Daily Saints.

May 10: മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ്

സ്വന്തം ലേഖകന്‍ 10-05-2024 - Friday

വിശുദ്ധ അന്റോണിനൂസ് ചെറുപ്പത്തില്‍തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേരുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്‍റെ ആഗ്രഹവുമായി ഫ്ലോറെന്‍സിലെ സാന്താ മരിയാ നോവെല്ലാ ആശ്രമത്തില്‍ ചേരുവാനായി എത്തുന്ന സമയത്ത് വിശുദ്ധന് അവിടത്തെ മേലധികാരിയായിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ ഡൊമിനിസിയുടെ ഓഫീസിലെ മേശയുടെ പൊക്കം മാത്രമേ കഷ്ടിച്ച്‌ ഉണ്ടായിരുന്നുള്ളു. അതിനാല്‍ അവനെ ഒഴിവാക്കുന്നതിനായി അദ്ദേഹം വിശുദ്ധനോട് തിരികെ വീട്ടില്‍പോയി സഭാ നിയമ പ്രമാണങ്ങളായ ഗ്രാഷ്യന്‍ സമാഹാരം കാണാതെ പഠിച്ചിട്ടു വരുവാന്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ആ ചെറിയ ആണ്‍കുട്ടി ആ സഭാ നിയമങ്ങള്‍ മുഴുവന്‍ മനപാഠമാക്കിയിട്ട് തിരികെ വന്നു. തുടര്‍ന്ന് അവന്‍ ഡൊമിനിക്കന്‍ സഭാ വസ്ത്രം സ്വീകരിച്ചു.

വാഴ്ത്തപ്പെട്ട ജോണ്‍ നിര്‍മ്മിച്ച ഫിയെസോള്‍ ആശ്രമത്തിലെ നവസന്യാസാര്‍ത്ഥിമാരില്‍ ഒരാളായിരുന്നു വിശുദ്ധ അന്റോണിനൂസ്‌. ഭാവിയില്‍ ഒരു മഹാനായ കലാകാരനായി തീര്‍ന്ന ഫ്രാ ആഞ്ചെലിക്കോ വിശുദ്ധന്റെ ഒപ്പം അവിടെ ഉണ്ടായിരുന്നയാളായിരുന്നു. തന്റെ പൗരോഹിത്യപട്ട സ്വീകരണത്തിനു ശേഷം വിശുദ്ധന്‍ റോം, ഗയേഷ്യ, സിയന്ന, ഫിയെസോളെ തുടങ്ങിയ സ്ഥലങ്ങളിലും അവസാനമായി ഫ്ലോറെന്‍സിലേയും ആശ്രമങ്ങളിലെ പ്രിയോര്‍ ആയി സേവനം ചെയ്തു. ഫ്ലോറെന്‍സിലേ പ്രസിദ്ധമായ കോണ്‍വെന്റോ ഡി സാന്‍ മാര്‍ക്കോ ആശ്രമം വിശുദ്ധന്‍ സ്ഥാപിച്ചതാണ്. ഫ്രാ ആഞ്ചെലിക്കോയുടെ അമൂല്യമായ ചില കലാരചനകള്‍ ഈ ആശ്രമത്തില്‍ ഉണ്ട്.

1438-ലെ ഫ്ലോറെന്‍സിലെ കൂടിയാലോചനാ സമിതിയില്‍ പങ്കെടുക്കുവാനായി യൂജിന്‍ നാലാമന്‍ പാപ്പാ വിശുദ്ധനേ വിളിച്ചു. ഈ സമയത്താണ് സാന്‍ മാര്‍ക്കോ ആശ്രമത്തിലെ പ്രസിദ്ധമായ ഗ്രന്ഥാലയം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. 1446-ല്‍ വിശുദ്ധനു ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അദ്ദേഹം ഫ്ലോറെന്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായി, മെത്രാപ്പോലീത്തയായിരിന്നിട്ട് കൂടി വിശുദ്ധന്‍ ഒരു ഡൊമിനിക്കന്‍ സന്യാസിയുടേതായ വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പിന്നീട് അദ്ദേഹം നിരവധി ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും, തന്റെ രൂപതയ്ക്ക് ചുറ്റുമുള്ള ഇടവകകള്‍ സന്ദര്‍ശിക്കുകയും, ആഹോരാത്രം സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തുക്കുയും ചെയ്തു. കൂടാതെ രാഷ്ട്രീയ കക്ഷികള്‍ക്കും സഭക്കുമിയിടയില്‍ ഉണ്ടായ ഭിന്നിപ്പ് അദ്ദേഹം പരിഹരിച്ചു.

യൂജിന്‍ നാലാമന്‍ പാപ്പാ മരണശയ്യയിലായിരിക്കുമ്പോള്‍ വിശുദ്ധന്‍ റോമില്‍ ഉണ്ടായിരുന്നു. മാത്രമല്ല പിന്നീട് വന്ന പാപ്പാമാര്‍ ഭരണസമിതിയുടെ നവീകരണഘട്ടങ്ങളില്‍ വിശുദ്ധന്റെ അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. വിശുദ്ധ അന്റോണിനൂസ്‌ ഒരു വലിയ ദൈവശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു, ധാര്‍മ്മിക ദൈവശാസ്ത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ രചനകള്‍ മാറികൊണ്ടിരിക്കുന്ന ആ കാലഘട്ടത്തിലെ അമൂല്യ കൃതികളായി പരിഗണിക്കപ്പെടുന്നു.

വിശുദ്ധന്റെ മരണത്തിനു തൊട്ട് മുന്‍പ്‌ ഫ്ലോറെന്‍സ് നഗരം മാരകമായ പ്ലേഗ് ബാധയുടെ പിടിയിലായി, നിരവധി ഡൊമിനിക്കന്‍ ഫ്രിയാറുമാര്‍ മരണപ്പെട്ടു. ക്ഷാമം കാരണം ജനങ്ങള്‍ പട്ടിണിയിലായി. ആ സമയത്ത്‌ വിശുദ്ധന്‍ തനിക്കുള്ളതെല്ലാം വിറ്റ്‌ വിശക്കുന്നവരേയും, അഗതികളേയും സഹായിക്കുകയുണ്ടായി. പിന്നീട് വലിയ ഭൂകമ്പം ഫ്ലോറെന്‍സ് നഗരത്തെ താറുമാറാക്കിയപ്പോള്‍ വിശുദ്ധന്‍ നഗരപുനര്‍നിര്‍മ്മാണത്തില്‍ സഹായിക്കുകയും, നിരവധി ഭവനരഹിതര്‍ക്ക് തന്റെ ഭവനത്തില്‍ അഭയം നല്‍കുകയും ചെയ്തു.

1459 മെയ്‌ 2നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. പിയൂസ്‌ രണ്ടാമന്‍ പാപ്പാ വിശുദ്ധന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. വിശുദ്ധനെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന ഫ്ലോറെന്‍സിലെ ജനങ്ങള്‍ അവിടത്തെ പ്രസിദ്ധമായ ഉഫീസ്സി കൊട്ടാരത്തില്‍ വിശുദ്ധന്റെ പ്രതിമ സ്ഥാപിക്കുകയുണ്ടായി.

ഇതര വിശുദ്ധര്‍

1. സിസിലിയിലെ അല്‍ഫേയൂസ്, ഫിലഡെല്‍ഫൂസ്, സിറിനൂസ്

2. ലിമോജെസ് ബിഷപ്പായ അവുറേലിയന്‍

3. റോമന്‍കാരായ കലെപ്പോഡിയൂസ്, പല്‍മേഷിയൂസ്, സിമ്പ്ലിയൂസ്, ഫെലിക്സ്,

ബ്ലാന്‍റായും കൂട്ടരും

4. അയര്‍ലന്‍ഡ് ടറാന്‍റോ ബിഷപ്പായ കാറ്റല്‍ഡൂസ്

5. മിലാനിലെ നസാരിയൂസും സെല്‍സൂസും

6. ബാങ്കോര്‍ ആശ്രമത്തിലെ കോംഗാള്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »