Youth Zone

കാര്‍ളോക്കു പിന്നാലെ മാറ്റിയോ ഫരിനയും: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധനാകാൻ വീണ്ടുമൊരു കൗമാരക്കാരന്‍

സ്വന്തം ലേഖകന്‍ 08-05-2020 - Friday

വത്തിക്കാന്‍ സിറ്റി: പതിനൊന്നു വർഷങ്ങൾക്ക് മുൻപ് 2009ല്‍ മസ്തിഷ്കാര്‍ബുദം മൂലം മരണപ്പെട്ട ഇറ്റാലിയന്‍ കൗമാരക്കാരന്‍ മാറ്റിയോ ഫരിന ഉള്‍പ്പെടെ 5 പേരെ ഫ്രാന്‍സിസ് പാപ്പ ധന്യരായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ മെയ് 5ന് വത്തിക്കാന്‍ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ബെച്യുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പാപ്പ ഇറ്റാലിയന്‍ പുരോഹിതരായ ഫ്രാന്‍സെസ്കോ കരുസോ (1879-1951), കാമെലോ ഡെ പാല്‍മ (1876-1961), ഭാര്യ മരണപ്പെട്ടതിന് ശേഷം പൗരോഹിത്യം സ്വീകരിച്ച സ്പാനിഷ് വൈദികൻ ഫാ. ഫ്രാന്‍സിസ്കോ ബാരെചെഗൂരന്‍ മൊണ്ടാഗട്ട് (1881-1957) അദ്ദേഹത്തിന്റെ മകള്‍ മരിയ ഡെ ലാ കണ്‍സപ്സിയന്‍ ബാരെചെഗുരെന്‍ ഗാര്‍ഷ്യ എന്നിവരെയാണ് വീരോചിത പുണ്യപ്രവര്‍ത്തികളെ അംഗീകരിച്ച് ധന്യരായി പ്രഖ്യാപിച്ചിരിക്കുന്നത്.

1990-ല്‍ ഇറ്റലിയിലെ ബ്രിണ്ടീസിയില്‍ ജനിച്ച ഫരിന, വിശുദ്ധ ഫ്രാന്‍സിസിന്റേയും, വിശുദ്ധ പാദ്രെ പിയോയുടെയും മാതൃകയില്‍ അഗാധമായ ഭക്തിയിലാണ് ജീവിച്ചത്. ഡാന്‍സ്, സ്പോര്‍ട്ട്സ് എന്നീ മേഖലകളില്‍ തന്റേതായ മുദ്ര പതിപ്പിച്ച അവന്‍ ദൈവവചനവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ ഒൻപതാമത്തെ വയസ്സില്‍ നോമ്പുകാല പ്രവര്‍ത്തിയെന്ന നിലയില്‍ വിശുദ്ധ മത്തായിയുടെ സുവിശേഷം പൂര്‍ണ്ണമായും അവന്‍ വായിച്ച് തീര്‍ത്തു. ദിവസവും ജപമാല ചൊല്ലുന്നതും ഫരിനയുടെ പതിവായിരുന്നു. 2003-ലാണ് ഫരിനയിൽ തന്റെ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ആറു വര്‍ഷങ്ങളോളം ചികിത്സയ്ക്കും, നിരവധി ശാസ്ത്രക്രിയകള്‍ക്കും വിധേയനായ അവന്‍ പ്രാർത്ഥനയും ത്യാഗവും കൊണ്ട് തന്റെ രോഗ കാലയളവ് അനുഗ്രഹമാക്കി. പ്രധാനമായും തന്റെ ചികിത്സാകാലയളവില്‍ കന്യകാ മാതാവിന്റെ അമലോത്ഭവ ഹൃദയത്തോടുള്ള ഭക്തിയിലാണ് അവന്‍ ആഴപ്പെട്ടിരിന്നത്. 2009 ഏപ്രില്‍ 24-നു ഫരിന നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു.

സകല പാപങ്ങളില്‍ നിന്നും തന്റെ ഹൃദയത്തെ ശുദ്ധീകരിക്കുവാന്‍ തക്കവിധമുള്ള അഗാധമായ ഒരു ആത്മീയ പ്രതിബദ്ധത അവന്റെ ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നു എന്നാണ് ഫരിനക്കായി സമര്‍പ്പിക്കപ്പെട്ട വെബ്സൈറ്റില്‍ ഫരിനയുടെ വിശുദ്ധീകരണ നടപടികളുടെ പോസ്റ്റുലേറ്ററായ ഫ്രാന്‍സെസ്കാ കോണ്‍സോളിനി കുറിച്ചിരിക്കുന്നത്. "നിങ്ങള്‍ക്കത് ചെയ്യുവാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍, ലോകം നിങ്ങളുടെ മേല്‍ പതിച്ചതായി തോന്നുമ്പോള്‍, തീരുമാനങ്ങള്‍ നിര്‍ണ്ണായകമാവുമ്പോള്‍, പ്രവര്‍ത്തികള്‍ പരാജയമായി ഭവിക്കുമ്പോള്‍, ജോലിഭാരം നിങ്ങളുടെ ശക്തിയെ പരിമിതപ്പെടുത്തുമ്പോള്‍, നിങ്ങളുടെ ആത്മാവിനെ ശ്രദ്ധിക്കുക, പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുകയും അവന്റെ സ്നേഹം മറ്റുള്ളവരിലേക്ക് പകരുവാന്‍ ശ്രമിക്കുകയും ചെയ്യുക". - ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ പുണ്യ പുഷ്പം കുറിച്ച വാക്കുകളാണ്.

ആഴമായ ദിവ്യകാരുണ്യ ഭക്തിയില്‍ ജീവിച്ച് 2006ല്‍ പതിനഞ്ചാം വയസില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ കാര്‍ളോ അക്യൂറ്റിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പ നേരത്തെ അനുവാദം നല്‍കിയിരിന്നു. ഇതിന് പിന്നാലെ ഫരിനയുടെ നാമകരണവും കൂടി ത്വരിതഗതിയിലായതോടെ വിശുദ്ധ പദവിയിലേക്ക് ചേക്കേറുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വിശുദ്ധരുടെ ശ്രേണി പുതിയ തലങ്ങളിലേക്ക് മാറിയിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »