India - 2024
ഞാന്‍ നിര്‍ത്തി പോകുന്നില്ല, നിങ്ങള്‍ക്കൊപ്പം കാണും: മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍
സ്വന്തം ലേഖകന്‍ 06-04-2018 - Friday
ഇടുക്കി: കത്തോലിക്ക സഭയുടെ ശബ്ദം കേരളത്തില്‍ ഏറ്റവും ഉച്ചസ്ഥായിയില്‍ പ്രഘോഷിച്ച ഇടുക്കിയുടെ നല്ല ഇടയന്‍ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ശ്രദ്ധേയമായി. താന്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും, വിരമിക്കുന്നതു പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനല്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കരഘോഷത്തോടെയാണ് ജനം സ്വീകരിച്ചത്. കൂടുതല്‍ കരുത്തു നേടാനുള്ള ഊര്‍ജം നേടാനാണ് വിരമിക്കുന്നതെന്നും നല്ല യോഗ്യനായ പിതാവിനെ പിന്‍ഗാമിയായി തെരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ദൈവത്തിനു നന്ദി പറയുന്നുവെന്ന്‍ മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.
മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നല്ല ചിന്തകനാണ്. അദ്ദേഹം ജനത്തിനു കരുത്ത് പകരും. ചെറുപ്പക്കാരനായ പിതാവിനു എല്ലാവരെയും ഒന്നിച്ചു മുന്നോട്ടുനയിക്കാന്‍ ശക്തിയുണ്ട്. രൂപതയുടെ വികസനത്തിനും വളര്‍ച്ചയ്ക്കും അദ്ദേഹത്തിനു പദ്ധതി തയാറാക്കാന്‍ കഴിയും. കര്‍ഷകരെയും ഇടുക്കിയെയും പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ വാക്കുകളില്‍ വിമര്‍ശനം നടത്താനും ബിഷപ് തയാറായി. ഉദ്യോഗസ്ഥര്‍ നാട്ടിലെ ജനങ്ങളെ ഉപദ്രവിക്കാതെ അവരുടെ മനസ് മാറുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ആരെയും ഭയക്കാതെ കത്തോലിക്ക സഭയുടെ പ്രബോധനങ്ങള്‍ ഉറക്കെ പ്രഘോഷിച്ച, ജനിച്ചു വളര്‍ന്ന മണ്ണില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ വേദന ഏറ്റുവാങ്ങി അവര്‍ക്കു വേണ്ടി രംഗത്തിറങ്ങിയ ബിഷപ്പായിരിന്നു മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടില്‍. കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടാൻ കൂടുതൽ മക്കളെ സ്വീകരിക്കണമെന്നും മക്കള്‍ക്ക് വിശുദ്ധരുടെ പേരുകള്‍ നല്കണമെന്നും അടക്കമുള്ള നിരവധി ശക്തമായ ക്രൈസ്തവ ആശയങ്ങള്‍ തുറന്ന്‍ പറഞ്ഞിട്ടുള്ള ബിഷപ്പായിരിന്നു അദ്ദേഹം. മിശ്രവിവാഹത്തിന് എതിരെ ആഞ്ഞടിച്ച് സംസാരിച്ച അദ്ദേഹത്തിന്റെ വാക്കുകള്‍ കേരളത്തില്‍ ഉടനീളം ചര്‍ച്ചയ്ക്ക് വഴിതെളിയിച്ചിരിന്നു. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003-ല്‍ ആണ് ഇടുക്കി രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. രൂപതയുടെ പ്രഥമ മെത്രാനായിരിന്നു ആനിക്കുഴിക്കാട്ടില്‍ പിതാവ്.