Youth Zone - 2024

പതിനാലു വയസുള്ള പാക്ക് ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം ചെയ്തു

സ്വന്തം ലേഖകന്‍ 26-05-2020 - Tuesday

ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവ വിഭാഗത്തിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്തു നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നതു വീണ്ടും തുടര്‍ക്കഥയാകുന്നു. ഫൈസലാബാദിൽ മായിര ഷഹബാസ് എന്ന പതിനാല് വയസു മാത്രം പ്രായമുള്ള ക്രിസ്ത്യന്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യുകയും തുടര്‍ന്നു നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. മകളുടെ തിരോധാനത്തിനു ശേഷം മാതാവിന് ഹൃദയാഘാതമുണ്ടായി ആശുപത്രിയിലാണ്.

ഇസ്ലാം മത വിശ്വാസിയായ മുഹമ്മദ് നാഗേഷ് എന്നയാളാണ് ഏപ്രിൽ 28നു ആയുധങ്ങളുമായിയെത്തി മായിരയെ വീടിന് സമീപത്തുനിന്നും തട്ടിക്കൊണ്ടുപോയത്. കേസ് കോടതിയിലെത്തിയെങ്കിലും പ്രതികള്‍ക്ക് ഒപ്പമാണ് കോടതിയും നിലകൊണ്ടത്. മായിരയ്ക്ക് 14 വയസ്സാണെന്ന് തെളിയിക്കുന്ന ഇടവക, സ്കൂൾ രേഖകള്‍ മാതാപിതാക്കള്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും കണക്കിലെടുത്തില്ല. ഏകദേശം നൂറ്റമ്പതോളം ആളുകൾ മുഹമ്മദ് നാഗേഷിന് ഒപ്പം കോടതിയിലെത്തിയിരുന്നു.

കേസിൽ ലാഹോർ ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് മായിരയുടെ കുടുംബത്തിന്റെ അഭിഭാഷകനും, ക്രൈസ്തവ വിശ്വാസിയുമായ ഖലീൽ താഹിർ പറഞ്ഞു. വേണ്ടിവന്നാൽ സുപ്രീം കോടതിയിൽ പോകാനും മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശരിയത്ത് നിയമം അല്ലാത്ത നിയമങ്ങൾ, ഇസ്ലാം മത വിശ്വാസികൾക്ക് ബാധകമല്ലെന്നും അതിനാലാണ് ഇത്തരത്തിലുള്ള ശൈശവ വിവാഹങ്ങൾ അധികൃതർ അംഗീകരിക്കുന്നതെന്നും എയിഡ് ടു ദി ചർച്ച് ഇൻ നീഡ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ മാധ്യമ വിഭാഗം തലവനായ ജോൺ പൊന്തിഫിക്സ് പ്രീമിയർ യുകെ എന്ന മാധ്യമത്തോട് പറഞ്ഞു.

പാക്കിസ്ഥാനിലെ ചില സ്ഥലങ്ങളിൽ ശൈശവ വിവാഹങ്ങൾ വിലക്കിയിട്ടുണ്ടെങ്കിലും, മത നിയമങ്ങൾക്കാണ് പ്രഥമ പരിഗണന ലഭിക്കുന്നത്. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന നിയമത്തിനു മുന്നിൽ മായിരയുടെ കുടുംബം അശക്തരാണെന്നും ജോൺ പൊന്തിഫിക്സ് ചൂണ്ടിക്കാട്ടി. മൂവ്മെൻറ് ഫോർ സോളിഡാരിറ്റി ആൻഡ് പീസ് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട് പ്രകാരം പ്രതിവർഷം ആയിരത്തോളം ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികളെ പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടു പോകലിന് ഇരകളാകാറുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഇവരെ വിവാഹം കഴിക്കുകയാണ് പതിവ്. കോടതിയില്‍ നിന്നു പോലും ഇവര്‍ക്ക് നീതി ലഭിക്കാറില്ല.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »