംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതും, ലംഘിക്കപ്പെട്ടാല്‍ സംഘാടകര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക