News - 2025

യൂറോപ്പേ നിനക്കിത് എന്തു പറ്റി? ഫ്രാന്‍സിസ് പാപ്പ ചോദിക്കുന്നു

സ്വന്തം ലേഖകന്‍ 07-05-2016 - Saturday

വത്തിക്കാന്‍: യൂറോപ്പിനെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. യൂറോപ്യന്‍ രാജ്യങ്ങളുടെ ഏകീകരണത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കപ്പെടുന്ന ചാര്‍ള്‍മേയ്ഗ് പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിലാണു പരിശുദ്ധ പിതാവ് തന്റെ കാഴ്ച്ചപാടുകള്‍ പങ്കുവച്ചത്. 'താന്‍ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് യൂറോപ്പിനു തന്നെ സമര്‍പ്പിക്കുക എന്ന ആഗ്രഹത്തോടെ'യാണെന്നു പറഞ്ഞുകൊണ്ടാണു മാര്‍പാപ്പ തന്റെ പ്രസംഗം ആരംഭിച്ചത്.

"പുനര്‍ജീവനം പ്രാപിക്കപ്പെട്ട ഒരു യൂറോപ്പാണു തന്റെ സ്വപ്നം. ആദ്ധ്യാത്മിക മേഖലയില്‍ നിന്ന്‍ വിട്ടു നിൽക്കുന്നതും ആലസ്യം നിറഞ്ഞ പ്രവര്‍ത്തനങ്ങളും യൂറോപ്പിന്റെ അന്തസിനു നിരക്കാത്ത കാര്യങ്ങളാണ്. നമുക്കെതിരേ വരുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ തന്നെ യോജിപ്പിനു കാരണമാകണം" മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

2014-ല്‍ താന്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അനുസ്മരിപ്പിച്ചു കൊണ്ടായിരുന്നു മാര്‍പാപ്പ തന്റെ പുതിയ പ്രതീക്ഷകള്‍ യൂറോപ്യന്‍ ജനതയുമായി പങ്കുവച്ചത്. പ്രായക്കൂടുതലും തളര്‍ച്ചയും കാരണം തളര്‍ന്ന വയോധികരെ പോലെയായി യൂറോപ്പ് മാറിയെന്ന് പാപ്പ അന്നു പറഞ്ഞിരുന്നു.

"സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രാജ്യമായ യൂറോപ്പേ...മനുഷ്യാവകാശങ്ങളുടെ നേതാവും മനുഷ്യത്വത്തിന്റെ പ്രതീകവുമായ യൂറോപ്പേ...കവികളുടേയും തന്ത്വചിന്തകരുടേയും കലാകാരന്‍മാരുടേയും അക്ഷര സ്‌നേഹികളായ മനുഷ്യരുടേയും നാടായ യൂറോപ്പേ....നിനക്ക് എന്താണു പറ്റിയത്. സഹോദരങ്ങളുടെ ജീവിതാന്തസിനും സ്വാതന്ത്ര്യത്തിനുമായി ജീവന്‍ ഹോമിച്ച ധീര പുരുഷന്‍മാരുടേയും വനിതകളുടേയും നാടായ യൂറോപ്പേ...നിനക്ക് എന്താണ് പറ്റിയത്" പിതാവ് പ്രസംഗത്തില്‍ ചോദിച്ചു.

യൂറോപ്പിന്റെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരോടിയ ഒന്നാണു വിവിധ സംസ്‌കാരങ്ങളെന്നും സ്‌കൂളുകളില്‍ ഇവ കുട്ടികള്‍ക്കായി പഠനവിഷയമാക്കണമെന്നും സംസ്‌കാരത്തിന്റെ വൈവിധ്യത്തിനാല്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങള്‍ നികത്തുവാന്‍ ഇതുസഹായിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

യൂറോപ്പില്‍ ജോലി ലഭിക്കാതെ മറ്റിടങ്ങളിലേക്കു പോകേണ്ടി വരുന്ന യുവജനങ്ങളെ നാം പ്രത്യേകം പരിഗണിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. "ഇത്തരത്തിലുള്ള യുവാക്കളെ പ്രക്ഷോഭകരായി കാണുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണം. യുവാക്കള്‍ ഭാവിയില്‍ മാത്രം കാര്യങ്ങള്‍ തീരുമാനിക്കുന്നവരല്ലെന്നും ഇപ്പോഴുള്ളത് അവരുടെ സമയമാണെന്നും" പാപ്പ ഉത്ബോധിപ്പിച്ചു. എല്ലാം വിറ്റഴിച്ച് അത് പണമാക്കി മാറ്റാന്‍ ശ്രമിക്കുന്ന സ്ഥിതി മാറ്റം വരുത്തണമെന്നും മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

ഒരു അമ്മയോട് യൂറോപ്പിനെ ഉപമിപ്പിച്ചുകൊണ്ടാണു മാര്‍പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. "ജീവന്‍ നല്‍കുവാന്‍ കഴിയുന്ന മാതൃത്വമായി യൂറോപ്പ് മാറണം. കാരണം മാതൃത്വം ജീവനെ വിലമതിക്കുന്നു, മാതൃത്വത്തില്‍ തന്നെ ജീവന്‍ അടങ്ങിയിരിക്കുകയും ചെയ്യുന്നു. ക്ഷീണവും വാര്‍ദ്ധക്യവും അനുഭവിക്കുന്നവരുടെ ആശ്രയമായി യൂറോപ്പ് മാറട്ടെ, സത്യന്ധതയുടെ ശുദ്ധവായൂ ശ്വസിക്കുവാന്‍ കഴിയുന്ന ഒരിടമായി ഇവിടം വളരട്ടെയെന്നും" ഫ്രാന്‍സിസ് മാര്‍പാപ്പ ആശംസിച്ചു.