Faith And Reason - 2024

'ഇതല്ലേ ദൈവീക ഇടപെടല്‍?': ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം ഡോ. ജോസ് പെരിയപ്പുറത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വന്തം ലേഖകന്‍ 11-05-2020 - Monday

കൊച്ചി: അന്യൂറിസം ബാധിച്ച് മസ്തിഷ്‌ക മരണമടഞ്ഞ ലാലി ടീച്ചറുടെ ഹൃദയം കോതമംഗലം സ്വദേശി ലീനയില്‍ തുടിച്ചുതുടങ്ങിയ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനിയിലൂടെ, മരിച്ച ലാലിടീച്ചറുടെ കുടുംബം ദാനം ചെയ്ത ഹൃദയം മൂന്നു മണിക്കൂര്‍ 52 മിനിറ്റിനുള്ളില്‍ ലീനയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ക്കാനായി. ലിസി ആശുപത്രിയില്‍ നടന്ന അതിസങ്കീര്‍ണ്ണമായ ഈ ദൌത്യത്തിന് ചുക്കാന്‍ പിടിച്ചത് പ്രശസ്ത ഹൃദയമാറ്റ ശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമായിരിന്നു.

ലാലി ടീച്ചറുടെ ഹൃദയം ലീനയുടെ ശരീരത്തില്‍ സ്പന്ദിക്കുവാന്‍ ആരംഭിച്ചപ്പോള്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് പറയാനുള്ളത് ഒന്നു മാത്രം, "ഇതല്ലേ ദൈവിക ഇടപെടല്‍". ഇന്നലെ രാത്രി പത്തു മണിയോടെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലാണ് വിജയത്തിനു പിന്നില്‍ ദൈവിക ഇടപെടലാണെന്നാണ് ഡോക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. ദീപികയുടെ പത്ര കട്ടിംഗ് സഹിതം അദ്ദേഹം പങ്കുവെച്ച കുറിപ്പില്‍ തന്റെ ഹൃദയമാറ്റ ജീവിതത്തില്‍ എല്ലായ്‌പ്പോഴും ഒരു ദൈവിക ഇടപെടല്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്മരിച്ചിട്ടുണ്ട്.

പോസ്റ്റ് ഇങ്ങനെ, " എന്റെ ഹൃദയമാറ്റ ജീവിതത്തില്‍, ഞാന്‍ എല്ലായ്‌പ്പോഴും ഒരു ദൈവീക ഇടപെടല്‍ അനുഭവിച്ചിട്ടുണ്ട്. സ്വീകര്‍ത്താവിന് തികച്ചും അപരിചിതമായ ഒരു കുടുംബം, ഏറ്റവും അപ്രതീക്ഷിതമായി മരിച്ച അവരുടെ ഏറ്റവും സ്‌നേഹവാനായ വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്യുക. ലോകത്തിന്റെ മറ്റൊരു കോണില്‍ ഒരു രോഗി അവയവം സ്വീകരിക്കുന്നു. അവരുടെ രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്നു, ശരീരഭാരം പൊരുത്തപ്പെടുന്നു, അവരുടെ എച്ച്എല്‍എ പൊരുത്തപ്പെടുന്നു. ഒരു കൂട്ടം മെഡിക്കല്‍ സംഘം നടപ്പിലാക്കുന്നു, സെക്കന്‍ഡുകളുടെ വിലയേറിയ സമയം പിന്തുടര്‍ന്ന്, ഹൃദയം എടുത്തത് മുതല്‍ ശരീരത്തില്‍ തുന്നിച്ചേര്‍ക്കുന്നതുവരെ നാലു മണിക്കൂര്‍ കവിയാതെ. പലപ്പോഴും റോഡിലൂടെയോ ആകാശത്തുകൂടെയോ അപകടകരമായ രീതിയില്‍ യാത്രചെയ്യുന്നു... (കഴിഞ്ഞ തവണ 2015ല്‍ ഞങ്ങള്‍ നേവല്‍ ഡോര്‍ണിയറില്‍ യാത്ര ചെയ്യുമ്പോള്‍ അവര്‍ ഞങ്ങളുടെ ഭാര്യമാരുടെ പേരും ഫോണ്‍ നമ്പറുകളും ചോദിച്ചിരുന്നു, ഏതെങ്കിലും സാഹചര്യത്തില്‍.!

മറ്റ് ഔദ്യോഗിക പ്രതിബദ്ധതകള്‍ റദ്ദാക്കുന്നു, ഒപ്പം വീട്ടിലെ പ്രിയപ്പെട്ടവര്‍ക്ക് നല്കിയ വാഗ്ദാനങ്ങളും. ഭരണകൂടവും പോലീസ് സേനയും സമയം ലാഭിക്കാന്‍ ഹരിത ഇടനാഴികള്‍ ഒരുക്കുമ്പോള്‍. പിറ്റേന്ന്, ഹൃദയസ്വീകര്‍ത്താവ് പുതുതായി പാട്ടത്തിനെടുത്ത ജീവിതത്തിലേക്ക് ഉണരുന്നു. പ്രിയ സുഹൃത്തുക്കളെ, നിങ്ങള്‍ ഇത് എങ്ങനെ നിര്‍വചിക്കും ഇത് ഒരു ദൈവിക ഇടപെടലല്ലേ, അല്ലയോ? ദാതാക്കളുടെ കുടുംബത്തിന്റെ പരോപകാര പ്രവര്‍ത്തനത്തിനും അത് നടപ്പിലാക്കുന്നതിനുള്ള ദൈവിക ഇടപെടലിനും മുന്നില്‍ ഞാന്‍ തല കുനിക്കുന്നു".

സംസ്ഥാനത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കും ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് ഒരു വ്യക്തിക്കു മാറ്റി വച്ച ശസ്ത്രക്രിയക്കും നേതൃത്വം നൽകിയ ഡോക്ടറാണ് ഡോ. പെരിയപ്പുറം. ദൈവീക അസ്ഥിത്വത്തെ നിഷേധിച്ച് ശാസ്ത്രം എല്ലാറ്റിനും അപ്പുറത്താണെന്ന വ്യാഖ്യാനത്തോടെ നിരീശ്വരവാദികള്‍ പ്രചരണം നടത്തുമ്പോള്‍ ലോകം ആദരവോടെ കാണുന്ന ഡോ. പെരിയപ്പുറത്തിന്റെ ദൈവ വിശ്വാസത്തില്‍ ആഴപ്പെട്ടുള്ള വാക്കുകള്‍ അനേകര്‍ക്ക് പ്രചോദനമേകുമെന്നാണ് മിക്കവരുടെയും പ്രതീക്ഷ.

റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ഗ്ലാസ്ഗോ, റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് ലണ്ടൻ എന്നിവയിലെ അംഗമായ ഡോ. പെരിയപ്പുറം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. 2011 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »